മോദിക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിടുക്കം കാണിച്ചവര്‍ സിനിമയെ പിന്തുണച്ചില്ല; ബോളിവുഡ് താരങ്ങള്‍ക്കെതിരെ വിവേക് ഒബ്രോയ്
national news
മോദിക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിടുക്കം കാണിച്ചവര്‍ സിനിമയെ പിന്തുണച്ചില്ല; ബോളിവുഡ് താരങ്ങള്‍ക്കെതിരെ വിവേക് ഒബ്രോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th April 2019, 3:11 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ ആസ്പദമാക്കിയുള്ള പി.എം നരേന്ദ്ര മോദി എന്ന സിനിമയ്ക്ക് ബോളിവുഡില്‍ നിന്നും പിന്തുണ ലഭിച്ചില്ലെന്ന് നടന്‍ വിവേക് ഒബ്രോയ്.

ചിത്രം ഇത്രയും വലിയ പ്രതിസന്ധി നേരിട്ടിട്ടും ചിത്രത്തെ പിന്തുണയ്ക്കാനും ചിത്രത്തിന് വേണ്ടി സംസാരിക്കാനും ആരും തയ്യാറായില്ലെന്നാണ് വിവേക് ഒബ്രോയ് പറയുന്നത്.

മോദിക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിടുക്കം കൂട്ടിയ ബോളിവുഡ് താരങ്ങള്‍ അദ്ദേഹത്തിന്റെ സിനിമ വന്നപ്പോള്‍ യാതൊരു രീതിയിലും പിന്തുണച്ചില്ലെന്നും ഇത് ഇരട്ടത്താപ്പാണെന്നും വിവേക് ഒബ്രോയ് വിമര്‍ശിക്കുന്നു.

ബോളിവുഡില്‍ ഐക്യമില്ലെന്നാണ് എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാനാവുന്നത്. പത്മാവദ് സിനിമക്കെതിരെ ആക്രമണം വന്നപ്പോഴും സഞ്ജയ് ലീല ബന്‍സാലിയെ ആക്രമിച്ചപ്പോഴും ബോളിവുഡ് ഒറ്റക്കെട്ടായി അതിനെ പ്രതിരോധിച്ചു.

മൈ നേം ഈസ് ഖാന്‍ എന്ന സിനിമ പ്രതിസന്ധി നേരിട്ട വേളയിലും എല്ലാവരും സിനിമയ്ക്ക് വേണ്ടി സംസാരിച്ചു. ഉഡ്താ പഞ്ചാബ് റിലീസിന് വേണ്ടി അനുരാഗ് കശ്യപിനെപ്പോലുള്ളവര്‍ രംഗത്തെത്തി. ഇതാണ് ജനാധിപത്യത്തിന്റെ അടയാളം.

ഇത്തരം സിനിമകള്‍ക്കെല്ലാം വേണ്ടി വാദിച്ചവര്‍ പി.എം നരേന്ദ്രമോദിയുടെ കാര്യം വന്നപ്പോള്‍ മിണ്ടുന്നില്ല. ഇതാണ് ഞങ്ങളുടെ സിനിമയ്ക്ക് സംഭവിക്കുന്നത്. സിനിമ നിരോധിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ” ഒരു വാക്കുപോലും ആരും പറഞ്ഞില്ല. ഒരു ട്വീറ്റ് പോലും ചെയ്തില്ല. ഇത് ശരിയായ സമീപനമല്ല. ഇത് ഇരട്ടത്താപ്പാണ്- വിവേക് ഒബ്രോയ് പറഞ്ഞു

ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമാണെന്നും എന്നാല്‍ അദ്ദേഹത്തിനൊപ്പം ഒരുമിച്ച് നില്‍ക്കാന്‍ ഇന്‍ഡസ്ട്രി തയ്യാറായില്ലെന്നും താരം പറയുന്നു.

” 600 ഓളം ആര്‍ട്ടിസ്റ്റുകള്‍ ഇപ്പോള്‍ പറയുന്നത് ബി.ജെ.പി ഇനി അധികാരത്തിലെത്തില്ലെന്നാണ്. അവര്‍ ഒരുമിച്ച് കൂടട്ടെ. ഞാന്‍ അതിനെ ബഹുമാനിക്കുന്നു. അവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള എല്ലാ അധികാരവുമുണ്ട്. – വിവേക് പറയുന്നു.

മോദിയുടെ ജീവിതം പ്രമേയമാക്കി എന്ന അവകാശവാദത്തോടെ പുറത്തിറക്കുന്ന പി.എം നരേന്ദ്രമോദിയെന്ന ചിത്രത്തിന്റെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കഴിയുംവരെ സിനിമ റിലീസ് ചെയ്യരുതെന്നാണ് കമ്മീഷന്‍ നിര്‍ദേശിച്ചത്.

ചിത്രത്തിന്റെ റിലീസ് വിലക്കണമെന്ന ഹരജി സുപ്രീം കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. പെരുമാറ്റചട്ട ലംഘനമുണ്ടോയെന്ന് പരിശോധിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് എന്നു പറഞ്ഞായിരുന്നു കോടതി നടപടി.

സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് പോലുമാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഇടപെടുന്നത് അപക്വമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു. കോണ്‍ഗ്രസ് വക്താവ് അമന്‍ പന്‍വാറാണ് സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ റിലീസ് തടഞ്ഞത്.

ഏപ്രില്‍ 11ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് വരെയുള്ള കാര്യങ്ങളാണ് പ്രതിപാദിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.