തിരുവനന്തപുരം: കൊല്ലത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തിന് പിന്നാലെ കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം. പേയ്‌മെന്റ് റാണിയെ പുറത്താക്കുക എന്നെഴുതിയ പോസ്റ്ററുകളാണ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.
ബിന്ദു കൃഷ്ണ ബി.ജെ.പിയുടെ ഏജന്റാണെന്നും പോസ്റ്ററില്‍ പറയുന്നു. കൊല്ലം ഡി.സി.സി ഓഫീസിനും ആര്‍.എസ്.പി ഓഫീസിനും മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ അതൃപ്തി പരസ്യമാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേതൃത്വത്തിനെതിരായുള്ള പോസ്റ്ററുകളും ഫ്‌ളക്‌സുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.
കെ.പി.സി.സി ആസ്ഥാനത്ത് കെ.സുധാകരനെ കോണ്‍ഗ്രസിന്റെ അധ്യക്ഷനാക്കണമെന്ന് ആശ്യപ്പെട്ടും ഫ്‌ളക്‌സുകള്‍ ഉയര്‍ന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു എന്നീ സംഘടനകളുടെ പേരിലാണ് കൂറ്റന്‍ ഫ്‌ളക്‌സ് ഉയര്‍ന്നിരിക്കുന്നത്.
കേരളത്തിലെ കോണ്‍ഗ്രസിന് ഊര്‍ജം പകരാന്‍ ഊര്‍ജ്ജസ്വലതയുള്ള നേതാവ് കെ.സുധാകരനെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കണമെന്ന് ഫ്‌ളക്‌സില്‍ എഴുതിയിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും ചിഹ്നവും ഫ്‌ളക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച യു.ഡി.എഫ് നേതൃ യോഗം ചേരാനിരിക്കുന്നതിനിടെയാണ് കെ.സുധാകരനെ പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫ്‌ളക്‌സ് ഉയര്‍ന്നത് എന്നത് നിര്‍ണായകമാണ്. ഇതിനിടയിലാണ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം താനായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പ് ഫലം ഇതാകില്ലായിരുന്നുവെന്ന് കെ.സുധാകരന്‍ എം.പി പറഞ്ഞിരുന്നു.
എല്‍.ഡി.എഫ് ഭരണത്തിന്റെ വീഴ്ച ജനങ്ങളിലെത്തിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. യു.ഡി.എഫിന് സംഘടനാ ദൗര്‍ബല്യമുണ്ട്. കേരളത്തില്‍ അനുകൂല സാഹചര്യമുണ്ടായിട്ടും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായില്ലെന്നുമായിരുന്നു സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
സംസ്ഥാനത്തിന്റെ ഭരണത്തിലുണ്ടായ പോരായ്മകളെ ജനസമക്ഷം എത്തിക്കുന്നതില്‍ പരിമിതിയുണ്ടായി. ജംബോ കമ്മിറ്റികളും ഗുണം ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.