മൂന്നാര്‍സമരം യൂണിയനുകളുടെ കണ്ണുതുറപ്പിക്കേണ്ടതാണെന്നും മൂന്നാറിലെ തൊഴിലാളികള്‍ ഉന്നയിച്ച ഭൂരിപക്ഷം ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇത്തരത്തിലൊരു സമരരീതിയും അതിലേക്ക് നയിച്ച സാഹചര്യവും എല്ലാ തൊഴിലാളി യൂണിയനുകളും കണ്ണുതുറന്നുകാണണമെന്നും അദ്ദേഹം പറഞ്ഞു.
“യൂണിയനുകളെ മാറ്റിനിര്‍ത്തി തൊഴിലാളികള്‍ നേരിട്ട് സമരരംഗത്തേക്ക് പോകുന്നത് നല്ല സൂചനയല്ല. യൂണിയനുകള്‍ക്ക് അടുക്കുംചിട്ടയും നേതൃത്വവും ഉണ്ടാകും. മറിച്ചുള്ളവര്‍ക്ക് അങ്ങനെയൊന്നുമില്ല. വനിതകള്‍ രംഗത്തിറങ്ങി യൂണിയനുകളെ മാറ്റാന്‍ ശ്രമിച്ചാല്‍ കാര്യങ്ങള്‍ എവിടെച്ചെന്ന് അവസാനിക്കുമെന്നതും ആലോചിക്കേണ്ടതുണ്ട്.” തങ്കച്ചന്‍ വ്യക്തമാക്കി.
ഇതിന്റെ പേരില്‍ യൂണിയനുകളെല്ലാം പിരിച്ചുവിടണമെന്ന അഭിപ്രായമില്ലെന്നും അരുവിക്കരയിലെ രാഷ്ട്രീയസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തദ്ദേശതെരഞ്ഞെടുപ്പിലും യു.ഡി.എഫിനുതന്നെയാണ് വിജയസാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.