| Sunday, 7th January 2018, 1:01 pm

യോഗിയുടെ വീടിനു മുന്നില്‍ ചീഞ്ഞ ഉരുളക്കിഴങ്ങ് തള്ളി കര്‍ഷകര്‍; സുരക്ഷാവീഴ്ച വരുത്തിയതിന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ പ്രതിഷേധവുമായി കര്‍ഷകര്‍. ഉരുളക്കിഴങ്ങിന്റെ വിലകുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് എത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി എത്തിയത്.

ചീഞ്ഞ ഉരുളക്കിഴങ്ങുകള്‍ മന്ത്രിയുടെ വസതിക്കു മുന്നില്‍ കൂട്ടിയിട്ടാണ് കര്‍ഷകര്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് ഉരുളക്കിഴങ്ങ് കര്‍ഷകര്‍ ദുരിതത്തിലായിരുന്നു. അതുകൊണ്ടു തന്നെ ഉരുളക്കിഴങ്ങിന്റെ പരമാവധി താങ്ങുവില ആയിരം രൂപയായി ഉയര്‍ത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവില്‍ വെറും 487 രൂപമാത്രമാണ് കര്‍ഷകര്‍ക്ക് നല്‍കാന്‍ തീരുമാനമായത്.

ഇതിനെതിരെയാണ് ചീഞ്ഞ ഉരുളക്കിഴങ്ങുകള്‍ മുഖ്യമന്ത്രിക്ക് സമ്മാനിച്ച് പ്രതിഷേധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് ഒരു ട്രക്ക് നിറയെ ചീഞ്ഞ ഉരുളക്കിഴങ്ങുകളുമായി എത്തിയ കര്‍ഷകര്‍ യോഗിയുടെ വസതിക്കുമുന്നില്‍ അവ നിക്ഷേപിച്ച് പ്രതിഷേധിക്കുകയായിരുന്നു.

അതേസമയം പ്രതിഷേധം തടയുന്നതില്‍ പൊലീസ് വീഴ്ച കാണിച്ചെന്നാരോപിച്ച് നാലു കോണ്‍സ്റ്റബിള്‍മാരെയും ഒരു സബ് ഇന്‍സ്‌പെക്ടറെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നാരോപണം നിലവിലിരിക്കെയാണ് കര്‍ഷകരുടെ പ്രതിഷേധം രംഗത്തെത്തിയത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കെപ്പടുമെന്നും കൃഷി വകുപ്പുമായി കൂടിയാലോചിച്ച് ഉടന്‍ തീരുമാനങ്ങള്‍ നടപ്പാക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more