കോഴിക്കോട്: സംസ്ഥാനത്ത് ബി.ജെ.പി നേതൃത്വത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കിയെന്ന് മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്‍. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്നത് രഹസ്യമല്ല. ഏതുസ്വരം അപസ്വരമാണെങ്കിലും അത് ദോഷമാണ്. അത് പരിഹരിക്കണം.
ഈ വിഷയത്തില്‍ കേന്ദ്രനേതൃത്വം സംസ്ഥാന ഭാരവാഹികള്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കിയതായി വാര്‍ത്തകള്‍ ഉണ്ട്. ഇതിന്റെ നിജസ്ഥിതി ഉത്തരവാദിത്തപ്പെട്ടവര്‍ പ്രവര്‍ത്തകരെ അറിയിക്കണം. അനുകൂല സന്ദര്‍ഭങ്ങളുണ്ടായിട്ടും ദേശീയതലത്തിലേതിനനുസൃതമായി വോട്ടുകളാക്കുന്നതില്‍ ബി.ജെ.പി വിജയിക്കുന്നില്ല. ഇതില്‍ ഗൗരവ പരിശോധന വേണമെന്നും മുകുന്ദന്‍ പറഞ്ഞു.
അതേസമയം പാര്‍ട്ടിക്കെതിരെ മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തിയത് കേന്ദ്രനേതൃത്വം ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ദല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാന നേതൃത്വം അടുത്ത ദിവസം തന്നെ കോര്‍ കമ്മിറ്റി യോഗം വിളിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ശോഭാ സുരേന്ദ്രനുമായി കേന്ദ്രനേതൃത്വം കാര്യങ്ങള്‍ നേരിട്ട് സംസാരിക്കുമന്നാണ് അറിയുന്നത്. വി.മുരളീധരനും കെ. സുരേന്ദ്രനും തമ്മിലുള്ള കൂടിയാലോചനകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാനടക്കം കോര്‍ കമ്മിറ്റി വിളിച്ചില്ലെന്നും പാര്‍ട്ടിയില്‍ കൂട്ടായ്മ ഇല്ലെന്ന നേതാക്കളുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്നുമുള്ള നിലപാടിലാണ് ദേശീയ നേതൃത്വം.
പാര്‍ട്ടിയില്‍ നിന്നും നേരിട്ട അവഗണനയില്‍ മനംമടുത്താണ് വിമത സ്വരം ഉന്നയിച്ചുകൊണ്ട് നേതാക്കള്‍ രംഗത്തെത്തിയത്. ഇത് മനസിലാക്കിക്കൊണ്ടു തന്നെയാണ് ആര്‍.എസ്.എസ് ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടതും.
കെ.സുരേന്ദ്രനുമായും മുരളീധരനുമായും ശോഭാ സുരേന്ദ്രനുമായും ആര്‍.എസ്.എസ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്‌നത്തില്‍ ദേശീയ നേതൃത്വം നേരിട്ട് ഇടപെട്ടേക്കില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ പാര്‍ട്ടിക്ക് പുറത്ത് അഭിപ്രായ പ്രകടനം പാടില്ലെന്ന വിലക്ക് നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് അറിയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: P.P Mukundan On State BJP Conflict