കോര്‍പ്പറേറ്റ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ക്കിടയില്‍ താരമായി കോഴിക്കോട്ടുകാരുടെ പൊട്ടാഫോ
Kerala News
കോര്‍പ്പറേറ്റ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ക്കിടയില്‍ താരമായി കോഴിക്കോട്ടുകാരുടെ പൊട്ടാഫോ
ആല്‍ബിന്‍ എം. യു
Tuesday, 30th June 2020, 4:33 pm

കോഴിക്കോട്: കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളിലാണ് കേരളത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ സജീവമായത്. വലിയ വിദേശ കോര്‍പ്പറേറ്റ് നിക്ഷേപത്തോടെയാണ് ഈ പ്ലാറ്റ്‌ഫോമുകള്‍ കടന്നുവന്നത്. വന്ന് കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ വിപണി പിടിച്ചെടുക്കാന്‍ ഇവയ്ക്കായിരുന്നു. കോടിക്കണക്കിന് രൂപയുടെ പരസ്യവും ഓഫറുകളും മുന്നോട്ട് വെച്ചാണ് ഇവയെല്ലാം വിപണി പിടിച്ചെടുത്തത്. ഹോട്ടലുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ആദ്യമൊക്കെ നല്‍കിയ ഓഫറുകള്‍ പിന്നീട് പതുക്കെ പതുക്കെ കുറയുന്ന കാഴ്ചയാണ് കണ്ടത്. എങ്കിലും വിപണിയില്‍ നിന്ന് അവര്‍ക്ക് തിരിച്ചടി നേരിട്ടില്ല. എന്നാല്‍ കോഴിക്കോട് നഗരത്തിലെ കാഴ്ച മറ്റൊന്നാണ്.

കോഴിക്കോട് നഗരത്തിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് ഒന്നാമതായി നില്‍ക്കുന്നത് ഏതെങ്കിലും വന്‍കിട പ്ലാറ്റ്‌ഫോമല്ല. അത് കോഴിക്കോട് ജില്ലയില്‍ തന്നെ ജനിച്ചു വളര്‍ന്ന ആറ് യുവാക്കള്‍ നേതൃത്വം നല്‍കുന്ന പൊട്ടാഫോ എന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമാണ്. മറ്റ് വലിയ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ സജീവമാണെങ്കിലും പൊട്ടാഫോയുടെ വിശ്വാസ്യത തുടരുകയാണ്.

കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളെല്ലാം മികച്ച പിന്തുണയാണ് പൊട്ടാഫോയ്ക്ക് നല്‍കുന്നത്. കോര്‍പ്പറേറ്റ് കമ്പനികളുടെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളുടേതിന് സമാനമായി വളരെ ലളിതമായ ആപ്പ് സംവിധാനം തന്നെയാണ് പൊട്ടാഫോക്കും ഉള്ളത്.

വടകര ഗോകുലം സ്‌കൂളിലും കെ.എം.സി.ടി കോളേജിലുമായി ഒരുമിച്ച് പഠിച്ച വൈശാഖ്, റാഷിദ്, ആദിത്യ, മുക്തദീര്‍, മാഗ്ഡി, ഹസീബ് എന്നിവരാണ് പൊട്ടാഫോയുടെ സ്ഥാപകര്‍. പ്രവാസികളായിരുന്ന ഇവര്‍ മടങ്ങി വന്നതിന് ശേഷം ആരംഭിച്ചതാണ് ഈ സ്ഥാപനം.

ഫ്രാന്‍സിലെ ജനപ്രിയ വിഭവമായ പൊട്ടാഫോ എന്നതില്‍ നിന്നാണ് സ്ഥാപനത്തിന്റെ പേരിന്റെ വരവ്. ലളിതവും എന്നാല്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നതുമായ ഒരു പേരെന്ന നിലയിലാണ് പൊട്ടാഫോ എന്ന് തെരഞ്ഞെടുത്തതെന്ന് സ്ഥാപകര്‍ പറയുന്നു.

