| Monday, 26th November 2012, 10:24 am

അമിതാധികാരം താത്കാലികമെന്ന് മുര്‍സി; പ്രക്ഷോഭകാരികളുമായി ചര്‍ച്ചക്ക് തയ്യാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്‌റോ: ഈജിപ്തില്‍ പുതിയ ഭരണഘടന നിലവില്‍ വരുന്നത് വരെ തന്റെ ഉത്തരവുകള്‍ ചോദ്യം ചെയ്യാന്‍ കോടതിക്ക് സാധിക്കില്ലെന്നനിലപാടില്‍ നിന്നും പ്രസിഡന്റ് മുഹമ്മദ് മുര്‍സി അയയുന്നു. തന്റെ വിജ്ഞാപനം താത്കാലികമാണെന്നും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും മുര്‍സി അറിയിച്ചു.

ഞായറാഴ്ച്ചയാണ് മുര്‍സി തന്റെ നിലപാടില്‍ ചെറിയൊരയവ് വരുത്തിയത്. തിരഞ്ഞെടുപ്പിലൂടെ അധികാരാത്തിലെത്തിയ സര്‍ക്കാര്‍ സുതാര്യമായ ഭരണമാണ് ലക്ഷ്യമിടുന്നതെന്നും ഇതിനായി പ്രതിപക്ഷവുമായി ആരോഗ്യകരമായ സംവാദത്തിന് തയ്യാറാണെന്നുമാണ് മുര്‍സി അറിയിച്ചിരിക്കുന്നത്.[]

മുര്‍സിയുടെ അമിതാധികാരത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് മുര്‍സി തന്റെ നിലപാടില്‍ ചെറിയ അയവ് വരുത്തിയിരിക്കുന്നത്. മുര്‍സിയുടെ ഉത്തരവില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകാരികളും സര്‍ക്കാര്‍ അനുകൂലികളും തമ്മിലുണ്ടായി സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസവും നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഹുസ്‌നി മുബാറക്കിന്റെ ഏകാധിപത്യ വാഴ്ചക്ക് ശേഷം നടന്ന സ്വതന്ത്ര തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മുര്‍സിയുടെ പുതിയ നിലപാടുകള്‍ രാജ്യത്തെ വീണ്ടും ഏകാധിപത്യത്തിലേക്ക് നയിക്കുമെന്ന് പ്രക്ഷോഭകാരികള്‍ ആരോപിച്ചു.

മുസ്‌ലിം ബ്രദര്‍ഹുഡിന് ഭൂരിപക്ഷമുള്ള ഭരണഘടനാ നിര്‍മാണസഭ പിരിച്ചുവിടാന്‍ കോടതിക്ക് അധികാരമുണ്ടാകില്ല എന്നും വിജ്ഞാപനത്തില്‍ പറയുന്നു.

തഹ്‌രീര്‍ സ്‌ക്വയറില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ പ്രക്ഷോഭകാരികള്‍ക്കെതിരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്‌ക്വയറിന് സമീപം പ്രക്ഷോഭകാരികള്‍ കെട്ടിയ ടെന്റുകളും മുര്‍സി അനുകൂലികള്‍ തീയിട്ടു. മുര്‍സി ഈജിപ്തിലെ പുതിയ ഫറോവയാണെന്നും ഈജിപ്ഷ്യന്‍ വിപ്ലവത്തെ മുര്‍സി അട്ടിമറിക്കുകയാണെന്നും പ്രക്ഷോഭകാരികള്‍ ആരോപിച്ചു.

മുര്‍സിയെ പിന്തുണച്ച് ഇസ്‌ലാമിസ്റ്റുകളും നഗരത്തില്‍ പ്രകടനം നടക്കുന്നുണ്ട്. അതേസമയം, മുര്‍സിയുടെ ഉത്തരവില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ മുഖ്യഉപദേശകരിലൊരാള്‍ രാജിവെച്ചു. മുര്‍സിയുടെ മൂന്നാമത്തെ ഉപദേശകനായ ഫാറൂഖ് ജ്വയ്ദഹാണ് ഇന്നലെ രാജിവെച്ചത്. മുര്‍സിയുടെ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ഉപദേശകരും രാജിവെച്ചിരുന്നു.

മുര്‍സിക്കെതിരെ ഉയരുന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ച ബ്രദര്‍ഹുഡിന്റെ ശ്രമങ്ങളേയും ഉപദേശകര്‍ വിമര്‍ശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more