വൈദ്യുതി മുടക്കം ഇനി വാട്‌സ്ആപ്പ് വഴി അറിയിക്കും
Daily News
വൈദ്യുതി മുടക്കം ഇനി വാട്‌സ്ആപ്പ് വഴി അറിയിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th October 2016, 10:16 am

വൈദ്യുതി വിതരണം തടസ്സപ്പെടുന്ന കാര്യം ഇനി എസ്.എം.എസ് വഴി ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലെത്തും. വാട്‌സ്ആപ്പ് വഴി പരാതിയും ബുക്ക് ചെയ്യാം. മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ഇ.ബി നാല് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നത്.


തിരുവനന്തപുരം: വൈദ്യുതി വിതരണം തടസ്സപ്പെടുന്ന കാര്യം ഇനി എസ്.എം.എസ് വഴി ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലെത്തും. വാട്‌സ്ആപ്പ് വഴി പരാതിയും ബുക്ക് ചെയ്യാം. മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ഇ.ബി നാല് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നത്.

വൈദ്യുതി വിതരണത്തില്‍ ഉണ്ടാകാനിടയുള്ള തടസങ്ങള്‍ എസ്.എം.എസായി ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കുന്ന പദ്ധതിക്ക് “ഊര്‍ജദൂതെ”ന്നാണ് പേര്. അറ്റകുറ്റ പണികള്‍ക്കായി മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്ന വൈദ്യുതി തടസ്സവും അടിയന്തര ഘട്ടങ്ങളില്‍ ഉണ്ടാകുന്ന തടസ്സവുമെല്ലാം പുതിയ സംവിധാനത്തിലൂടെ ഉപഭോക്താക്കളെ അറിയിക്കും.

കൂടാതെ വാട്‌സ്ആപ്പ് വഴി പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 9496001912 എന്ന നമ്പര്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം. എല്ലാ കമ്പ്യൂട്ടര്‍വത്കൃത വൈദ്യുതിബില്ലുകളുടെയും തുക, പിഴ കൂടാതെ പണമടയ്ക്കുന്നതിനുള്ള അവസാന തിയ്യതി തുടങ്ങിയ വിവരങ്ങള്‍ എസ്.എം.എസായും ഇ-മെയിലായും ഉപഭോക്താക്കളെ അറിയിക്കുന്ന പദ്ധതിയാണ് “ഊര്‍ജ് സൗഹൃദ്”.

വൈദ്യുതി സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1912 എന്ന നമ്പര്‍ ടോള്‍ഫ്രീയാക്കുന്നതാണ് മറ്റൊരു സംരംഭം. ഇത് നടപ്പാക്കുന്നതോടെ കേരളത്തിലെ ഏത് ടെലിഫോണ്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന് ഈ നമ്പറിലേക്ക് സൗജന്യമായി വിളിച്ച് പരാതി ബുക് ചെയ്യാം.

പദ്ധതികളുടെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് നാലിന് പട്ടം വൈദ്യുതി ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.