തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രന്‍ മാറണമെന്ന് മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്‍. കുഴല്‍പ്പണം, കോഴ കേസ് അടക്കം ഉയര്‍ന്ന സാഹചര്യത്തില്‍ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുനിന്ന് സുരേന്ദ്രന്‍ മാറണമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര തീരുമാനം ഉടനുണ്ടാകണമെന്നും മുകുന്ദന്‍ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു പ്രസ്താവന നല്‍കാന്‍ പോലും കരുത്തില്ലാതെ ബി.ജെ.പി ദുര്‍ബലമായി മാറിയെന്നും മുകുന്ദന്‍ പറഞ്ഞു.
‘നിരാശരും നിഷ്‌ക്രിയരും നിലംഗരുമായി പ്രവര്‍ത്തകര്‍ മാറിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. ആര്‍. എസ്.എസില്‍ നിന്ന് പുതിയൊരാളെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരരുത്. പഴയ, കഴിവ് തെളിയിച്ച ഒരാളെ നേതൃത്വത്തിലേക്ക് കൊണ്ടുവരണം,’ അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെയാണ് സുരേന്ദ്രനെ മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ വന്നത്. രണ്ട് വര്‍ഷം മുന്‍പാണ് സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്.
മൂന്ന് വര്‍ഷമാണ് അധ്യക്ഷന്‍മാരുടെ കാലാവധി. ഇതിന് മുന്‍പ് കുമ്മനം രാജശേഖരനും പി.എസ്. ശ്രീധരന്‍പിള്ളയും അധ്യക്ഷന്‍മാരായപ്പോഴും കാലാവധി പൂര്‍ത്തിയാക്കാനായിരുന്നില്ല.