‘മൂന്നു വര്‍ഷമായി ഞങ്ങള്‍ ഈ പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ട്. നിലവില്‍ 250ലധികം ഡെലിവറി ജീവനക്കാരുണ്ട്. ഒരു മാസം ഒരു ലക്ഷത്തോളം ഉപഭോക്താക്കളാണ് നിലവിലുള്ളത്. ഞങ്ങളെല്ലാവരും പ്രവാസികളായിരുന്നു. നാട്ടിലേക്ക് മടങ്ങിവരുമ്പോള്‍ ഒരു സ്ഥാപനം തുടങ്ങണമെന്ന് ആലോചനയുണ്ടായിരുന്നു. ഞങ്ങളില്‍ ടെക്‌നിക്കല്‍ മേഖലയില്‍ തന്നെ ജോലി ചെയ്യുന്നവരും അക്കൗണ്ടിംഗ് രംഗത്ത് ജോലി ചെയ്യുന്നവരും ഉണ്ടായിരുന്നു. എല്ലാവര്‍ക്കും ജോലി ചെയ്യാന്‍ പറ്റുന്ന ഒരു സ്ഥാപനം എന്ന ആലോചനയില്‍ നിന്നാണ് പൊട്ടാഫോ എന്ന ആശയം ഉണ്ടായത്. തുടങ്ങുമ്പോള്‍ ദിവസം 25 ഓര്‍ഡറുകളൊക്കെയാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ അത് 1000-1500ലേക്കെത്തിയിരിക്കുന്നു. മികച്ച പിന്തുണയാണ് കോഴിക്കോട് കോര്‍പ്പറേഷനും ഹോട്ടലുകളും നല്‍കുന്നത്. സര്‍വ്വീസിനെ മുന്‍നിര്‍ത്തി തന്നെയാണ് എപ്പോഴും ആലോചിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലും അതില്‍ തന്നെയായിരുന്നു ശ്രദ്ധ. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ 50 ശതമാനമൊക്കെ ഓഫര്‍ നല്‍കിയപ്പോള്‍ മികച്ച കോമ്പോകള്‍ ഒരുക്കിയാണ് അതിനെ നേരിട്ടത്. ലോക്ഡൗണ്‍ കാലത്ത് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ സര്‍വീസ് നടത്തിയിട്ടുള്ളൂ’, വൈശാഖ്, എച്ച്.ആര്‍ മാനേജര്‍, പൊട്ടാഫോ

കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷനുമായി മികച്ച ബന്ധമാണ് പൊട്ടാഫോ പുലര്‍ത്തുന്നത്. മറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്കുള്ളത് പോലെ തന്നെ ആന്‍ഡ്രോയ്ഡ്, ഐഓഎസ് ആപ്ലിക്കേഷനുകളും പൊട്ടാഫോയ്ക്കുണ്ട്. വെബ്‌സൈറ്റ് വഴിയും ഓര്‍ഡര്‍ ചെയ്യാം.

നഗരത്തിലെ 150ലധികം റെസ്‌റ്റോറന്റുകളുമായി പൊട്ടാഫോ കരാറിലെത്തിയിട്ടുണ്ട്. അതില്‍ പാരഗണും ഹോട്ടല്‍ റഹ്മത്ത്, സിക്ത് അവന്യൂ, ഡൗണ്‍ ടൗണ്‍, ബോംബെ ഹോട്ടല്‍, ടോപ് ഫോം എന്നീ റെസ്‌റ്റോറന്റുകളുമെല്ലാം ഉള്‍പ്പെടുന്നു.

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മാത്രമല്ല ഇപ്പോള്‍ പൊട്ടാഫോ ചെയ്യുന്നത്. വീടുകളിലേക്കുള്ള പലചരക്ക് സാധനങ്ങളുള്‍പ്പെടെയുള്ളവ വിതരണം ചെയ്യുന്ന സംവിധാനവും ആരംഭിച്ചിട്ടുണ്ട്. പൊട്ടാഫോ മാര്‍ട്ട് എന്ന പേരിലാണ് ഈ സംവിധാനം. ലോക്ഡൗണ്‍ കാലത്ത് ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് ഈ സംവിധാനം ആരംഭിക്കാനിടയായതെന്ന് പൊട്ടാഫോ പറഞ്ഞു.

കേരളത്തിലെമ്പാടും സര്‍വ്വീസ് തുടങ്ങണം എന്നത് തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്നും പൊട്ടാഫോ പറഞ്ഞു. പൊട്ടാഫോയ്ക്ക് പിന്നാലെ കേരളത്തില്‍ നിന്ന് തന്നെയുള്ള മറ്റുള്ളവരും ഈ മേഖലയിലേക്ക് കടന്നുവന്നു കൊണ്ടിരിക്കുന്നുണ്ട്. ലോക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലടക്കം തൊഴില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കേ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുകയാണ്. നാട്ടില്‍ മടങ്ങിയെത്തുന്നവര്‍ക്ക് മുമ്പിലുള്ള ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമാവുകയാണ് പൊട്ടാഫോയെ പോലുള്ള സ്ഥാപനങ്ങള്‍.

റെഡ് സീര്‍ പുറത്ത് വിട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് 2016ല്‍ ഇന്ത്യയിലെ ഫുഡ് ഡെലിവറി വിപണി എന്നത് 15 ബില്യണ്‍ ഡോളറിന്റെതാണ് എന്നാണ്. 2020ല്‍ അത് വളരെ വേഗം 26 ബില്യണ്‍ ഡോളറിന്റേതാവുമെന്നാണ്.

ആല്‍ബിന്‍ എം. യു
സൗത്ത്‌ലൈവ് , തല്‍സമയം, ന്യൂസ്‌റെപ്റ്റ് എന്നിവിടങ്ങളില്‍ സബ് എഡിറ്റര്‍ ആയിരുന്നു. ഇപ്പോള്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. തൃശ്ശൂര്‍ ലോ കോളേജില്‍ നിന്ന് നിയമ ബിരുദം. കേരള പ്രസ്അക്കാദമിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.