തിരുവനന്തപുരം: കെ.എം മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റ് പോലും അധികം നല്‍കില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. മാണിയുടെ നിലവിലെ സീറ്റുകളില്‍ തന്നെ വെച്ചുമാറലുകള്‍ വേണ്ടി വരുമെന്നും തങ്കച്ചന്‍ പറഞ്ഞു.
ഒരു കക്ഷിക്കും സീറ്റ് കൂട്ടി നല്‍കിയിട്ടില്ല. അങ്ങനെ നല്‍കുമ്പോള്‍ മറ്റു കക്ഷികളും അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങും. അതുകൊണ്ട് ആര്‍ക്കും സീറ്റ് കൂട്ടിനല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂഞ്ഞാര്‍ സീറ്റ് കോണ്‍ഗ്രസിന് കിട്ടിയാല്‍ വിജയിക്കുമെന്നും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തങ്കച്ചന്‍ പറഞ്ഞു. പൂഞ്ഞാര്‍ സീറ്റിന്റെ കാര്യത്തില്‍ ചില വെച്ചുമാറലുകള്‍ വേണ്ടി വരും.
അങ്കമാലിയുടെ കാര്യത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. അങ്കമാലി അല്ലെങ്കില്‍ വേറെ സീറ്റ് നല്‍കുന്ന കാര്യത്തിലും ജോണി നെല്ലൂരിനെ പരിഗണിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്നും തങ്കച്ചന്‍ പറഞ്ഞു. അങ്കമാലി തിരിച്ചെടുക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്.
കേരള കോണ്‍ഗ്രസ് ജേക്കബ്ബിന്റെ ആവശ്യം തള്ളയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരള കോണ്‍ഗ്രസ് എമ്മിന് ന്യായമായും ഒരു സീറ്റ് കിട്ടേണ്ടതാണെന്ന് പ്രിന്‍സ് ലൂക്കോസ് പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.