| Wednesday, 14th July 2021, 4:59 pm

സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണം: പി.പി. മുകുന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊടകര കള്ളപ്പണക്കേസ് അന്വേഷണം അവസാനിക്കും വരെ കെ. സുരേന്ദ്രന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് പി.പി. മുകുന്ദന്‍. കേസില്‍ ബന്ധമില്ലെന്ന് തെളിഞ്ഞാല്‍ സുരേന്ദ്രന് വീണ്ടും ചുമതലയേല്‍ക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്ക് ഏറെ വിഷമമുണ്ടാക്കിയ സംഭവമാണ് കൊടകര കള്ളപ്പണ ആരോപണമെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

‘സുരേന്ദ്രന്‍ മാതൃക കാണിക്കണമായിരുന്നു. അന്വേഷണം നേരിടുന്ന വ്യക്തി പാര്‍ട്ടി അധ്യക്ഷനായി തുടരുന്നതില്‍ അര്‍ത്ഥമില്ല. സഹപ്രവര്‍ത്തകരില്‍ അത് വലിയ സംശയമുണ്ടാക്കും,’ പി.പി. മുകുന്ദന്‍ പറഞ്ഞു.

നേരത്തെ സുരേന്ദ്രന്‍ പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തൃശൂര്‍ പൊലീസ് ക്ലബ്ബിലാണ് അദ്ദേഹം ഹാജരായത്.

ബി.ജെ.പി. നേതാക്കളോടൊപ്പമാണ് കെ. സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു സുരേന്ദ്രനെ അനുഗമിച്ചിരുന്നു. ചോദ്യം ചെയ്യലിന് വിളിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണെന്നും വാദിയുടെ കോള്‍ രേഖകള്‍ പരിശോധിച്ച് ആളുകളെ ചോദ്യം ചെയ്യാന്‍ വിളിക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കേസില്‍ നിരവധി ബി.ജെ.പി. നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. അതിന്റ ഒടുവിലാണ് കെ. സുരേന്ദ്രനിലേക്കും അന്വേഷണമെത്തിയത്. പണത്തിന്റെ ഉറവിടം, എന്തൊക്കെ ആവശ്യത്തിനാണ് ഈ പണം ഉപയോഗിച്ചത്, ധര്‍മരാജന്‍ എന്തിനാണ് കവര്‍ച്ച സമയത്ത് കെ. സുരേന്ദ്രനെയും മകനെയും വിളിച്ചത് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കെ. സുരേന്ദ്രനില്‍ നിന്ന് അറിയേണ്ടത്.

കെ. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടില്‍ നേരിട്ടെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കിയത്. കുഴല്‍പ്പണം നഷ്ടപ്പെട്ട ഉടനെ ധര്‍മരാജന്‍ വിളിച്ചത് ഏഴ് ബി.ജെ.പി. നേതാക്കളെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PP Mukundan K Surendran BJP

We use cookies to give you the best possible experience. Learn more