തിരുവനന്തപുരം: കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുന്‍പില്‍ പോസ്റ്റര്‍. അനുയായിയെ ഡി.സി.സി പ്രസിഡന്റാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ശശി തരൂരിനെതിരെ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കോട്ടയത്ത് ഉമ്മന്‍ ചാണ്ടിക്കെതിരെയും സമാനമായ ആരോപണങ്ങളുമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോട്ടയം ജില്ലാ കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കഞ്ചാവ് കടത്തുകാരനെയാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള പോസ്റ്ററിലെ ആരോപണം.
ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ എന്നായിരുന്നു കോട്ടയം ജില്ലാ കമ്മറ്റി ഓഫീസിനു മുന്നിലും നഗരത്തിലുമായി പതിപ്പിച്ചിരുന്ന പോസ്റ്ററുകളില്‍ ചോദിച്ചിരുന്നത്. നാട്ടകം സുരേഷിനെയും യൂജിന്‍ തോമസിനെയുമായിരുന്നു കോട്ടയം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.
അതേസമയം ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തനിക്കെതിരെ പാരവെച്ചെന്ന് ശശി തരൂര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മാതൃഭൂമി ആഴ്ചപതിപ്പിന്റെ ഓണം ലക്കത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ പ്രതികരണം.
‘തിരുവനന്തപുരം മണ്ഡലത്തെ നോട്ടമിട്ടിരുന്ന ഒരു പ്രധാനിയായിരുന്നു ഇയാള്‍. തനിക്കെതിരെ രഹസ്യനീക്കം നടത്തിയ ഈ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇടയ്ക്ക് പാര്‍ട്ടി വിടുകയും പിന്നെ തിരികെ വരികയും ചെയ്ത ആളാണ്,’ തരൂര്‍ പറഞ്ഞു.
തന്റെ പുസ്തകത്തിലെ കോണ്‍ഗ്രസിനെതിരായ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു തനിക്കെതിരായ നീക്കമെന്നും തരൂര്‍ പറഞ്ഞിരുന്നു. പ്രചരണ സമയത്ത് തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ നീക്കങ്ങളുണ്ടായെന്നും എന്നാല്‍ എല്ലാത്തിനേയും അതിജീവിക്കാന്‍ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.