Kerala News
പോത്തന്‍കോട് ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 13, 10:07 am
Friday, 13th December 2024, 3:37 pm

തിരുവനന്തപുരം: പോത്തന്‍കോട് ഓട്ടോറിക്ഷ മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയുടെ കാലിന് സാരമായി പരിക്ക് പറ്റിയിട്ടുണ്ട്. ഓട്ടോയിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികളെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം വിട്ടയച്ചു.

ഓട്ടോയില്‍ പത്തോളം കുട്ടികള്‍ ഉണ്ടായിരുന്നതായാണ് വിവരം. പരീക്ഷയ്ക്ക് ശേഷം കുട്ടികളെ തിരികെ കൊണ്ടുവന്നിരുന്ന ഓട്ടോറിക്ഷയാണ് മറിഞ്ഞത്.

റോഡിന്റെ കുത്തനെയുള്ള ഇറക്കത്തില്‍ ഡ്രൈവര്‍ക്ക് ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം മറിയുകയായിരുന്നു. അപകടത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തിട്ടുണ്ട്.

മണിക്കൂറുകള്‍ക്ക് മുമ്പ് മലപ്പുറം പൊന്നാനിയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാറിടിച്ചു കയറിയിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരുടേയും പരിക്കുകള്‍ ഗുരുതമല്ല.

മലപ്പുറം എ.വി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്ക് പറ്റിയത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

വിദ്യാര്‍ത്ഥികളെ ഇടിച്ച കാര്‍ മറ്റൊരു കാറിലും ഇടിച്ചിരുന്നു. കാറിന് അധികം വേഗതയില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.

അതേസമയം പാലക്കാട് കല്ലടിക്കോടില്‍ ലോറി മറിഞ്ഞ് മരിച്ച വിദ്യാര്‍ത്ഥികളുടെ ഖബറടക്കം ഇന്ന് (വെള്ളിയാഴ്ച) രാവിലെ പത്തുമണിയോടെ തുമ്പനാട് ജുമാ മസ്ജിദില്‍ നടന്നു.

പൊതുദര്‍ശനത്തിന് മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണന്‍ കുട്ടി, എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അനുശോചനമറിയിച്ചു.

Content Highlight: Pothencode autorickshaw overturns, students injured