| Sunday, 22nd December 2019, 5:33 pm

സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാക്കാനല്ല; പക്ഷെ ഞങ്ങള്‍ക്കും ജീവിക്കേണ്ടേ? അവകാശപ്പോരാട്ടത്തിനൊരുങ്ങി കുംഭാരസമുദായം

അന്ന കീർത്തി ജോർജ്

പകലന്തിയോളം മണ്ണ് കുഴച്ചും പാത്രങ്ങള്‍ മെനഞ്ഞും ചുട്ടുടെത്തും പിന്നീടത് തലച്ചുമടായി കൊണ്ടുപോയി വിറ്റും ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുണ്ട് നമ്മുടെയിടയില്‍.വര്‍ഷങ്ങളായി പരിമിതിമായ ജീവിതസാഹചര്യങ്ങളോട് പൊരുതി അന്നന്നത്തെ അന്നം കണ്ടെത്തുന്ന കുംഭാരസമുദായം തങ്ങളുടെ അവകാശങ്ങള്‍ക്കായി സമരത്തിനിറങ്ങാന്‍ ഒരുങ്ങുകയാണ്.

കേരളത്തിന്റെ പല ഭാഗങ്ങളായി താമസിക്കുന്ന പരമ്പാഗത മണ്‍പാത്ര നിര്‍മ്മാണ സമുദായക്കാരുടെ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേരള കുംഭാര സമുദായസഭ. വിദ്യഭ്യാസ – തൊഴില്‍രംഗത്ത് സംവരണം നല്‍കിക്കൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ തങ്ങള്‍ക്കും അവസരം നല്‍കണമെന്നതാണ് സമരം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് കേരള കുംഭാര സമുദായസഭ സംസ്ഥാന പ്രസിഡന്റ് ഗോപാലന്‍ നിലമ്പൂര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഒരുമാസത്തിനുള്ളില്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ ധര്‍ണ നടത്തിക്കൊണ്ട് സമരങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് കേരള കുംഭാര സമുദായസഭ ലക്ഷ്യം വെക്കുന്നത്.

