| Wednesday, 14th August 2019, 2:30 pm

കവളപ്പാറയില്‍ കണ്ടെത്തുന്ന മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പള്ളിമുറി തുറന്നുകൊടുത്ത് മഹല്ല് കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പള്ളിമുറി തുറന്നുകൊടുത്ത് മഹല്ല് കമ്മിറ്റി.

കവളപ്പാറയില്‍ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് പോത്തുകല്ല് മഹല്ല് കമ്മിറ്റി പള്ളി തുറന്ന് കൊടുത്തത്.

നമസ്‌കാരം നടക്കുന്ന ഹാളും അതിനോടു ചേര്‍ന്ന് കൈകാലുകള്‍ കഴുകാന്‍ ഉപയോഗിക്കുന്ന സ്ഥലവുമായിരുന്നു പോസ്റ്റുമോര്‍ട്ടം നടത്താനായി സൗകര്യപ്പെടുത്തിയത്.

കണ്ടെടുക്കുന്ന മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം എവിടെ വെച്ച് നടത്തുമെന്നതായിരുന്നു മെഡിക്കല്‍ സംഘം ആദ്യം നേരിട്ട ആദ്യ വെല്ലുവിളി. പല സ്ഥലവും ഇതിനായി പരിഗണിച്ചെങ്കിലും ഒന്നും നടന്നില്ല. ഈ സാഹചര്യത്തിലാണ് പള്ളി വിട്ടുതരാന്‍ തയ്യാറാണെന്ന് അറിയിച്ച് പോത്തുകല്ല് മുജാഹിദ് പള്ളി മഹല്ല് കമ്മിറ്റി മുന്നോട്ടുവന്നത്.

അപകടങ്ങള്‍ നടന്ന ദിവസങ്ങള്‍ പിന്നിട്ടതോടെ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മിക്ക മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടം ടേബിളിലെത്തിയതെന്ന് സംഘത്തിലുള്ള മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ സഞ്ജയ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പവിത്രമായി കാണുന്ന ഒരിടത്ത് വച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടി വരുന്നതില്‍ അതിയായ വിഷമമുണ്ടായിരുന്നുവെങ്കിലും മറ്റ് നിര്‍വാഹം ഇല്ലായിരുന്നുന്നുവെന്ന് ഡോ. സഞ്ജയ് പറഞ്ഞു.

മദ്രസയില്‍ നിന്നുള്ള ബെഞ്ചും ഡെസ്‌കുകളും മയ്യത്ത് കഴുകാന്‍ ഉപയോഗിക്കുന്ന ടേബിളുമെല്ലാം നല്‍കി വലിയ സഹകരണമാണ് മഹല്ലു കമ്മിറ്റി നല്‍കിയതെന്നും ഇവര്‍ പറഞ്ഞു.

അഞ്ച് പോസ്റ്റുമോര്‍ട്ടം ടേബിളുകളാണ് മദ്രസയുടെ ഡെസ്‌കുകള്‍ ചേര്‍ത്തുവച്ച് തയ്യാറാക്കിയത്. പോസ്റ്റുമോര്‍ട്ടം മുറിയില്‍ വച്ച് നടത്തുന്നത് പോലെയല്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഏറ്റവും പര്യാപ്തമായ സ്ഥലം തന്നെയാണ് പള്ളിയില്‍ ലഭ്യമായതെന്ന് ഡോ സഞ്ജയ് പറഞ്ഞു.

തിരിച്ചറിയുന്നവ മാത്രമാണ് നിലവില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലെ ഫ്രീസറിലേക്ക് മാറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

മിക്ക മൃതദേഹങ്ങളും മണ്ണിലും ചേറിലും പൊതിഞ്ഞാണ് പോസ്റ്റ്മോര്‍ട്ടത്തിന് എത്തിയത്. പല മൃതദേഹങ്ങളുടേയും അവസ്ഥ അതിദയനീയമാണ്. തിരിച്ചറിയാന്‍ ഉറ്റബന്ധുക്കള്‍ ഇല്ലാത്ത അവസ്ഥയും ഇവിടെയുണ്ട്.

‘കഴിഞ്ഞ ദിവസം പോസ്റ്റ്മോര്‍ട്ടത്തിനെത്തിയ മൃതദേഹം സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞത് അടിവസ്ത്രങ്ങള്‍ കണ്ടതുകൊണ്ടാണ്, അത്രയും അഴുകിയ അവസ്ഥയിലാണ് മൃതദേഹങ്ങള്‍.

അണിഞ്ഞ ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം കണ്ടാണ് പലരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത്. ഒട്ടും തിരിച്ചറിയാന്‍ സാധിക്കാത്ത കേസുകളില്‍ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിക്കുകയാണ് നിലവില്‍ ചെയ്യുന്നതെന്നും ഡോ സഞ്ജയ് പറഞ്ഞു.

We use cookies to give you the best possible experience. Learn more