വൈദ്യുതി പ്രതിസന്ധി; കേന്ദ്രത്തിന് ഉത്തരവാദിത്തമുണ്ട്, ഒഴിഞ്ഞുമാറാനാകില്ല
Discourse
വൈദ്യുതി പ്രതിസന്ധി; കേന്ദ്രത്തിന് ഉത്തരവാദിത്തമുണ്ട്, ഒഴിഞ്ഞുമാറാനാകില്ല
ഡോ. എം.ജി. സുരേഷ് കുമാര്‍
Friday, 15th October 2021, 12:06 pm
കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ് കാലകാലങ്ങളില്‍ ഈ കാര്യങ്ങള്‍ മുഴുവന്‍ നടന്നുപോരാറുള്ളത്. എന്നാല്‍ ഈ പ്ലാനിങ്ങ് തന്നെ എന്തോ മോശപ്പെട്ട കാര്യമാണെന്ന നിലക്കാണ് കേന്ദ്രസര്‍ക്കാര്‍ കാലങ്ങളായി ഇത്തരം കാര്യങ്ങളെ കാണുന്നത് എന്ന് വേണം കരുതാന്‍.

ഇന്ന് രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്കാണ് പോകുന്നത്. സാധാരണ ഇന്ത്യയില്‍ ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലാണ് വൈദ്യുതി ഉപയോഗം കൂടാറുള്ളത്. അതിന് പലതരം കാരണങ്ങളുണ്ട്.

കാര്‍ഷിക ആവശ്യത്തിനുള്ള വൈദ്യുതി ഉപയോഗത്തിന്റെ വലിയ വര്‍ധനവ് ജൂലൈ മാസത്തിലും ഒക്ടോബര്‍ മാസത്തിലും ഉണ്ടാകാറുണ്ട്.  ദസറ ആഘോഷങ്ങള്‍ ഒക്ടോബര്‍ മാസത്തില്‍ ഉള്ളതിനാല്‍ ഉപയോഗത്തില്‍ വലിയ വര്‍ധനവ് ഉണ്ടാക്കാറുണ്ട്.

സ്വാഭാവികമായി ഈ വര്‍ധനവ് അനുസരിച്ച് കൃത്യമായിട്ടുള്ള ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും കാലമായി വൈദ്യുതി ഉത്പാദനവും വിതരണവുമെല്ലാം നിര്‍വഹിക്കപ്പെടുന്നത്.

എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ത്യയിലെ ആകെയുള്ള വൈദ്യുതി ഉത്പാദനത്തിന്റെ ഏകദേശം 60-70% വൈദ്യുതി ഉത്പാദിപിക്കുന്നത് കല്‍ക്കരി നിലയങ്ങളില്‍ നിന്നാണ്. ഏകദേശം 3.75 ലക്ഷം മെഗാവാട്ട് പ്രൊഡക്ഷന്‍ കപാസിറ്റി ഉണ്ടെങ്കില്‍ 2,10,000 മെഗാവാട്ടും ഉത്പാദിപിക്കുന്നത് കല്‍ക്കരി നിലയങ്ങളിലാണ്.

അപ്പോള്‍ ഈ നിലയങ്ങളുടെ പ്രവര്‍ത്തനവും കാര്യക്ഷമമായി നടക്കണമെങ്കില്‍ കല്‍ക്കരിയുടെ ലഭ്യത ഉറപ്പ് വരുത്തുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

ഇതിന്റെ ഭാഗമായി നേരത്തെ സ്വീകരിക്കാവുന്ന ഒരു സമീപനം മുന്‍കൂട്ടി തന്നെ ഓരോ വൈദ്യുതി ആവശ്യകതയും തിട്ടപ്പെടുത്തി അതിനനുസരിച്ച് കല്‍ക്കരി പ്രൊഡക്ഷനും ട്രാന്‍സ്പോര്‍ട്ടേഷനും പ്ലാന്‍ ചെയ്യുകയും ഓരോ നിലയത്തിലും 15 ദിവസത്തെയെങ്കിലും കല്‍ക്കരിയുടെ സ്റ്റോക്ക് ഉറപ്പ് വരുത്തുന്ന ഒരു ആസൂത്രണം കാലകാലങ്ങളായി ഉണ്ടായി പോരാറുണ്ട്.

കുറച്ച് കാലമായി ഇത്തരം പ്ലാനിങ്ങിന്റെ ഒരു അഭാവം നിലനില്‍ക്കുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം ഇത്തരം പ്ലാനിങ്ങ് ഒന്നുമില്ലെങ്കില്‍ പോലും വലിയ പ്രയാസം ഇല്ലാതെ പോയിരുന്നു. അങ്ങനെ വൈദ്യുതി ഉപഭോഗത്തില്‍ വലിയ കുറവ് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടാം തരംഗത്തിന് ശേഷം വൈദ്യുതി ഉപഭോഗത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ മാസത്തില്‍ നമ്മുടെ വൈദ്യുതി ഉപഭോഗം ഒരു സര്‍വകാല റെക്കോര്‍ഡിലേക്ക് പോയി. പീക്ക് ഡിമാന്റ് ഏകദേശം 205 സെക്ഷന്‍ മെഗാവാട്ടിലേക്കാണ് വര്‍ധിച്ചത്. സാധാരണ 180-190 മെഗാവാട്ടില്‍ നില്‍ക്കുന്ന വൈദ്യുതി ഉപഭോഗമാണ് ജൂലൈയില്‍ 205 മെഗാവാട്ടിലേക്ക് വര്‍ധിച്ചത്.

സ്വാഭാവികമായി അതിന് അനുസൃതമായൊരു വര്‍ധനവ് ഒക്ടോബര്‍ മാസങ്ങളില്‍ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചുകൊണ്ടുള്ള പ്ലാനിങ്ങ് നടക്കേണ്ടതായിരുന്നു. എന്നാല്‍ ആ നിലക്കുള്ളൊരു പ്ലാനിങ്ങും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.