1978ല്‍ തന്നെ പിന്നോക്കാവസ്ഥ പരിഗണിച്ച് കുംഭാരവിഭാഗത്തെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം വന്നിരുന്നെങ്കിലും ഇത് വരെ അത്തരമൊരു നടപടിയുണ്ടായിട്ടില്ല. 1990ലെ കിര്‍ത്താഡ്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പട്ടികജാതി ശുപാര്‍ശിത വിഭാഗമായി പരിഗണിച്ച് ഒഇസി ലിസ്റ്റിലാണ് ഈ വിഭാഗത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളായി പടര്‍ന്ന് കിടക്കുന്ന ഏഴോളം മണ്‍പാത്ര നിര്‍മ്മാണ സമുദായങ്ങളുണ്ട്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം കുശവന്‍, കുളാളന്‍, കുംഭാരന്‍, വേളന്‍, ആന്ധ്രനായര്‍, അന്ധുരു നായര്‍ എന്നീ ഏഴ് വിഭാഗങ്ങളെയും പരമ്പരാഗതമായി മണ്‍പാത്രനിര്‍മ്മാണം നടത്തുന്ന
എന്നതിന്റെ അടിസ്ഥാനത്തില്‍ ഒരൊറ്റ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഇവരില്‍ തന്നെ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരാണ് തങ്ങളെന്നും വടക്കന്‍ കേരളത്തില്‍ വിവിധ ജില്ലകളിലായി താമസിച്ചുവരുന്ന ഈ കുംഭാരസമുദായപ്പെട്ടവരുടെ കണക്കെടുത്താല്‍ ഒരു ലക്ഷത്തില്‍ താഴെ മാത്രമേ വരൂ എന്നും കുംഭാരസമുദായ നേതാക്കള്‍ പറയുന്നു.
.പ്രാകൃത തെലുങ്ക് ഭാഷ സംസാരിക്കുന്ന കുംഭാരന്മാരെക്കുറിച്ച് കൃത്യമായ വിവരശേഖരണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ പ്രാദേശികമായി വ്യത്യസ്ത പേരുകളിലറിയപ്പെടുന്ന കുംഭാരന്മാരിലെ ഉപവിഭാഗങ്ങളെക്കൂടി ചേര്‍ത്ത് ഏകീകൃതമായി ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇത് സംവരണത്തിന്റെ ആദ്യ പടി മാത്രമല്ല സര്‍ക്കാര്‍ രേഖകളിലെ നിലവിലെ സങ്കീര്‍ണ്ണതകള്‍ കുറക്കാനും സഹായകമാകുമെന്ന് കുംഭാരസമുദായത്തിലുള്ളവര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പട്ടികജാതി വിഭാഗത്തിലുള്‍പ്പെടുത്തുക എന്നതിലുപരി വിദ്യഭ്യാസരംഗത്തും സര്‍ക്കാര്‍ ജോലികളിലും ആവശ്യമായ സംവരണം നല്‍കുക എന്നതാണ് തങ്ങളുടെ ആവശ്യമെന്ന് സമിതിയംഗങ്ങള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. പട്ടികജാതി വിഭാഗക്കാര്‍ക്കായി കോര്‍പ്പറേഷന്‍ മുഖാന്തരം നടത്തുന്ന സിവില്‍ സര്‍വീസ് പരിശീലനപ്പരിപാടികളില്‍ തങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്നത് ഏറെ സഹായകരമാകുമെന്നും കുംഭാരസമുദായംഗങ്ങള്‍ പറയുന്നു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണക്കാലത്ത് മണ്‍പാത്രനിര്‍മ്മാണ തൊഴിലാളി സമൂഹത്തില്‍പ്പെട്ടവര്‍ക്ക് പൊഫഷണല്‍ കോഴ്സുകളില്‍ ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്നു. പക്ഷെ ഈ തൊഴില്‍ മേഖലയിലെ സാമ്പത്തികമായ ഉയര്‍ന്ന നില്‍ക്കുന്ന മറ്റ് വിഭാഗങ്ങള്‍ക്കാണ് ഇത് ഉപകാരപ്പെട്ടത്. കുംഭാരസമുദായത്തിന് പ്രത്യേകമായ സംവരണം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ വിദ്യഭ്യാസരംഗത്ത് ഉയര്‍ന്നുവരാന്‍ സാധിക്കുകയുള്ളു എന്നും ഗോപാലന്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴും വിരലിലെണ്ണാവുന്ന ബിരുദധാരികളെ തങ്ങള്‍ക്കിടയിലുള്ളൂവെന്നും അദ്ദേഹം പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘മാറിമാറി വരുന്ന സര്‍ക്കാരുകളൊന്നും തന്നെ സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലുള്ള ഈ സമുദായത്തിന് വേണ്ടി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളായി ചിതറിക്കിടക്കുന്ന കുംഭാരസമുദായം ഒരു വോട്ട്ബാങ്ക് അല്ലാത്തതയിരിക്കാം നീണ്ടുനില്‍ക്കുന്ന ഈ അവഗണനക്ക് കാരണമെന്ന് സംശയമുണ്ട്.’ കോഴിക്കോടുള്ള മണ്‍പാത്രനിര്‍മാണത്തൊഴിലാളിയും കുംഭാരസമുദായാംഗവുമായ കൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മണ്‍പ്പാത്രനിര്‍മ്മാണം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപ്പോയിക്കൊണ്ടിരിക്കുന്നത്. കളിമണ്ണിന്റെയും മണലിന്റെയും ലഭ്യതയിലുണ്ടായ കുറവും കര്‍ശനനിയന്ത്രണങ്ങളും ഈ നിര്‍മ്മാണരംഗത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കുടില്‍ വ്യവസായമെന്ന രീതിയില്‍ നിര്‍മ്മാണം നടത്തുന്ന കുംഭാരസമുദായപ്പെട്ടവര്‍ക്ക ഇത് ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. ഈ വിഷയത്തിലും സര്‍ക്കാരിന്റെ ഇടപെടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.

പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മണ്ണുക്കൊണ്ടുള്ള പാത്രങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുന്നത് ഈ തൊഴില്‍മേഖലക്ക് പുതിയ ഉണര്‍വ് നല്‍കുമെന്നാണ് ഇവര്‍ പ്രത്യാശിക്കുന്നത്. പശ്ചിമ ബംഗാളില്‍ ഏറെ പ്രചാരത്തിലുള്ള ‘മട്ക’എന്ന മണ്ണുക്കൊണ്ടുള്ള ചായപ്പാത്രങ്ങള്‍ കേരളത്തില്‍ കഫേകളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രദര്‍ശന – വില്‍പ്പനമേളകളില്‍ മണ്‍പ്പാത്രങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്നതും സഹായകമായ നടപടിയായിരിക്കുമെന്നും തൊഴിലാളി കുടുംബങ്ങള്‍ പറയുന്നു.

‘ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും കേരളസംസ്ഥാനം രൂപീകരിച്ചിട്ടും യാതൊരു രീതിയിലും ഇന്നേവരെ മുന്നോട്ട് വരാന്‍ കഴിയാത്ത ഒരു സമുദായമാണ് ഞങ്ങള്‍ കുംഭാരന്മാരുടേത്.അത് കൊണ്ടാണ് സമരവുമായി മുന്നോട്ട് വരുന്നത്.’ ഗോപാലന്‍ പറയുന്നു. സര്‍ക്കാരിനെ ബുദ്ധിക്കാനുള്ള യാതൊരു ഉദ്ദേശവും തങ്ങള്‍ക്കില്ലെന്നും ജിവിക്കാനായി സമരത്തിലേക്കിറങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
DoolNews Video

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more