തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിനിയായ അനുപമ ചന്ദ്രന്റെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.
ചോര കുഞ്ഞിനെ കാണാനില്ല എന്ന ഒരു അമ്മയുടെ പരാതി അവഗണിക്കരുതെന്നും കുഞ്ഞിനെ ചേര്‍ത്തു പിടിക്കാനുള്ള അവകാശം ഒരമ്മയുടേതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ചോര കുഞ്ഞിനെ കാണാനില്ല എന്ന ഒരു അമ്മയുടെ പരാതി അവഗണിക്കരുത്. അവരുടെ പരാതി അധികാരികള്‍ കേട്ടില്ല, കണ്ടില്ല എന്നത് അക്ഷന്തവ്യമായ തെറ്റാണ്.കുഞ്ഞിനെ ചേര്‍ത്തു പിടിക്കാനുള്ള അവകാശം ഒരമ്മയുടേതാണ്.
പൊലീസ്, ശിശു ക്ഷേമ സമിതി തുടങ്ങിയ സംവിധാനങ്ങള്‍ക്കെതിരെ അമ്മ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്.
മുഖ്യമന്ത്രി, സാമൂഹിക നീതി വകുപ്പ് മന്ത്രി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി എന്നിവര്‍ കാര്യം മനസ്സിലായിട്ടും പരാതി പരിഹരിക്കാന്‍ ഒന്നും ചെയ്തില്ല,’ വി.ഡി സതീശന്‍ പറഞ്ഞു.
ഒരമ്മ കുഞ്ഞിനെ തേടി അലയുന്ന ദാരുണ സ്ഥിതിക്ക് അവസാനം ഉണ്ടാക്കണമെന്നും വ്യക്തിപരമായ കാര്യങ്ങളോ രാഷ്ട്രീയമോ ഒക്കെ കലര്‍ത്താന്‍ വരട്ടെയെന്നും ആദ്യം കുഞ്ഞിനെ കാണാനില്ല എന്ന പരാതിക്ക് സമാധാനം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അനുപമ നിയമപരമായി നീങ്ങിയാല്‍ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും കുഞ്ഞിനെ അമ്മക്ക് ലഭിക്കണം എന്ന് തന്നെയാണ് പാര്‍ട്ടി നിലപാട് എന്ന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നേരത്തെ അറിയിച്ചിരുന്നു.
കുഞ്ഞിനെ കാണാതായ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്കെതിരെ വലിയ വിമര്‍ശനമുയര്‍ത്തിരുന്നു. പ്രസവിച്ച് മൂന്നാം ദിവസം അനുപമയുടെ മാതാപിതാക്കള്‍ എടുത്ത് മാറ്റിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാര്‍ക്ക് ദത്ത് നല്‍കിയെന്നാണ് പുറത്തു വരുന്ന വിവരം.
ആദ്യഘട്ടമെന്ന നിലയില്‍ താല്‍ക്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോടതിയില്‍ നടക്കുകയാണ്.
കുഞ്ഞിനെ തേടി അനുപമയും ഭര്‍ത്താവും രംഗത്തെത്തിയിട്ടും ഇതില്‍ പരാതി നിലനില്‍ക്കെയും ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശിശുക്ഷേമ സമിതി ശ്രമിക്കുന്നതെന്ന് അനുപമയും ഭര്‍ത്താവ് അജിത്തും ആരോപിച്ചിരുന്നു.
ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായ ഷിജു ഖാനെതിരെയാണ് ഇരുവരും ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.
നിലവില്‍ പേരൂര്‍ക്കട പൊലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണെന്നും അന്വേഷണത്തില്‍ മേല്‍നോട്ട വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അനുപമ വ്യക്തമാക്കിയിട്ടുണ്ട്.