മൂന്ന് വകുപ്പുകളാണ് പ്രധാനമായിട്ടും ആക്ട് ചെയ്യേണ്ടത്. കോള്‍ മിനിസ്ട്രി, റെയില്‍വേ, പവര്‍. ഈ മൂന്നും തമ്മിലുള്ള കോര്‍ഡിനേഷന്‍ ഇല്ലാതെ അത് നടക്കില്ല. അതില്‍ ഒരു പ്രശ്നം സാധാരണ ഒക്ടോബര്‍ മാസങ്ങളില്‍ വരുന്ന പവര്‍ ഡിമാന്റിന്റെ വര്‍ധനവ് നേരിടുന്നതിന് രണ്ട് തരം പ്രതിസന്ധി എല്ലാകാലത്തും വരുന്നതാണ്.

ഒന്ന്, ആഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍ ഖനി മേഖലയില്‍ ഉണ്ടാകുന്ന കനത്ത മഴയാണ്. അങ്ങനെയുണ്ടാകുമ്പോള്‍ കല്‍ക്കരിയുടെ പ്രൊഡക്ഷനില്‍ കുറവ് ഉണ്ടാകും. അത് കൂടി മുന്‍കൂട്ടി കണ്ടുകൊണ്ട് ജൂലൈ-ആഗസ്റ്റ് മാസത്തില്‍ ഉത്പാദനം ക്രമീകരിക്കുകയും അത് ബഫര്‍ സ്റ്റോക്ക് ആക്കുകയും വേണം.

കാരണം അത് നേരെ കല്‍ക്കരി നിലയങ്ങളില്‍ കൊണ്ട് പോയി സ്റ്റോക്ക് ചെയ്യാന്‍ കഴിയില്ല. നിലയങ്ങളില്‍ 15 ദിവസം മുതല്‍ 1 മാസം വരെയുള്ള കല്‍ക്കരി സ്റ്റോക്ക് മാത്രമെ സംഭരിക്കാന്‍ കഴിയു.

അതുകൂടി മുന്‍കൂട്ടികണ്ട് ബഫര്‍ സ്റ്റോക്ക് ഉണ്ടാക്കണം. ബഫറിലേക്കുള്ള ട്രാന്‍സ്പോര്‍ട്ടേഷനും പ്രശ്നമാണ്. കുഴിച്ചെടുത്ത കല്‍ക്കരി അവിടെ ഖനികളില്‍ തന്നെ ഇട്ടാല്‍ അത് നനഞ്ഞ് കുതിര്‍ന്ന് പോകും. അതുകൊണ്ട് കുഴിച്ചെടുത്ത് ഉടന്‍ തന്നെ സ്റ്റോറേജ് സ്പേസിലേക്കും എത്തിക്കണം.

ബഫറിലേക്കുള്ള ട്രാന്‍സ്പോര്‍ട്ടേഷന്‍, ശേഷം ബഫറില്‍ നിന്ന് ഓരോ നിലയത്തിലേയും ഉപയോഗിച്ച് തീരുന്ന കല്‍ക്കരിക്ക് അനുസൃതമായി ഇത് റീ ഗ്രൂപ്പ് ചെയ്യുന്നത്തിന് വേണ്ടിയുള്ള ട്രാന്‍സ്പോര്‍ട്ടേഷനും കൃത്യമായി ഒരു ലോജിസ്റ്റിക്ക് പ്ലാന്‍ ചെയ്തിട്ടാണ് റെയില്‍വേ അതിനകത്ത്
ആക്ട് ചെയ്യുക.

അതുപോലെ പവര്‍ മിനിസ്ട്രി ഈ ഓരോ നിലയത്തിലുമുള്ള ബാക്കിയുള്ള സ്റ്റോക്ക് ഉറപ്പ് വരുത്തുന്ന നിലയില്‍ അതിലെ ഓരോ ദിവസത്തെയും സ്റ്റോക്ക്, പ്രെഡക്ഷന്‍ എത്രവരുന്നുണ്ട് ഇതിനുള്ള ക്രമികരണം വരുത്തും.

ഈ നിലക്ക് കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ് കാലകാലങ്ങളില്‍ ഈ കാര്യങ്ങള്‍ മുഴുവന്‍ നടന്നുപോരാറുള്ളത്. എന്നാല്‍ ഈ പ്ലാനിങ്ങ് തന്നെ എന്തോ മോശപ്പെട്ട കാര്യമാണെന്ന നിലക്കാണ് കേന്ദ്രസര്‍ക്കാര്‍ കാലങ്ങളായി ഇത്തരം കാര്യങ്ങളെ കാണുന്നത് എന്ന് വേണം കരുതാന്‍.

കല്‍ക്കരിയുടെ ഉത്പാദനം, ട്രാന്‍സ്പോര്‍ട്ടെഷന്‍, വൈദ്യുതി ഉത്പാദനം തുടങ്ങിയ കാര്യത്തില്‍ കോര്‍ഡിനേറ്റഡ് പ്ലാനിങ്ങ് എന്ന് പറയുന്നത് കുറച്ച് കാലമായി നിലച്ച അവസ്ഥയാണ്. പക്ഷേ കഴിഞ്ഞ രണ്ട് വര്‍ഷവും അത് വലിയ പ്രതിസന്ധിയിലേക്ക് പോയിട്ടില്ല. പോകാതിരുന്നതിന് കാരണം കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമാന്യ വൈദ്യുതി ഉപഭോഗം കുറഞ്ഞ നിന്നതുകൊണ്ട് നോര്‍മ്മല്‍ പ്രൊഡക്ഷന്‍ വലിയ പ്രശ്നം ഇല്ലാതെ പോയതാണ്.

എന്നാല്‍ ഈ വര്‍ഷം ഒക്ടോബറില്‍ ഇത് ഗുരുതരമായ അവസ്ഥയിലേക്ക് പോയി. കല്‍ക്കരി നിലയങ്ങളിലും സ്റ്റോക്ക് ഒരു ദിവസത്തേക്കും ഒന്നര ദിവസത്തേക്കും മാത്രമേ ഉള്ളു. അതുകൊണ്ട് വൈദ്യുതി ഉത്പാദനം നന്നായി വെട്ടികുറക്കേണ്ടി വന്നിരിക്കുകയാണ്.

