തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച സംഭവത്തില്‍ തിരുവനന്തപുരത്തെ പോത്തീസിന്റെ ലൈസന്‍സ് തിരുവനന്തപുരം നഗരസഭ റദ്ദാക്കി. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പ്രോട്ടോകോള്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ചൊവ്വാഴ്ചയാണ് നഗരസഭ ആരോഗ്യവിഭാഗം പൊലീസിന്റെ സഹായത്തോടെ പോത്തീസില്‍ പരിശോധന നടത്തിയത്. പ്രധാന വാതില്‍ അടച്ചശേഷം ജീവനക്കാര്‍ കയറുന്ന പിന്‍വാതിലിലൂടെ പൊതുജനത്തെ കയറ്റി സ്ഥാപനം പ്രവര്‍ത്തിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
1994ലെ കേരള മുന്‍സിപ്പാലിറ്റി ആക്ടിലെ വകുപ്പ് 447, കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്.
കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നഗരസഭയും സര്‍ക്കാരും നടത്തുന്ന പ്രവര്‍ത്തനങ്ങളോട് വ്യാപാരസമൂഹം സഹകരിക്കണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു.
നേരത്തെയും കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച സംഭവത്തില്‍ പോത്തീസിന്റെ ലൈസന്‍സ് നഗരസഭ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പിഴ അടച്ച ശേഷമാണ് സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചത്.
കഴിഞ്ഞ വര്‍ഷവും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ പോത്തീസിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.
കൊവിഡ് ചട്ടം ലംഘിച്ച് ആളുകളെ കൂട്ടത്തോടെ കടയ്ക്ക് അകത്ത് കയറ്റിയതിനാണ് അന്ന് കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Pothys Covid Protocol Violation