മലപ്പുറത്തിനെതിരായ സ്വര്‍ണക്കടത്ത് പരാമര്‍ശം ഉള്‍പ്പെടുത്താന്‍ പറഞ്ഞത് പി.ആര്‍.ഏജന്‍സി; വിശദീകരണവുമായി ദി ഹിന്ദു
Kerala News
മലപ്പുറത്തിനെതിരായ സ്വര്‍ണക്കടത്ത് പരാമര്‍ശം ഉള്‍പ്പെടുത്താന്‍ പറഞ്ഞത് പി.ആര്‍.ഏജന്‍സി; വിശദീകരണവുമായി ദി ഹിന്ദു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st October 2024, 8:25 pm

ന്യൂദല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിമുഖത്തില്‍ നടത്തിയ മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഉള്‍പ്പെടുത്തിയതെന്ന് ദി ഹിന്ദു. പി.ആര്‍ ഏജന്‍സി നല്‍കിയ പ്രസ്താവനകള്‍ അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ദി ഹിന്ദു എഡിറ്റര്‍ പറഞ്ഞു.

നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ മലപ്പുറം പരാമര്‍ശത്തിനെതിരെ ഇന്നലെ കോഴിക്കോട് നടന്ന പൊതുയോഗത്തില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. തുടര്‍ന്ന് പരാമര്‍ശം വന്‍ വിവാദമാവുകയുണ്ടായി. പിന്നാലെ പ്രസിദ്ധീകരണത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി അതൃപ്തി അറിയിച്ച് ഹിന്ദുവിന് കത്തയച്ചതിനെ തുടര്‍ന്നാണ് വിശദീകരണം.

സ്വര്‍ണകടത്ത്, ഹവാല തുടങ്ങിയ വിഷയങ്ങളില്‍ മുന്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ അഭിമുഖത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞത് പി.ആര്‍ ഏജന്‍സിയാണെന്നാണ് ദി ഹിന്ദു വെളിപ്പെടുത്തിയത്. ഇത്തരത്തിലുള്ള പരാമര്‍ശം മുഖ്യമന്ത്രിയുമായി നടന്ന അഭിമുഖത്തിലേതെന്ന പേരില്‍ നല്‍കിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വിശദീകരണക്കുറിപ്പില്‍ ദി ഹിന്ദു എഡിറ്റര്‍ പറഞ്ഞു.

‘കൈസന്‍ എന്ന പി.ആര്‍ ഏജന്‍സി മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം വാഗ്ദാനം ചെയ്ത് ഹിന്ദുവിനെ സമീപിച്ചു. സെപ്റ്റംബര്‍ 29ന് ഒമ്പത് മണിക്ക് കേരള ഹൗസില്‍ വെച്ച് മാധ്യമപ്രവര്‍ത്തക മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തുമ്പോള്‍ പി.ആര്‍ ഏജന്‍സിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നു. 30 മിനുട്ട് ദൈര്‍ഘ്യമുണ്ടായിരുന്നു അഭിമുഖത്തിന്. തുടര്‍ന്ന് പി.ആര്‍ ഏജന്‍സിയുടെ പ്രതിനിധികളില്‍ ഒരാള്‍ നേരത്തെ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പ്രസ്താവനകളാണെന്ന് ചൂണ്ടിക്കാട്ടി സ്വര്‍ണകടത്തിലെയും ഹവാല ഇടപാടിന്റെയും വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നല്‍കുകയായിരുന്നു. ഇവ പ്രസ്താവനയില്‍ ഉള്‍പ്പെടുത്താന്‍ രേഖാപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഇക്കാര്യങ്ങള്‍ നിരസിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അഭിമുഖത്തിലേതെന്ന പേരില്‍ നല്‍കിയത് മാധ്യമ ധാര്‍മികതയ്ക്ക് വിരുദ്ധമാണ്. ഇത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ഇത്തരത്തിലൊരു തെറ്റുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നു,’ എഡിറ്റര്‍ ദി ഹിന്ദു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

അതേസമയം ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിനെതിരെ ഉയരുന്ന വിവാദങ്ങളില്‍ പത്രാധിപര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നു. ഹിന്ദുവിന്റെ റിപ്പോര്‍ട്ടിങ്ങില്‍ അതൃപ്തിയുണ്ടെന്നും പത്രം തെറ്റ് തിരുത്തണമെന്നും കത്തില്‍ പറഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് സംബന്ധിച്ച പരാമര്‍ശത്തിലാണ് കത്തയച്ചത്.

മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി അഭിമുഖത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ദേശവിരുദ്ധം, സംസ്ഥാന വിരുദ്ധം എന്നീ വാക്കുകള്‍ മുഖ്യമന്ത്രിയുടേതല്ലെന്നും കത്തില്‍ പറയുന്നുണ്ട്.

Content Highlight: PR agency said to include mention gold smuggling against malappuram; the hindu with explanation