ഇപ്പോള്‍ വൈദ്യുതി ഉത്പാദനത്തിനകത്ത് 10-30% വരെ വെട്ടിക്കുറവുകള്‍ ഈ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വന്നുവെന്നതാണ് സംഭവിച്ചിട്ടുള്ളത്. ഇത് ഒരു വശത്ത് വൈദ്യുതി ഉല്‍പാദനം നടത്താന്‍ കഴിയാത്ത രൂപത്തില്‍ പ്ലാന്റുകള്‍ നിശ്ചലമാക്കുന്ന ഒരു അവസ്ഥ ഉണ്ടാകുന്നതിനോടൊപ്പം തന്നെ ഓഗസ്റ്റിലും സെപ്റ്റംബറിലും ഉള്ളതിനേക്കാള്‍ വലിയ ഡിമാന്റും ഉണ്ടാക്കി.

കഴിഞ്ഞ ദിവസം 198 ലക്ഷം മെഗാവാട്ട് ഡിമാന്റോളം എത്തി. ഇത് ജൂലൈ മാസത്തിലെ ഡിമാന്റിനടുത്ത് ഇപ്പോഴും എത്തിയിട്ടില്ല. ജൂലൈയില്‍ 205 ലക്ഷം മെഗാവാട്ട് ഉണ്ടായിരുന്നു. ഇത് അത്രയും എത്തിയിട്ടില്ല.

198 എത്തുമ്പോള്‍ തന്നെ വലിയ പ്രതിസന്ധിയിലേക്ക് രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ നീങ്ങി. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ദല്‍ഹി, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് പോകേണ്ട അവസ്ഥയിലേക്ക് എത്തുകയുണ്ടായി.

എന്നുമാത്രമല്ല വൈദ്യുതിയുടെ ദിവസ കമ്പോളം നിയന്ത്രിക്കുന്നത് ഇന്ത്യന്‍ പവര്‍ എക്സ്‌ചേഞ്ച് ആണ്. അവിടെയാണ് ഓരോ ദിവസത്തെയും വൈദ്യുതി വില്‍പ്പന നടത്തുന്നത്. ഈ പവര്‍ എക്സ്‌ചേഞ്ചിന്റെ ഒരു യൂണിറ്റ് വൈദ്യുതിയുടെ വില 2നും 3നും ഇടയില്‍ നിന്നത് കഴിഞ്ഞ ദിവസങ്ങളില്‍ 18 മുതല്‍ 20 രൂപയായി വര്‍ധിക്കുന്ന അവസ്ഥ ഉണ്ടായി.

ഇത്ര വലിയ രൂപത്തില്‍ വില വര്‍ധിക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് ആ വൈദ്യുതി വാങ്ങി ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് എത്തിച്ചു. ഈ വില വര്‍ധിക്കുന്ന സാഹചര്യം എന്ന് പറയുന്നത് വൈദ്യുതിയുടെ ലഭ്യത വല്ലാതെ കുറയുകയും ഡിമാന്റ് വലിയ രീതിയില്‍ വര്‍ധിക്കുകയും ചെയ്തതിന്റെ ഭാഗമായിട്ടാണ്.

ആ സാഹചര്യത്തില്‍ രാജ്യം വലിയ പ്രതിസന്ധിയിലേക്കാണ് പോയിട്ടുള്ളത്. ഈ പ്രതിസന്ധി ഇന്ത്യയുടെ മാത്രം പ്രത്യേകതയായി നില്‍ക്കുന്നതുമല്ല. അന്താരാഷ്ട്ര കോള്‍ വിപണി രംഗത്തും ഇതേ പ്രശ്നമാണ് ഉണ്ടായിട്ടുള്ളത്.

ഇന്തോനേഷ്യയും ഓസ്ട്രേലിയയുമാണ് അന്താരാഷ്ട്ര കല്‍ക്കരി ഉത്പാദന രംഗത്ത് മുന്നിട്ട് നില്‍ക്കുന്നത്. പക്ഷേ ഈ രണ്ട് രാജ്യങ്ങളും ഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ അല്ല കല്‍ക്കരി ഉത്പാദനം നടക്കുന്നത്. പൂര്‍ണമായും സ്വകാര്യ കമ്പനികളാണ് കല്‍ക്കരി ഉത്പാദിക്കുന്നത്.

കൃത്യമായി ലാഭത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ കല്‍ക്കരി ഉത്പാദിക്കുകയും വിതരണം ചെയ്യുകയും ചെയ്ത ഒരു സിസ്റ്റം ആണ് നിലനിന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ കല്‍ക്കരിയുടെ ഡിമാന്റ് വല്ലാതെ കുറഞ്ഞു.

കൂടെ ഊര്‍ജ ഉപഭോഗവും ഉത്പാദനവും കുറഞ്ഞു. ഉത്പാദനം കുറഞ്ഞത് കൊണ്ട് കല്‍ക്കരി ഡിമാന്റിലും വലിയ കുറവ് ഉണ്ടായി. കൊവിഡ് ഡിമാന്റില്‍ കുറവ് ഉണ്ടായപ്പോള്‍ കല്‍ക്കരി ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് അവരുടെ ഉത്പാദനവും വെട്ടികുറക്കേണ്ടി വന്നു.

ആള്‍ ഇന്ത്യ ലിമിറ്റഡ് കോളിന്റെ ഉത്പാദനം വെട്ടികുറക്കുന്നത് കൊണ്ട് ഖനി തൊഴിലാളികളെ പിരിച്ച് വിടുകയൊന്നും ഇല്ല. പക്ഷേ സ്വകാര്യ കമ്പനികള്‍ ആ നിലക്കല്ല. അവരുടെ എല്ലാ തരത്തിലുള്ള ചെലവുകളും അവര്‍ പരിമിതപ്പെടുത്തുന്ന അവസ്ഥയുണ്ടായി.

