തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടെ കെ.മുരളീധരനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ തൃശൂരിലും.
‘മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നാണ് ഈ പോസ്റ്ററുകളില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു കമ്മിറ്റികളുടെ പേരിലാണ് ഈ പോസ്റ്ററുകള്‍ വന്നിട്ടുള്ളത്.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കെ.പി.സി.സിയുടെ നേതൃമാറ്റം ആവശ്യപ്പെട്ട് പലയിടങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തെ കോഴിക്കോടും സമാനമായ ഫ്‌ളക്‌സുകള്‍ വന്നിരുന്നു. കെ. മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നു തന്നെയായിരുന്നു ഈ ബോര്‍ഡുകളിലും എഴുതിയിരുന്നത്. എന്നാല്‍ ആരാണ് ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് പിന്നിലെന്ന് വ്യക്തമായിട്ടില്ല.
നേരത്തെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി കെ. മുരളീധരന്‍ രംഗത്തെത്തിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതികരണങ്ങള്‍ക്കെതിരെയാണ് കെ. മുരളീധരന്‍ രംഗത്തെത്തിയത്.
കെട്ടുറപ്പോടെ തെരഞ്ഞെടുപ്പിനെ നേരിടാത്തതാണ് യു.ഡി.എഫിന്റെ പരാജയത്തിന് കാരണമായതെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. എന്തായാലും ജയിക്കും, എന്നാല്‍ പിന്നെ ഒതുക്കേണ്ടവരെയൊക്കെ ഒതുക്കാം എന്ന് ചിലരങ്ങ് കരുതിയെന്നും അതിന് ജനങ്ങള്‍ നല്‍കിയ ശിക്ഷയാണ് ഇതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.
ഇനിയിപ്പോള്‍ തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് രോഗം മാറില്ല. മേജര്‍ സര്‍ജറി വേണം. അതിനുള്ള സമയമില്ല. ഇപ്പോള്‍ ഒരു മേജര്‍ സര്‍ജറി നടത്തിയാല്‍ രോഗി ജീവിച്ചിരിക്കാത്ത അവസ്ഥ വരും. അതുകൊണ്ട് തന്നെ ഒരു കൂട്ടായ ആലോചന നടത്തണമെന്നും മുരളീധരന്‍ പറഞ്ഞു.
ആദ്യം രാഷ്ട്രീയകാര്യ സമിതിയെ വിശ്വാസത്തിലെടുക്കുക. ജംബോ കമ്മിറ്റി ആദ്യം പിരിച്ചുവിടണം. ഈ കമ്മിറ്റികള്‍ ഒരു ഭാരമാണ്. കെ.പി.സി.സി ഓഫീസില്‍ മുറി അടച്ചിരുന്ന് മൂന്നോ നാലോ നേതാക്കന്മാര്‍ ചര്‍ച്ച നടത്തിയെന്ന ഗുരുതരമായ ആരോപണങ്ങളും മുരളീധരന്‍ ഉന്നയിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വലിയ വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസ് ഏറെ പിറകിലായിപ്പോയിരുന്നു. 321 പഞ്ചായത്തുകളിലാണ് യു.ഡി.എഫ് വിജയിച്ചത്. ബ്ലോക്കില്‍ 44ഉം ജില്ലാ പഞ്ചായിത്തില്‍ രണ്ടിടത്തുമാണ് യു.ഡി.എഫ് ജയിച്ചത്. അഞ്ച് കോര്‍പ്പറേഷനുകളില്‍ ഒരിടത്ത് മാത്രമാണ് യു.ഡി.എഫിന് ഭരണം നേടാനായത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക