|

അന്ന് ജാനകി, ഇന്ന് ചിത്ര; പൊട്ടിത്തകര്‍ന്ന കിനാവ്; നീലവെളിച്ചത്തിലെ പുതിയ ഗാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന നീലവെളിച്ചത്തിലെ പുതിയ ഗാനം പുറത്ത്. പൊട്ടിത്തകര്‍ന്ന കിനാവ് കൊണ്ടൊരു എന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. കെ.എസ്. ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഭാര്‍ഗവി നിലയം സിനിമയിലെ പ്രശ്‌സത ഗാനത്തിന്റെ റീമേക്ക് വേര്‍ഷനാണ് നീലവെളിച്ചത്തില്‍ ചിത്ര പാടിയിരിക്കുന്നത്. പഴയ ചിത്രത്തില്‍ ഈ ഗാനം എസ്. ജാനകിയായിരുന്നു ആലപിച്ചിരുന്നത്. ഇതേ ചിത്രത്തിലെ തന്നെ ഏകാന്തതയുടെ അപാരതീരം, താമസമെന്തേ വരുവാന്‍, അനുരാഗ മധു ചഷകം എന്നീ ഗാനങ്ങളും നീലവെളിച്ചത്തിലേക്ക് റീമേക്ക് ചെയ്തിരുന്നു, ഷഹബാസ് അമനും ചിത്രയും പാടിയ പാട്ടുകള്‍ ഏറെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കി ചെയ്യുന്ന സിനിമയാണ് നീലവെളിച്ചം. ചിത്രത്തില്‍ ബഷീറായാണ് ടൊവിനോയെത്തുന്നത്.

സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന സിനിമക്ക് ശേഷം റിമ അഭിനയിക്കുന്ന ചിത്രമാണ് നീലവെളിച്ചം. ഭാര്‍ഗവി കുട്ടിയെന്ന കഥാപാത്രമായാണ് റിമ സിനിമയിലെത്തുന്നത്. ഏപ്രില്‍ 20ന് പെരുന്നാള്‍ റിലീസായിട്ടായിരിക്കും ചിത്രം തിയേറ്ററിലെത്തുക.

ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് നീലവെളിച്ചം നിര്‍മിക്കുന്നത്. എം.എസ് ബാബുരാജിന്റെ ഗാനങ്ങള്‍ റീമിക്സ് ചെയ്തിരിക്കുന്നത് ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ്. ഗിരീഷ് ഗംഗാധരനാണ് സിനിമയുടെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ബഷീറിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് ഹൃഷികേശ് ഭാസ്‌കരനാണ്.

Content Highlight: Pottithakarnna Kinavu song from neelavelicham