കല്‍ക്കരി ഉത്പാദനം കുറഞ്ഞപ്പോള്‍ അവരുടെ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ വെട്ടികുറവ് വരുത്തി, മറ്റു ലോജിസ്റ്റിക്ക്‌സിലും അവര്‍ വെട്ടികുറവ് വരുത്തി. അവരെ സംബന്ധിച്ച് സ്ഥാപനം ലാഭകരമായി നിലനിര്‍ത്തുക എന്നതാണ് പ്രധാനം

മറ്റു സോഷ്യല്‍ വശങ്ങള്‍ക്ക് അപ്പുറത്ത് ലാഭമാണ് അവര്‍ക്ക് പ്രധാനം. അതിന്റെ ഭാഗമായിട്ടാണ് വലിയ രൂപത്തില്‍ വെട്ടികുറവ് വരുത്തിയത്.

എന്നാല്‍ കൊവിഡിന്റെ രണ്ട് തരംഗത്തിന് ശേഷവും വലിയ രൂപത്തില്‍ അന്താരാഷ്ട്ര എക്കണോമി ഉയരാന്‍ തുടങ്ങി. ഈ ഉയര്‍ച്ച പ്രൊഡക്ഷന്‍ ലൈനെ ശക്തിപ്പെടുത്തി. അതുകൊണ്ട് കല്‍ക്കരിയുടെ ഡിമാന്റും വലിയ രീതിയില്‍ പെട്ടെന്ന് വര്‍ധിച്ചു.

ഇങ്ങനെ വര്‍ധിച്ചപ്പോള്‍ കോള്‍ കമ്പനികള്‍ക്ക് അവരുടെ ഉത്പാദനം പെട്ടെന്ന് വര്‍ധിപ്പിക്കാന്‍ കഴിയില്ല. കാരണം ഒന്ന് തൊഴിലാളികള്‍ അടക്കമുള്ളതെല്ലാം അവര്‍ വെട്ടികുറവ് വരുത്തിയതില്‍ നിന്ന് തിരിച്ച് പോകാന്‍ കഴിയില്ല. മാത്രമല്ല അവരുടെ എല്ലാ ലോജിസ്റ്റിക്സിലും അവര്‍ക്ക് മാറ്റം വരുത്തേണ്ടതുണ്ട്.

അങ്ങനെ വന്നപ്പോള്‍ ഉത്പാദനം അന്താരാഷ്ട്ര തലത്തില്‍ വലിയ രീതിയില്‍ കുറഞ്ഞു. കല്‍ക്കരി ഉത്പാദനം കുറഞ്ഞ് നില്‍ക്കുകയും അതേസമയം ഡിമാന്റ് വര്‍ധിക്കുകയും ചെയ്തതോട് കൂടി അന്താരാഷ്ട്ര കല്‍ക്കരി വിലയിലും വലിയ മാറ്റം ഉണ്ടായി.

ഒരു മെട്രിക്ക് ടണ്‍ കല്‍ക്കരിയ്ക്ക് ഏകദേശം 60 ഡോളര്‍ ആയിരുന്നു അന്താരാഷ്ട്ര വില. 2021 തുടക്കത്തില്‍ അത് 80-85 ഡോളറിലേക്ക് വന്നു. കഴിഞ്ഞ ഏപ്രില്‍, ജൂണ്‍ ക്വാര്‍ട്ടറില്‍ അത് 95-100 ഡോളറിലേക്ക് ഉയര്‍ന്നു. ഇപ്പോള്‍ അത് 230 ഡോളര്‍ ആണ്.

ഏകദേശം നാല് ഇരട്ടി വില വര്‍ധനവാണ് അന്താരാഷ്ട്ര തലത്തില്‍ കല്‍ക്കരി  വിലയില്‍ വന്നത്. യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ വൈദ്യുതി നിലയങ്ങള്‍ പലതും ഇറക്കുമതി ചെയ്ത കല്‍ക്കരിയെ ആശ്രയിക്കുന്ന അവസ്ഥയുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്‍റെ ഭാഗമായി ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കുന്ന നിലയങ്ങള്‍ക്ക് അനുമതി നല്കുന്ന നിലയുണ്ടായി.

ഇതിന്റെ ഭാഗമായി ഇന്ത്യന്‍ കല്‍ക്കരിക്ക് പകരം ഇറക്കുമതി കല്‍ക്കരി ഉപയോഗിച്ചുകൊണ്ടുള്ള വൈദ്യുതി നിലയങ്ങളും നിര്‍മിക്കപെടുന്ന അവസ്ഥയുണ്ടായി.

ഇന്ത്യയിലുള്ള സ്വകാര്യ ജനറേറ്ററുകളില്‍ 40-50% വരെ ഉപയോഗിക്കുന്നത് ഇറക്കുമതി കല്‍ക്കരി ആണ്. അതായത് ഇന്ത്യയുടെ മുഴുവന്‍ ഉത്പാദനം പരിശോധിച്ചാല്‍ 15-20% വൈദ്യുതി ഇറക്കുമതി കല്‍ക്കരി ഉപയോഗിച്ച് ഉല്‍പാദിക്കുന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്. ഇറക്കുമതി കല്‍ക്കരിയുടെ വില 60ല്‍ നിന്ന് 230ലേക്ക് വര്‍ധിച്ചപ്പോള്‍ കമ്പനികള്‍ക്ക് ആദ്യമേ പറഞ്ഞ വിലയില്‍ കല്‍ക്കരി അവര്‍ക്ക് കൊടുക്കാന്‍ കഴിയാത്ത ഒരു അവസ്ഥയുണ്ടായി.

വലിയ രൂപത്തില്‍ വില കൂടുന്ന  അവസ്ഥയിലേക്ക് വന്നപ്പോള്‍ അന്താരാഷ്ട്ര കല്‍ക്കരിക്ക് പകരം ഇന്ത്യന്‍ കല്‍ക്കരി മാര്‍ക്കറ്റിനെ തന്നെ ആശ്രയിക്കാന്‍ ശ്രമിച്ചു. അവര്‍ ഉണ്ടാക്കിയ കല്‍ക്കരിയുടെ ഡിമാന്റും വര്‍ധിച്ചു വന്നു.

