| Monday, 11th November 2024, 11:13 am

വൈദ്യുതി സ്വകാര്യവൽക്കരണം: ചണ്ഡീഗഢ് വൈദ്യുതി ജീവനക്കാർ വീണ്ടും പ്രതിഷേധവുമായി രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡൽഹി: വൈദ്യുതി സേവനങ്ങൾ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ , ചണ്ഡീഗഢ് വൈദ്യുതി വകുപ്പ് ജീവനക്കാർ തങ്ങളുടെ സമരം ശക്തമാക്കാനും പ്രതിഷേധം നടത്താനും തീരുമാനിച്ചതായി റിപ്പോർട്ട്.

വ്യാഴാഴ്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചണ്ഡീഗഢിലെ വൈദ്യുതി സേവനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിന് അനുമതി നൽകിയിരുന്നു . സ്വകാര്യവൽക്കരണ തീരുമാനത്തിനെതിരെ യു.ടി പവർമെൻ യൂണിയനും ഫെഡറേഷൻ ഓഫ് സെക്ടർസ് വെൽഫെയർ അസോസിയേഷനും നൽകിയ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നടപടി.

ചണ്ഡീഗഡ് അഡ്മിനിസ്ട്രേഷൻ, എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെൻ്റ് ആരംഭിച്ച സ്വകാര്യവൽക്കരണത്തിനെതിരെ പ്രതികരിക്കാൻ പ്രത്യേക രൂപരേഖ തയ്യാറാക്കിയതായി യു.ടി പവർമെൻ യൂണിയൻ പറഞ്ഞു.

നേരത്തെ യൂണിയൻ നൽകിയ നിർദേശങ്ങൾ ഉദ്യോഗസ്ഥർ ഗൗനിക്കുന്നില്ലെന്നും തങ്ങൾ അവരുടെ സ്വേച്ഛാധിപത്യത്തിന് എതിരാണെന്നും യൂണിയൻ കൂട്ടിച്ചേർത്തു. പ്രക്ഷോഭത്തിൻ്റെ ആദ്യഘട്ടമായി നവംബർ 11 മുതൽ എല്ലാ ഓഫീസുകളിലും പ്രതിഷേധ റാലികളും പ്രകടനങ്ങളും നടത്തും.

‘പ്രതിഷേധ റാലിക്ക് പിന്നാലെ ഉടൻ തന്നെ യോഗം ചേരുകയും വൻ പ്രതിഷേധ ധർണ സംഘടിപ്പിക്കുകയും ചെയ്യും.

യു.ടിയിലെ വിവിധ വകുപ്പുകളിലെ ജീവനക്കാർ, വൈദ്യുതി ജീവനക്കാർ, അയൽ സംസ്ഥാനങ്ങളിലെ എൻജിനീയർമാർ, വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികൾ എന്നിവരും പങ്കെടുക്കുന്ന ധർണയുടെ തീയതി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും,’ വൈദ്യുതി യുണിയൻ നേതാവ് ഗോപാൽ ജോഷി പറഞ്ഞു.

ഈ പ്രകടനത്തിൽ തങ്ങളെ പിന്തുണയ്ക്കാൻ ജീവനക്കാർ ചണ്ഡീഗഡ് എം.പി മനീഷ് തിവാരിയെയും ക്ഷണിച്ചിട്ടുണ്ട്. അതേ ദിവസം, രാജ്യത്തെ മുഴുവൻ വൈദ്യുതി ജീവനക്കാരും എൻജിനീയർമാരും അതത് സംസ്ഥാനങ്ങളിൽ പ്രതിഷേധിക്കുമെന്നും, വൈദ്യുതി ജീവനക്കാരുടെയും എൻജിനീയർമാരുടെയും ദേശീയ കോർഡിനേഷൻ കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു

Content Highlight: Power privatisation: Chandigarh electricity employees to launch back-to-back protests

We use cookies to give you the best possible experience. Learn more