എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജലിനെ സ്ഥാനത്തു നിന്നും നീക്കി
Kerala
എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജലിനെ സ്ഥാനത്തു നിന്നും നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th September 2021, 10:03 am

മലപ്പുറം: എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജലിനെ സ്ഥാനത്തു നിന്നും നീക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. എം.എസ്.എഫിന്റേയും ലീഗിന്റേയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഷൈജലിനെ നീക്കിയതായി ലീഗ് സംസ്ഥാന സമിതി അറിയിച്ചു.

ഹരിത വിഷയവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുന്‍പ് ഷൈജല്‍ മാധ്യമങ്ങളെ കണ്ടിരുന്നു. സത്യത്തിന്റെ കൂടെ മാത്രമേ നില്‍ക്കുകയുള്ളൂവെന്നും ഹരിതയ്ക്ക് നീതി ലഭിച്ചിട്ടില്ലെന്നും പുതിയ ഹരിത ഭാരവാഹികളെ പ്രഖ്യാപിക്കുമ്പോള്‍ എം.എസ്.എഫ് നേതൃത്വവുമായി കൂടിയാലോചനകള്‍ നടത്തിയിട്ടില്ലെന്നും ഷൈജല്‍ ആരോപിച്ചിരുന്നു.

അഭിപ്രായം പറയുന്നവരെ ഒറ്റപ്പെടുത്തി വേട്ടയാടുന്ന സ്ഥിതിയാണ് പാര്‍ട്ടിയിലുള്ളത്. ഹരിത വിഷയത്തില്‍ ലീഗിന് രണ്ടു നിലപാടുണ്ടായിരുന്നുവെന്ന തന്റെ ശബ്ദരേഖ എം.എസ്.എഫ് ഔദ്യോഗിക വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചോര്‍ന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഷൈജല്‍ ആരോപിച്ചിരുന്നു.

എം.എസ്.എഫ്. പ്രസിഡന്റിനെതിരെ വൈസ് പ്രസിഡന്റ് തന്നെ രംഗത്തെത്തുന്നത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് കാണിച്ചാണ് ഇപ്പോള്‍ മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഷൈജലിനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയത്.

എം.എസ്.എഫിന്റെ എല്ലാ സമരമുഖങ്ങളിലും പ്രതിഷേധ പരിപാടികളിലും സജീവസാന്നിധ്യമായിരുന്നു ഷൈജല്‍. അതേസമയം പി.പി. ഷൈജലിനെതിരെ നടപിയെടുത്തതില്‍ എം.എസ്.എഫ് നേതൃത്വത്തില്‍ ഭിന്നതയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

അതേസമയം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരായ പരാതിയില്‍ ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുക.
ഐ.പി.സി 164-ാം വകുപ്പ് പ്രകാരം നജ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക. ലൈംഗിക അധിക്ഷേപ പരാതിയില്‍ വെള്ളയില്‍ പൊലീസ് എടുത്ത കേസിന്റെ തുടര്‍നടപടിയാണിത്. അതേസമയം ഹരിത മുന്‍ ഭാരവാഹികള്‍ ഇന്ന് കോഴിക്കോട് വാര്‍ത്ത സമ്മേളനവും വിളിച്ചിട്ടുണ്ട്.

നേരത്തെ ഹരിത നേതാക്കളെ പിന്തുണച്ചതിന് പിന്നാലെയായിരുന്നു ഫാത്തിമ തഹ്‌ലിയയെ എം.എസ്. എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. ഹരിത വിവാദത്തില്‍ ഫാത്തിമ തഹ്‌ലിയ നടത്തിയത് കടുത്ത അച്ചടക്ക ലംഘനമാണെന്നായിരുന്നു ലീഗിന്റെ നിലപാട്.

പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മറ്റിക്ക് പകരമായി പുതിയ കമ്മറ്റി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫാത്തിമ തഹ്ലിയയെ സ്ഥാനത്ത് നിന്ന് മാറ്റിയത്.

നേരത്തെ ഹരിത വിവാദത്തില്‍ ഫാത്തിമ തഹ്‌ലിയ പത്രസമ്മേളനം നടത്തിയിരുന്നു. എം.എസ്.എഫ് നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചതുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ക്രൂരമായ വ്യക്തിഹത്യയ്ക്ക് ഹരിത നേതാക്കള്‍ ഇരയാകുന്നുവെന്നും തങ്ങളുന്നയിച്ച വിഷയങ്ങളില്‍ മാതൃകാപരമായ നടപടി ലീഗ് നേതൃത്വം സ്വീകരിക്കുമെന്നുറപ്പുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മറ്റിക്ക് പകരം ഞായറാഴ്ചയാണ് പുതിയ സംസ്ഥാന കമ്മറ്റി ലീഗ് പ്രഖ്യാപിച്ചത്. ലീഗ് സെക്രട്ടറി പി.എം.എ. സലാമാണ് ഹരിതയുടെ പുതിയ കമ്മറ്റി പ്രഖ്യാപിച്ചത്.

പിരിച്ചുവിട്ട സംസ്ഥാന കമ്മറ്റിയില്‍ ട്രഷററായിരുന്ന പി.എച്ച്. ആയിഷ ബാനുവാണ് ഹരിതയുടെ പുതിയ അധ്യക്ഷ. ജനറല്‍ സെക്രട്ടറിയായി റുമൈസ റഫീഖിനെയും ട്രഷററായി നയന സുരേഷിനെയുമാണ് തെരഞ്ഞെടുത്തത്.

ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിത നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് വിഷയം വലിയ മാധ്യമശ്രദ്ധ നേടിയത്.

വിവാദം ശക്തമായതോടെ ഹരിത നേതാക്കളുമായി ലീഗ് നേതൃത്വം യോഗം ചേരുകയും ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപിതനായ പി.കെ. നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

ഇതിനെ തുടര്‍ന്ന് പി.കെ. നവാസ് അടക്കമുള്ള നേതാക്കള്‍ ഫേസ്ബുക്കിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ലീഗില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

എം.എസ്.എഫ്. നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കില്ലെന്ന് ഹരിത നേതാക്കള്‍ നിലപാട് എടുക്കുകയും ചെയ്തിരുന്നു. പി.കെ. നവാസിന്റെത് ഖേദപ്രകടനമല്ലെന്നും നടപടി ഖേദപ്രകടനത്തില്‍ ഒതുക്കിയാല്‍ പോരെന്നുമായിരുന്നു ഹരിതയുടെ നിലപാട്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് ഹരിത നേതാക്കള്‍ പറഞ്ഞത്.

ഹരിത പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹരിത അംഗങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വിഷയത്തില്‍ പരാതി നല്‍കിയതിന്റെ പേരില്‍ കൂട്ടായ്മ പിരിച്ചു വിടുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു പരാതി നല്‍കിയ ഹരിതയുടെ ഭാരവാഹികളായിരുന്നവര്‍ പറഞ്ഞത്. വനിത കമ്മിഷനില്‍ നല്‍കിയ പരാതി ഒരുകാരണവശാലും പിന്‍വലിക്കില്ലെന്നാണ് ഹരിത മുന്‍ നേതാക്കളുടെ നിലപാട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PP Shijal removed from the post of msf vice president