| Friday, 10th May 2019, 11:47 pm

അപകീര്‍ത്തിപ്പെടുത്തിയതിന് പെപ്‌സികോ ഒരു രൂപ നഷ്ടപരിഹാരം നല്‍കണം; മള്‍ട്ടിനാഷണല്‍ ഭീമനെതിരെ പ്രതീകാത്മക പോരാട്ടത്തിനൊരുങ്ങി കര്‍ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹ്മദാബാദ്: തങ്ങള്‍ക്കെതിരെ കേസ് നല്‍കിയ പെപ്‌സികോയെ തിരിച്ച് കോടതി കയറ്റാനൊരുങ്ങി ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍. കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്തിയതിനും അവര്‍ക്ക് വരുത്തി വെച്ച നഷ്ടങ്ങള്‍ക്കും പകരം പ്രതീകാത്മകമായി ഒരു രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.

ഒരു അന്താരാഷ്ട്ര കമ്പനിക്കെതിരെയുള്ള കര്‍ഷകരുടെ പോരാട്ടത്തിന് ഒരുപാട് മാനങ്ങളുണ്ടെന്നും, ഇത് രാജ്യത്തെ മുഴുവന്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണെന്നും കര്‍ഷകരെ പ്രതിനിധീകരിച്ച് വാദിച്ച അഡ്വക്കറ്റ് ആനന്ദ് യാഗ്നിക് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

ലെയ്‌സ് ചിപ്‌സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക തരത്തിലുള്ള ഉരുളക്കിഴങ്ങുകള്‍ കൃഷി ചെയ്യുന്നെന്നാരോപിച്ച് ഗുജറാത്തിലെ നാല് കര്‍ഷകര്‍ 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പെപ്‌സിക്കോ കോടതിയെ സമീപിച്ചതാണ് വിവാദങ്ങള്‍ക്ക് ആധാരം.

‘അപകീര്‍ത്തിപ്പെടുത്തിയതിനും അവര്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്കുമുള്ള പരിഹാരമായി അവര്‍ പ്രതീകാത്മകമായി ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. . പെപ്‌സികോയെ കോടതി കയറ്റണമെന്നാണ് അവരുടെ അഭിപ്രായം’- യാഗ്നിക്ക് പറഞ്ഞു.

‘ആരവല്ലിയിലേയും സബര്‍കതയിലേയും കര്‍ഷകര്‍ക്കെതിരെയുള്ള എല്ലാ കേസുകളും പെപ്‌സികോ നിരുപാധികം പിന്‍വലിച്ചിരിക്കുന്നു. ഇന്ന് കര്‍ഷര്‍ വിജയിച്ചിരിക്കുന്നത് ഒരു മള്‍ട്ടിനാഷനല്‍ കമ്പനിക്കെതിരെയാണ്, അത് വലിയൊരു കാര്യമാണ്’- യാഗ്നിക്ക് പറയുന്നു.

കര്‍ഷകര്‍ക്കെതിരെ കോടതിയെ സമീപിച്ച പെപ്‌സികോ അവരോട് മാപ്പ് ചോദിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും യാഗ്നിക്ക് ആവശ്യപ്പെട്ടു.

കര്‍ഷകരുടെ ഇടപെടല്‍ ഇല്ലാതെ ഗുജറാത്ത് സര്‍ക്കാറും പെപ്‌സികോയും തമ്മില്‍ നേരിട്ട് നടത്തിയ ചര്‍ച്ചകളിലും കര്‍ഷകര്‍ അതൃപ്തി പ്രകടിപ്പിടച്ചതായി യാഗ്നിക്ക് അറിയിച്ചു. ‘കര്‍ഷകരുടെ വിശ്വാസം വീണ്ടെടുക്കാതെ പെപ്‌സിക്കോയുമായി ഇനിയൊരു ചര്‍ച്ച പാടില്ലെന്ന് സര്‍ക്കാറിനോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്’- യാഗ്നിക്ക് പറയുന്നു.

Image Credits: Reuters

We use cookies to give you the best possible experience. Learn more