| Saturday, 25th September 2021, 4:17 pm

ആര്‍.എസ്.എസില്‍ നിന്നുള്ളവരെ ബി.ജെ.പി പ്രസിഡന്റാക്കേണ്ട; ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ടത്തരമെന്നും പി.പി. മുകുന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രന്‍ മാറണമെന്ന് മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്‍. കുഴല്‍പ്പണം, കോഴ കേസ് അടക്കം ഉയര്‍ന്ന സാഹചര്യത്തില്‍ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുനിന്ന് സുരേന്ദ്രന്‍ മാറണമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര തീരുമാനം ഉടനുണ്ടാകണമെന്നും മുകുന്ദന്‍ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു പ്രസ്താവന നല്‍കാന്‍ പോലും കരുത്തില്ലാതെ ബി.ജെ.പി ദുര്‍ബലമായി മാറിയെന്നും മുകുന്ദന്‍ പറഞ്ഞു.

‘നിരാശരും നിഷ്‌ക്രിയരും നിലംഗരുമായി പ്രവര്‍ത്തകര്‍ മാറിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. ആര്‍. എസ്.എസില്‍ നിന്ന് പുതിയൊരാളെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരരുത്. പഴയ, കഴിവ് തെളിയിച്ച ഒരാളെ നേതൃത്വത്തിലേക്ക് കൊണ്ടുവരണം,’ അദ്ദേഹം പറഞ്ഞു.

ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനത്ത് ഉയര്‍ത്തിക്കാട്ടിയത് ബുദ്ധിശൂന്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടേയും കുഴല്‍-കള്ളപ്പണ ഇടപാടുകളുടേയും പശ്ചാത്തലത്തില്‍ പ്രതിക്കൂട്ടിലായ സുരേന്ദ്രനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെ രണ്ട് മണ്ഡലങ്ങളിലെ മത്സരവും ഹെലികോപ്ടറും 35 സീറ്റ് കിട്ടിയാല്‍ ഭരിക്കുമെന്ന പ്രസ്താവനയുമെല്ലാം തിരിച്ചടിയായെന്ന് പാര്‍ട്ടിക്കുള്ളില്‍ വിലയിരുത്തലുമുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് സുരേന്ദ്രനെ മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ വന്നത്. രണ്ട് വര്‍ഷം മുന്‍പാണ് സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്.

മൂന്ന് വര്‍ഷമാണ് അധ്യക്ഷന്‍മാരുടെ കാലാവധി. ഇതിന് മുന്‍പ് കുമ്മനം രാജശേഖരനും പി.എസ്. ശ്രീധരന്‍പിള്ളയും അധ്യക്ഷന്‍മാരായപ്പോഴും കാലാവധി പൂര്‍ത്തിയാക്കാനായിരുന്നില്ല.

കേരളത്തില്‍ ബി.ജെ.പിയുടെ പ്രകടനത്തില്‍ ദേശീയ നേതൃത്വം അതൃപ്തരാണ്. ഇത്തവണ ബി.ജെ.പിക്ക് ഉണ്ടായിരുന്ന ഒരു സീറ്റും പോയി 2% വോട്ടു കുറഞ്ഞു.

പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപി, വത്സന്‍ തില്ലങ്കേരി, എം.ടി. രമേശ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PP Mukundan on BJP Conflict K Suerndran RSS E Sreedharan

We use cookies to give you the best possible experience. Learn more