കല്‍ക്കരിയുടെ ഉത്പാദനത്തിന്‍റെ അകത്ത് ഈ പറഞ്ഞ പ്ലാനിങ്ങ് ഒന്നും നടക്കാത്തതിന്റെ ഭാഗമായി നല്ല രീതിയില്‍ പ്രൊഡക്ഷന്‍ പിക്ക് അപ്പ് ചെയ്തില്ല. ജൂലൈ മുതല്‍ ആഗസ്റ്റ് വരെ ഉത്പാദനത്തില്‍ വലിയ മെച്ചം ഉണ്ടായില്ല.

മുന്‍ വര്‍ഷത്തെക്കാളും 20% കല്‍ക്കരി ഉത്പാദനം വര്‍ധിച്ചിട്ടുണ്ടെങ്കില്‍ പോലും ഇവിടെ ഉണ്ടായിട്ടുള്ള ഡിമാന്റിന് അനുസൃതമായി ഉല്‍പാദനം ഉണ്ടായില്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം 10% കല്‍ക്കരി ഉത്പാദനം കുറഞ്ഞ വര്‍ഷമാണ്.

2019-20നെക്കാളും 10% കല്‍ക്കരി ഉത്പാദനം കുറവായിരുന്നു 2020-21ല്‍. ആ 10% കുറഞ്ഞ ഇടത്തില്‍ നിന്ന് 20% 2021-2022ല്‍ ഉണ്ടാക്കിട്ടുണ്ട്. പക്ഷെ അങ്ങനെ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ പോലും ഒരു നോര്‍മല്‍ ഗ്രോത്തിന് വേണ്ട കല്‍ക്കരി ഉത്പാദനം ഉണ്ടായില്ല.

രണ്ട് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്ന് 20% കല്‍ക്കരി കിട്ടിയിരുന്നത് ഇല്ലാണ്ടാക്കുകയും ചെയ്തു. രണ്ടും കൂടെ ചേര്‍ത്ത് വലിയ കല്‍ക്കരി ഡെഫിസിറ്റിലേക്ക് എത്തുകയും പവര്‍ സ്റ്റേഷന്‍ പവര്‍ ഉല്‍പാദിപ്പിക്കേണ്ട ഇടത്ത് വലിയ രൂപത്തില്‍ മുന്നോട്ട് പോകേണ്ട അവസ്ഥയുമുണ്ടായി.

ഉത്പാദിപ്പിച്ച കല്‍ക്കരി പോലും കൃത്യമായി ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്നതിനുള്ള ലോജിസ്റ്റികസില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. പല സ്ഥലത്ത് പോലും ആള്‍ ഇന്ത്യ ലിമിറ്റഡ് പ്രൊഡക്ഷന്‍ നടന്നിട്ടുള്ള സ്ഥലങ്ങളില്‍ പോലും ആ പ്രൊഡക്ഷന്‍ നടന്നിട്ടുള്ള കല്‍ക്കരി കൃത്യമായി പ്ലാന്‍ ചെയ്ത് പവര്‍ സറ്റേഷനിലേക്ക് എത്തിക്കുക എന്ന ഒരു പ്രക്രിയ നടന്നില്ല.

വലിയ പരാജയമാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇപ്പോള്‍ പവര്‍ ക്രൈസിസ് മാനേജ്‌മെന്റിന്റെ ഒാരോ ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. എന്നാലും 5-6 മാസത്തേക്ക് ഈ പറയുന്ന പ്രശ്നം ഇന്ത്യന്‍ പവര്‍ സെക്ടറില്‍ തുടരുമെന്നാണ് മനസിലാകുന്നത്.

അങ്ങനെ തുടരുകയാണെങ്കില്‍ പവര്‍ സെക്ടറിനെ മാത്രമാകില്ല ഇത് ബാധിക്കുക. ഇന്ത്യയിലെ ടോട്ടല്‍ പ്രൊഡക്ഷന്‍ സെക്ടറിനെ പോലും വലിയ രൂപത്തില്‍ ഇക്കാര്യം ബാധിക്കും.

കൊവിഡിന്റെ ഒരു പശ്ചാത്തലത്തില്‍ തകര്‍ന്നിരിക്കുന്ന ഇന്ത്യന്‍ എക്കണോമിയില്‍ ഉത്പാദനത്തിന്‍റെ അകത്ത് വലിയ ഒരു മെച്ചം ഉണ്ടാക്കാന്‍ കഴിയാതെ ഇരിക്കുകയും അതേ സമയം വലിയ രൂപത്തില്‍ ഇന്‍ഫ്‌ളേഷനില്‍ ആക്കുകയും ചെയ്താല്‍ അത് വളരെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യത്തെ എത്തിക്കുന്ന അവസ്ഥകൂടി ഉണ്ടാക്കും.

എന്നാല്‍ ഈ സാഹചര്യം കേരളത്തിനകത്ത് എങ്ങനെയാണ് ബാധിക്കുക എന്ന് പലരും ചോദിക്കാറുണ്ട്. കേരളത്തില്‍ കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി പറഞ്ഞിരുന്നു നമ്മള്‍ വലിയ ഒരു പ്രതിസന്ധിയിലാണ് നീങ്ങുന്നതെന്ന്. അതുകൊണ്ട് ജനങ്ങളുടെ നല്ല ഒരു സഹകരണം ഉണ്ടായാല്‍ മാത്രമേ നമുക്ക് ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുവെന്നും.

ഒരു പവര്‍ കട്ടിലേക്കും ലോഡ് ഷെഡിങ്ങിലേക്കും പോവാന്‍ വരെ പറ്റുന്ന സാഹചര്യം നിലവില്‍ ഉണ്ട്. വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപഭോഗത്തിനകത്ത് വലിയ കുറവ് വരുത്താന്‍ ആളുകള്‍ സഹകരിക്കണം എന്ന് വൈദ്യുതി മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

അത് വളരെ കൃത്യമായ ഒരു നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. നമ്മുടെ പവര്‍ അക്വയര്‍മെന്റില്‍ 30% മാത്രമാണ് നമ്മുടെ സംസ്ഥാനത്തിനകത്ത് ഉണ്ടാക്കുന്നത്.

