| Friday, 28th May 2021, 8:16 am

ലോക്ഡൗണില്‍ ഫീസ് അടയ്ക്കാനാകാതെ 200-ഓളം വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങി; 40 ലക്ഷം രൂപ പിരിച്ച് നല്‍കി മലയാളി പ്രിന്‍സിപ്പല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ലോക്ഡൗണിനെത്തുടര്‍ന്ന് ഫീസ് അടയ്ക്കാനില്ലാതെ പഠനത്തില്‍ നിന്നു പിന്‍വാങ്ങുകയായിരുന്ന 200-ഓളം കുട്ടികള്‍ക്ക് കോര്‍പറേറ്റ് സ്ഥാപനങ്ങളിലും വ്യക്തികളില്‍ നിന്നുമായി 40 ലക്ഷം രൂപ ശേഖരിച്ച് ഫീസിനുള്ള പണം കണ്ടെത്തി മലയാളി പ്രിന്‍സിപ്പല്‍.

മുംബൈയിലെ പവയ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷേര്‍ലി പിള്ളയാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇത്രയും തുക പിരിച്ചത്. ലോക്ഡൗണില്‍ ശമ്പളം പിടിക്കുകയും ജോലി ഇല്ലാതാകുകയും ചെയ്തതോടെ രക്ഷിതാക്കള്‍ കുട്ടികളുടെ ഫീസ് അടയ്ക്കാന്‍ പ്രതിസന്ധിയിലായി.

മാത്രമല്ല ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍നിലയും കുറഞ്ഞു. ഇതോടെ കാര്യം ശ്രദ്ധയില്‍പ്പെട്ട ഷേര്‍ലി വിദ്യാര്‍ത്ഥികളുടെ ഫീസ് കുടിശ്ശിക കണക്കാക്കി നോക്കുകയായിരുന്നു.

വലിയ തുക കുടിശ്ശികയുണ്ടെന്ന് മനസിലാക്കിയതോടെയാണ് കോര്‍പ്പറേറ്റുകളുടെ ഇടപെടലിനായി ശ്രമിച്ചതെന്ന് ഷേര്‍ലി പറയുന്നു.

‘പ്രോഗ്രസ് റിപ്പോര്‍ട്ട് വാങ്ങാന്‍ കുട്ടികളും രക്ഷിതാക്കളും എത്താതിരുന്നതോടെയാണ് അതിന്റെ കാരണങ്ങള്‍ വിശദമായി അന്വേഷിച്ചത്. 2000-ത്തിലേറെ കുട്ടികളുള്ള സ്‌കൂളില്‍ 50 ശതമാനത്തോളം കുട്ടികള്‍ ഫീസടച്ചിട്ടില്ലെന്ന് മനസ്സിലായി. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ചെറിയ വരുമാനമുള്ള തൊഴിലാളികളുടെയും ഇടത്തരക്കാരുടെയും മക്കളാണ്. പഠനം നിര്‍ത്തിയതില്‍ ഏറെയും പെണ്‍കുട്ടികളാണെന്നും കണ്ടെത്തി. തുടര്‍ന്നാണ് കോര്‍പ്പറേറ്റുകളുടെ സഹായം തേടാന്‍ തീരുമാനിച്ചത്,’ ഷേര്‍ളി പറയുന്നു.

പല വന്‍കിട കമ്പനികളും സി.എസ്.ആര്‍ തുക കൈമാറി.

മുംബൈയില്‍ വളര്‍ന്ന ഷേര്‍ലി പിള്ളയുടെ മാതാപിതാക്കള്‍ ആലപ്പുഴ മുതുകുളം സ്വദേശികളാണ്. ഭര്‍ത്താവ് ഉദയകുമാര്‍ തൃശൂര്‍ സ്വദേശിയും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Powai Malayali principal collects Rs 40L from donors to pay students

We use cookies to give you the best possible experience. Learn more