പകരക്കാരനായി എത്തിയ പോസ്റ്റുമാന്‍ തപാല്‍ ഉരുപ്പടികള്‍ മുക്കി
Kerala
പകരക്കാരനായി എത്തിയ പോസ്റ്റുമാന്‍ തപാല്‍ ഉരുപ്പടികള്‍ മുക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th June 2013, 12:30 am

[]പോത്തന്‍കോട്: തോന്നയ്ക്കല്‍ പോസ്‌റ്റോഫീസില്‍ പകരക്കാരനായെത്തിയ പോസ്റ്റുമാന്‍ തപാല്‍ ഉരുപ്പടികള്‍ മുക്കി. പി.എസ്.സി. നിയമന ഉത്തരവുകള്‍ ഉള്‍പ്പെടെ തപാല്‍ ഉരുപ്പടികള്‍ മുക്കിയവയില്‍ പെടും.

വേങ്ങോട് സ്വദേശി സാം ആണ് തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്യാതെ തന്റെ വാടകമുറിക്കുള്ളില്‍ ചാക്കുകളില്‍ കെട്ടിവച്ചിരുന്നത്. []

രണ്ട് പി.എസ്.സി. ഉത്തരവുകള്‍ക്ക് പുറമേ ആക്‌സിസ് ബാങ്കിന്റെ ചെക്കുബുക്ക്, 251 കത്തുകള്‍, 924 ബുക്ക്‌പോസ്റ്റുകള്‍, ഹെല്‍ത്ത് കാര്‍ഡുകള്‍, എല്‍.ഐ.സി യുടെ കത്തുകള്‍, നൂറിലധികം ഇലക്‌ട്രോണിക് മണിയോര്‍ഡര്‍ രേഖകള്‍ എന്നിവ കണ്ടെത്തി.

മുമ്പ് ഡിപ്പാര്‍ട്ടുമെന്റില്‍ താത്ക്കാലിക ജീവനക്കാരനായിരുന്നു സാം. സ്ഥിരം ജീവനക്കാരനെത്തിയപ്പോള്‍ അവധിക്കാര്‍ക്ക് പകരക്കാരനാവുകയായിരുന്നു.

മൂന്ന് മാസം മുമ്പ് മംഗലപുരത്ത് ഒരു മുറി സാം വാടകയ്‌ക്കെടുത്തു. മൂന്ന് മാസമായിട്ടും ഒരു മാസത്തെ വാടക മാത്രമാണ് ഉടമയ്ക്ക് കിട്ടിയത്. മുറി ഒഴിയാന്‍ ആവശ്യപ്പെട്ട ഉടമ വെള്ളിയാഴ്ച രാവിലെ മുറിയിലെത്തുമ്പോഴാണ് തപാല്‍ ഉരുപ്പടികള്‍ ചാക്കില്‍ കണ്ടത്.

ഉടനെ തപാല്‍വകുപ്പ് ഉദ്യോഗസ്ഥരെയും സ്‌പെഷ്യല്‍ ബ്രാഞ്ചിനെയും വിവരം അറിയിച്ചു.

ഇയാള്‍ക്കെതിരെ തപാല്‍വകുപ്പ് പോലീസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചു. സ്ഥിരം ജീവനക്കാരനല്ലാത്തതിനാല്‍ വകുപ്പുതല നടപടികള്‍ക്ക് വകുപ്പില്ല.

ആറു മാസം വരെ വിതരണം ചെയ്യാത്ത തപാല്‍ ഉരുപ്പടികളാണിത്. മാര്‍ച്ചില്‍ എസ്.ബി.ടിയുടെ മംഗലപുരം ശാഖയില്‍ പലതവണയായി 12600 രൂപ നിക്ഷേപിച്ച രേഖകള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തി.