20% വൈദ്യുതിയും നമ്മള്‍ ഉണ്ടാക്കുന്നത് പുറത്ത് നിന്ന് വാങ്ങി കൊണ്ടുവരുന്നതാണ്. അതും ഈ കല്‍ക്കരി നിലയങ്ങളുമായി വെച്ചിട്ടുള്ള പവര്‍ പര്‍ചേസിങ്ങ് സ്റ്റേറ്റ് വെച്ചിട്ടുള്ള ലോങ്ങ് ടേം കരാറിന്റെ അടിസ്ഥാനത്തിലാണ് നമുക്ക് വൈദ്യുതി കിട്ടേണ്ടത്.

സ്വാഭാവികമായി ഈ വൈദ്യുതി നിലയങ്ങളില്‍ ഉത്പാദനങ്ങള്‍ കുറഞ്ഞതിന്റെ ഭാഗമായി 900 മുതല്‍ 1000 മെഗാ വാട്ട് വരെ വൈദ്യുതിയുടെ ലഭ്യതയില്‍ കുറവുണ്ടായി. 1600നടുത്ത് മെഗാ വാട്ടോളം നമ്മുക്ക് സെന്ററല്‍ കണ്‍വെട്ടിങ്ങ് സ്റ്റേഷനില്‍ നിന്ന് ഒരു 1100 മെഗാ വാട്ട് പ്രൈവറ്റ് ജനറെറ്റര്‍സില്‍ നിന്നുള്ള ലോങ്ങ് ടേം കരാറിന്റെ ഭാഗമായിട്ടാണ് കേരളത്തിന് കിട്ടേണ്ടിയിരുന്നത്.

ഇത് രണ്ടും കൂടി ചേര്‍ത്ത് 2800-3000 മെഗാവാട്ട് കിട്ടേണ്ടിയിരുന്നടുത്ത് 1800-1900 മെഗാ വാട്ട് മാത്രമേ കിട്ടുന്നുള്ളു. 1000മെഗാ വാട്ടിന്റെ കുറവ് യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇന്റേണല്‍ ആവശ്യങ്ങള്‍ക്ക് ചില മെച്ചം ഇപ്രാവശ്യം ഉണ്ടായിട്ടുണ്ട്. കാരണം നല്ല മഴ കിട്ടിയിട്ടുള്ളത് കൊണ്ട് ജലസമ്പത്തിനേക്കാളും 80%ന് മുകളില്‍ വെള്ളം ഉണ്ട്.

ഡിമാന്റ് ഒക്ടോബര്‍ മാസത്തില്‍ ഉയര്‍ന്നിട്ടുണ്ടെങ്കില്‍ പോലും ഉത്തരേന്ത്യയില്‍ ഉണ്ടായിട്ടുള്ള ഒരു ഡിമാന്റ് വര്‍ധനവ് പോലെ ഇല്ല. കാരണം ദസറ അവരുടെ ഒരു പ്രധാനപ്പെട്ട ആഘോഷമാണ്. ആ നിലക്ക് ഒരു ആഘോഷം കേരളത്തില്‍ ഇല്ലാത്തതുകൊണ്ട് കേരളത്തിനകത്ത്
വലിയ ഡിമാന്റ് ഉണ്ടായിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ കേരളത്തില്‍ ഉണ്ടാക്കുന്ന ഡിമാന്റ് 3600-3800 മെഗാവാട്ടില്‍ എത്തിയിരിക്കുകയാണ്.

ഡിമാന്റ് ഈ നിലക്ക് നില്‍ക്കുകയും നമ്മളുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടുന്ന വൈദ്യുതിയും കൂടേ വെച്ച് കഴിഞ്ഞാല്‍ 200 മെഗാ വാട്ടിന്റെ കുറവാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്. അതായത് കിട്ടുന്ന വൈദ്യുതിയുടെ അളവില്‍ ഒരു 1000 മെഗാ വാട്ടിന്റെ കുറവ് ഉണ്ടായിട്ടുണ്ടെങ്കില്‍ പോലും 200 മെഗാവാട്ടിന്റെ ഷോട്ടേജാണ് ഡിമാന്റും ഷോട്ടേജും തമ്മില്‍ ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്.

അത് നേരത്തെ ഉളള ഒരു ആശ്രയത്തിന്റെ ഭാഗമായിട്ടാണ് ഈ ഒരു ലെവലിലേക്ക് നമ്മുക്ക് വില കുറച്ചുകൊടുക്കാന്‍ കഴിയുന്നത്.

കേരളം വൈദ്യുതി വാങ്ങുന്ന കാര്യത്തിലും മറ്റു വൈദ്യുതി ആസൂത്രണത്തിന്റെ കാര്യത്തില്‍ വളരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഫലപ്രദമായ ആസൂത്രണം നടത്തി പോരുകയും ചെയ്യുന്ന ഒരു ചരിത്രമാണ് 3-4 വര്‍ഷമായിട്ടുള്ളത്.

അല്ലാതെ പെട്ടെന്ന് ഉണ്ടായിട്ടുള്ളതല്ല. വളരെ കര്‍ശനമായി അത് മോണിറ്റര്‍ ചെയ്യതിട്ടുണ്ട്. ആവശ്യമായിട്ടുള്ള വൈദ്യുതി ലോങ്ങ് ടേം കരാറുകളിലൂടെ സ്വന്തമാക്കുക. അത് പോലെ തന്നെ വര്‍ഷത്തിലുണ്ടാക്കുന്ന ചെറിയ ഏറ്റകുറച്ചിലുകള്‍ 3-4 മാസത്തേക്കുള്ള ഷോര്‍ട്ട് ടേം മാര്‍ക്കറ്റ് ഇടപ്പെട്ടുകൊണ്ട് വാങ്ങുക എന്നും ഉണ്ടാക്കുന്ന ചെറിയ വ്യധിയാനങ്ങള്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വാങ്ങുക തുടങ്ങിയിട്ടുള്ള കാര്യത്തിനകത്ത് വളരെ കര്‍ശനമായിട്ടുള്ള ആസൂത്രണ രീതികള്‍ നമ്മള്‍ പിന്തുടരുന്നുണ്ട്.

