| Thursday, 3rd May 2018, 12:08 pm

രാജസ്ഥാനില്‍ ശക്തമായ പൊടിക്കാറ്റ്; 27 മരണം, കനത്ത നാശനഷ്ടങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: കഴിഞ്ഞ ദിവസം വീശിയടിച്ച ശക്തമായ പൊടിക്കാറ്റില്‍ കിഴക്കന്‍ രാജസ്ഥാനില്‍ 27 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അല്‍വാര്‍, ധോല്‍പൂര്‍, ഭാരത്പൂര്‍ ജില്ലകളിലാണ് പൊടിക്കാറ്റ് വ്യാപകമായ നാശനഷ്ടം വിതച്ചത്. ശക്തമായ പൊടിക്കാറ്റിലും ഇടിമിന്നലിലും വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. മരങ്ങള്‍ കടപുഴകി വൈദ്യുതിയും വാര്‍ത്ത വിനിമയ സംവിധാനങ്ങളും താറുമാറായി. മരണ സംഖ്യ ഇനിയും വര്‍ദ്ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

വീടുകളില്‍ ഉറങ്ങിക്കിടന്നവരാണ് മരിച്ചവരിലധികവും. വീട് തകര്‍ന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു. അല്‍വാര്‍ ജില്ല മുഴുവന്‍ ഇന്നലെ രാത്രി മുതലേ ഇരുട്ടിലാണ്. ഭാരത്പൂര്‍ ജില്ലയിലാണ് ഏറ്റവുമധികം നാഷനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 12 മരണങ്ങളാണ് ജില്ലയില്‍ മാത്രമുണ്ടായത്. ധോല്‍പൂര്‍ ജില്ലയില്‍ നാല്‍പതോളം കുടിലുകള്‍ ഇടിമിന്നലില്‍ തകര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നലെ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് പൊടിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 46 ഡിഗ്രിയായിരുന്നു ഇന്നലെ രാജസ്ഥാനിലെ താപനില.

ദുരന്തത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളുമെത്തിക്കാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.


Read | നടന്‍ അനീഷ് ജി മേനോന് വാഹനാപകടത്തില്‍ പരിക്ക്; അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു


കഴിഞ്ഞ ദിവസം ഡല്‍ഹിയിലും പൊടിക്കാറ്റും കനത്ത മഴയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ വൈകിട്ട് 4.45ന് 59 കി.മി വേഗത്തിലുള്ള കാറ്റാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏതാനും മിനുറ്റുകള്‍ മാത്രമേ കാറ്റുണ്ടായിരുന്നുള്ളൂ എങ്കിലും പതിനഞ്ചോളം വിമാനങ്ങള്‍ റദ്ദ് ചെയ്യേണ്ടി വന്നു.

We use cookies to give you the best possible experience. Learn more