| Thursday, 22nd June 2023, 6:01 pm

ഉത്തര്‍പ്രദേശില്‍ രോഗികളുടെ ആരോഗ്യനില വഷളാകാന്‍ പവര്‍കട്ടും കാരണമായി; ആരോഗ്യ വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ ആളുകളുടെ ആരോഗ്യനില വഷളായി മരണപ്പെടാന്‍
പവര്‍കട്ടും ഒരു കാരണമായെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടെന്ന് മരണകാരണം അന്വേഷിക്കാനായി സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയിലെ അംഗം എ.കെ സിങ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ട്രാന്‍സ്‌ഫോമറുകള്‍ കത്തിനശിച്ചെന്നും വൈദ്യുതി ലഭ്യതമാകാത്തതും മറ്റ് ഘടകങ്ങളുമാണ് രോഗികളുടെ ആരോഗ്യനില വഷളാകാന്‍ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സക്കായി ജില്ലാ ആശുപത്രിയില്‍ എത്താന്‍ അഞ്ച് ആറ് മണിക്കൂര്‍ സമയമെടുത്തിരുന്നു. ഇതുമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും പല രോഗികളും മരിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ എട്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഒരാഴ്ചക്കിടയിലെ മരണസംഖ്യ 76 ആയി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു.

ഉത്തര്‍പ്രദേശിലെ വിവിധ ഇടങ്ങളിലുണ്ടായ ഉഷ്ണ തരംഗത്തെ തുടര്‍ന്നാണ് ജൂണ്‍ 15ന് ബല്ലിയ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പെട്ടിരുന്ന ആറ്-ഏഴ് ആളുകള്‍ മരിച്ചതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാനത്ത് വ്യാപകമായി പവര്‍ കട്ട് ഉണ്ടായത് രോഗികളുടെ നില കൂടുതല്‍ വഷളാക്കി. സംസ്ഥാനത്തെ ഉയര്‍ന്ന വൈദ്യുതി ആവശ്യകത 25,000 മെഗാവാട്ടിന് മുകളില്‍ എത്തിയെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ആളുകളുടെ മരണം ഉഷ്ണതരംഗം മൂലമാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് പേര്‍ മാത്രമാണ് ഉഷ്ണ തരംഗം മൂലം മരിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജയന്ത് കുമാര്‍ പറഞ്ഞു.

ജൂണ്‍ 19ന് വിവിധ രോഗങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് അഞ്ച് പേര്‍ മരിച്ചു. മൂന്ന് പേര്‍ ജൂണ്‍ 19നും മരണപ്പെട്ടു. മരിച്ചവര്‍ ഹൃദ്രോഗം, പ്രമേഹം, രക്തസമര്‍ദം തുടങ്ങിയ രോഗങ്ങളാല്‍ ബുദ്ധിമുട്ട് നേരിടുന്നവരായിരുന്നെന്ന് ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. എസ്.കെ യാദവ് പറഞ്ഞു.

രോഗികളെ പരിചരിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എയര്‍ കണ്‍ഡീഷന്‍, ഫാന്‍, എയര്‍ കൂളര്‍ എന്നിവയെല്ലാം ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. പരിശോധനക്കായി അയച്ച രക്ത സാമ്പിളുകളുടെ റിപ്പോര്‍ട്ട് ലഭിക്കാന്‍ കാത്തിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പിലെ കമ്മിറ്റിയിലെ അംഗങ്ങളായ കെ.എന്‍ തിവാരി, എ.കെ സിങ്ങും പറഞ്ഞു.

‘രക്ത സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച ലഭിക്കും. അതിന് ശേഷം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും,’ സിങ് പറഞ്ഞു. ജില്ലയിലെ ഗാഡ്വര്‍, ബന്‍സ്ദിക് എന്നീ ബ്ലോക്കുകളില്‍ നിന്നുള്ളവരാണ് കൂടുതലും മരണപ്പെട്ടിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഉഷ്ണ തരംഗം നേരിടുന്ന സംസ്ഥാനങ്ങളോട് ആരോഗ്യ കേന്ദ്രങ്ങളില്‍ തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു.

Content Highlight: Power cut is one of the reason for death of patients in up; Health official

Latest Stories

We use cookies to give you the best possible experience. Learn more