അതുകൊണ്ട് കേരളം ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ്. യഥാര്‍ത്ഥത്തില്‍ ഈ തെക്കെ അറ്റത്തുള്ള സംസ്ഥാനം എന്ന നിലയില്‍ മറ്റു കാര്യത്തിലും ഒട്ടേറെ പരിമിതി നിലനില്‍ക്കുമ്പോഴും വൈദ്യുതി ആസൂത്രണത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനമാണ് കേരളം.

അതുകൊണ്ട് ഇത്തരം ഒരു പ്രതിസന്ധിയുണ്ടായിട്ടുപോലും 200 മെഗാ വാട്ടിന്റെ ഷോട്ടേജില്‍ കാര്യങ്ങള്‍ നിര്‍ത്താന്‍ കഴിയണം. ഈ 200 മെഗാവാട്ടിന്റെ ഷോട്ടേജ് പവര്‍ എക്‌സ്‌ചേഞ്ചില്‍ 20 രൂപ വരെ റെറ്റ് ആകുമ്പോള്‍ ആ റെറ്റില്‍ വൈദ്യുതി വാങ്ങി മാനേജ് ചെയ്ത് മറ്റു പ്രതിസന്ധി ഇല്ലാതെ പോകുന്നുണ്ട്.

അങ്ങനെ പോകുമ്പോള്‍ 20 രൂപക്ക് വൈദ്യുതി വാങ്ങി നമ്മള്‍ എടുക്കുന്നതുകൊണ്ട് വലിയ ഒരു നഷ്ടത്തിലേക്ക് കേരളം പോകുന്നില്ല. നമുക്ക് വൈകുന്നേരങ്ങളില്‍ വലിയ ഒരു പീക്ക് വൈദ്യുതി ഉപഭോഗത്തില്‍ വരുന്നുണ്ടെങ്കില്‍ പോലും മറ്റു സമയങ്ങളില്‍ ഡിമാന്റ് കുറവുണ്ട്. തുടര്‍ന്ന് നമുക്ക് കുറച്ച് സര്‍പ്ലസ് വരും.

പീക്ക് സമയങ്ങളില്‍ നമുക്ക് ഷോര്‍ട്ടേജ് വരുന്നുണ്ടെങ്കില്ലും മറ്റു സമയങ്ങളില്‍ സര്‍പ്ലസ് ഉണ്ട്. ആ സര്‍പ്ലസ് വൈദ്യുതി നമ്മള്‍ ഉത്പാദിപ്പിച്ച് തിരിച്ച് ആ സമയങ്ങളില്‍ വില്‍ക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ വില്‍ക്കുന്ന നേരം 16-18 രൂപ വില കിട്ടുന്നുമുണ്ട്. 20 രൂപ കൊടുത്ത് വൈദ്യുതി നമ്മുക്ക് വാങ്ങാനും കഴിയുന്നു.

അങ്ങനെ വരുമ്പോള്‍ രണ്ടും കൂടി ഫിനാന്‍ഷ്യലി മാനേജ് ചെയ്യാന്‍ കഴിയുന്ന ഒരു അവസ്ഥ ഇപ്പോള്‍ നമുക്ക് ഉണ്ട്. ഈ ഒക്ടോബര്‍ മാസത്തില്‍ നമ്മുക്ക് വലിയ പ്രതിസന്ധിയില്ലാതെ പോകാന്‍ കഴിയും. നവംബര്‍- ജനുവരിയില്‍ നമ്മുടെ ഉപയോഗം കുറച്ച് കുറയും കാരണം മഴ വരുന്നതുകൊണ്ടാണ്.

ജനുവരി അവസാനം വരെ വലിയ പ്രതിസന്ധിയില്ലാതെ പോകാന്‍ കഴിയുന്ന അവസ്ഥ ഇപ്പോള്‍ കേരളത്തില്‍ ഉണ്ട് . ഫെബ്രുവരി-മെയ് മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം ഉണ്ടാക്കുക. ആ സമയത്തേക്ക് നമുക്ക് വൈദ്യുതി ആവശ്യകതയുണ്ട്.

അപ്പോള്‍ നമ്മുടെ മുമ്പില്‍ ഉള്ള വഴി എന്ന് പറയുന്നത് ഷോര്‍ട്ട് ടേം മാര്‍ക്കറ്റാണ്. നാളത്തേക്ക് ഇന്ന് വൈദ്യുതി വാങ്ങുന്ന മാര്‍ക്കറ്റില്‍ 20 രൂപക്ക് വൈദ്യുതി പോകുന്നുണ്ടെങ്കില്‍ പോലും ഷോര്‍ട്ട് ടേം മാര്‍ക്കറ്റില്‍ (34 മാസത്തേക്ക് വൈദ്യുതി വാങ്ങുന്ന മാര്‍ക്കറ്റില്‍ ) ഇപ്പോഴും 4-4.45 രൂപക്ക് വൈദ്യുതി കിട്ടാന്‍ ഉണ്ട്.

ആ ഓപ്ഷന്‍ വളരെ ഫലപ്രദമായി ഉപയോഗിച്ച് ഒരൊറ്റ കമ്പനിയെ വൈദ്യുതി പര്‍ച്ചേസിലേക്ക് പോകുന്നത്തിന് പകരം രാജ്യത്ത് ലഭ്യമായ വിവിധ കമ്പനികളുമായി നെഗോഷിയേറ്റ് ചെയ്ത് ഈ കമ്പനികളില്‍ നിന്നുമൊക്കെ കുറച്ച് വൈദ്യുതി വാങ്ങുന്ന രൂപത്തില്‍ നെഗോസിയേഷന്‍ പ്രാക്ടിസ് ഉപയോഗിച്ച് നമ്മുക്ക് ഫെബ്രുവരി മുതല്‍ മെയ് വരെ വരാവുന്ന ഷോട്ടേജ് അസസ് ചെയ്ത് അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകാന്‍ കഴിയും എന്ന് തന്നെയാണ് കെ.എസ്.ഇ.ബി പ്രതിക്ഷിക്കുന്നത്.

കെ.എസ്.ഇ.ബിക്ക് ഒരു മുന്‍തൂക്കമുള്ളത്, ഇന്ത്യയിലെ മറ്റു യൂട്ടിലിറ്റിയെയും അപേക്ഷിച്ച് കെ.എസ്.ഇ.ബിക്ക് വൈദ്യുതി തരാന്‍ ഈ കമ്പനികള്‍ക്ക് വലിയ സന്തോഷവും താല്‍പര്യവും ഉണ്ട് എന്നതാണ്.

അതിന്റെ ഒരു കാരണം നമ്മള്‍ ഒരു പൈസ പോലും കമ്പനിക്ക് കൊടുക്കാന്‍ ബാക്കി ഇല്ല എന്നതാണ്. ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റിന്റെ ഭാഗമായി ഹെവി പേയ്‌മെന്റ് നടത്തുന്ന ഇന്ത്യയിലെ എതേങ്കിലും പവര്‍ യൂട്ടിറ്റിലിറ്റിയുണ്ടെങ്കില്‍ അതില്‍ ഒരു യൂട്ടിലിറ്റി, കേരളമാണ്.

അതുകൊണ്ട് ഈ പറയുന്ന വെദ്യുതി ഉത്പാദന കമ്പനിക്ക് കെ.എസ്.ഇ.ബിയുമായി ഇത്തരത്തിലുള്ള കരാറില്‍ ഏര്‍പ്പെടുന്നതിന് പ്രയാസം ഒന്നുമില്ല. കഴിഞ്ഞ കുറേ കാലമായി വൈദ്യുതി രംഗത്ത് നമ്മള്‍ നടത്തിവരുന്ന ഇടപെടലിന്റെ ഭാഗമാണ്.

എല്‍.ഡി.എഫിന്റെ ഫലപ്രദമായ ഒരു ഇടപ്പെടല്‍ ഊര്‍ജാസുത്രണ രംഗത്ത് ഉണ്ടായത് കൊണ്ട് കൂടി ആണ് നമുക്ക് ഇക്കാര്യം ആ നിലക്ക് നടത്തി കൊണ്ട് പോകാന്‍ കൂടി കഴിയുന്നത്.

ആ ഒരു സാഹചര്യം വെച്ചുകൊണ്ട് ഒരു ഷോര്‍ട്ട് ടേം പര്‍ചേസ് കൂടി പ്ലാന്‍ ചെയ്ത് നമ്മുക്ക് നമ്മുടെ ഒരു നമ്മുടെ മെയ് മാസം വരെയുള്ള വൈദ്യുതി ആവശ്യകത നിറവേറ്റി പോകാന്‍ കഴിയും എന്ന് തന്നെയാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. എങ്കിലും ഈ സാഹചര്യത്തില്‍ ജനങ്ങളുടെ നല്ല സഹകരണം കൊണ്ട് വൈദ്യുതി ഉപയോഗിക്കുന്നതില്‍ വൈകുന്നേരങ്ങളിള്‍ പരമാവധി കുറവ് വരുത്തികൊണ്ട് കേരളം പ്രതിസന്ധി ഒന്നും കൂടാതെ മുന്നോട്ട് പോകും എന്ന് പ്രതിക്ഷിക്കാം.

കേരളത്തിന്റെ ഒരു പ്രത്യേക സാഹചര്യത്തില്‍ നമ്മുടെ പവര്‍ പര്‍ച്ചേസ് കോസ്റ്റില്‍ വലിയ വര്‍ധനവ് ഉണ്ടായി. എന്നാല്‍ അതൊരു വലിയ വര്‍ധനവിലേക്ക് പോകും എന്ന് പ്രതീക്ഷിക്കുന്നില്ല. ആ വര്‍ധനവ് ഒരു ഷോക്കിലേക്ക് പോവാന്‍ പറ്റുന്ന രൂപത്തിലേക്കുള്ള വര്‍ധനവ് ഉണ്ടാക്കില്ല.

5-10 പൈസ വരെ ഫ്യുവല്‍ സബ് ചാര്‍ജ് കൊടുകേണ്ട ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ജനങ്ങള്‍ക്ക് വലിയ രൂപത്തിലുള്ള ഒരു സാമ്പത്തിക ബാധ്യത ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നില്ല.

വാഷിംഗ് മെഷീന്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ വൈകിട്ട് 6 മുതല്‍ 10 മണി വരെ ഉപയോഗിക്കുന്നതിന് പകരം രാത്രി 11 മണിക്ക് ശേഷം ഉപയോഗിച്ചാല്‍ അത്രയും നേരം ഉപയോഗിക്കുന്ന വൈദ്യുതി കുറഞ്ഞു കിട്ടും. വൈകുന്നേരം 2-3 മണിക്കുര്‍ വരെ ഫ്രിഡ്ജ് ഓഫ് ചെയ്ത് വെച്ചാല്‍ വലിയ ഉപയോഗം കുറഞ്ഞ് കിട്ടും.

കേരളത്തില്‍ ഏകദേശം 20 ലക്ഷം ഫ്രിഡ്ജ് ഉപയോഗിക്കുന്നവര്‍ ഉണ്ടാകും. അപ്പോള്‍ 200 മെഗാ വാട്ടിന്റെ ലാഭം ആകും ഉണ്ടാക്കുക. 200 മെഗാവാട്ടിന്റെ ഷോട്ടെജും 200 മെഗാവാട്ടിന്റെ റിലീഫും കൂടി ഉണ്ടാകുമ്പോള്‍ സ്വാഭാവികമായി ഷോട്ടേജിന്റെ സമയത്ത് അഡീഷണല്‍ പര്‍ച്ചേസ് ഒഴിവാക്കാന്‍ കഴിയും.

ആ നിലക്ക് ജനങ്ങളുടെ സഹകരണം ഉണ്ടായാല്‍ വലിയ പ്രതിസന്ധി കൂടാതെ തരണം ചെയ്യാന്‍ കഴിയും. അഡിഷണല്‍ എകസ്പന്‍ഡിച്ചര്‍ എന്ന വലിയ ബാധ്യത ജനങ്ങളില്‍ ഏല്‍പ്പിക്കാതെ കൊണ്ട് പോകാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Power crisis; The center is responsible and cannot be evacuated article by Dr MG Suresh Kumar

ഡോ. എം.ജി. സുരേഷ് കുമാര്‍
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്