ആലപ്പുഴ: ആലപ്പുഴയില്‍ എല്‍.ജി.ബി.ടി.ക്യൂ.ഐ വിഭാഗത്തിനെതിരെ വ്യാപകമായി പോസ്റ്ററുകള്‍. സ്വവര്‍ഗാനുരാഗം വൈകൃതമാണെന്നും അതിന് പ്രകൃതിയെ കൂട്ടുപിടിക്കുന്നത് എന്തിനാണെന്നതുള്‍പ്പെടെ ഉള്ള വാചകങ്ങളാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത് ആരാണെന്നത് സംബന്ധിച്ച വിവരമില്ല. ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിലും പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്.
പ്രൈഡ് അവയര്‍നെസ് ക്യാമ്പയില്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ ഞായറാഴ്ച നടക്കാനിരുന്ന പ്രൈഡ് മാര്‍ച്ചിന് മുന്നോടിയായാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ആലപ്പുഴ ടൗണിലുള്ള ചെത്തുതൊഴിലാളി യൂണിയന്‍ ഹാളില്‍ പ്രൈഡ് മാര്‍ച്ചിന് മുന്നോടിയായി സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്നു. ഈ ഹാളിന്റെ മതിലുകളിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്.
#protectfamilyvalues എന്ന ഹാഷ്ടാഗും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഴവില്ലിനെ അപഹരിക്കുന്നത് നിര്‍ത്തണമെന്നും പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്.
പോസ്റ്റര്‍ ആരാണ് പതിപ്പിച്ചതെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ഉള്‍പ്പെടുത്താതെയാണ് തെരുവുകളില്‍ വ്യാപകമായി പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്.
കേരളത്തില്‍ എല്‍.ജി.ബി.ടി. വിഭാഗത്തിനെതിരായ പോസ്റ്ററുകള്‍ പതിപ്പിച്ച സംഭവത്തെ അപലപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാത്ത സാമൂഹിക വിരുദ്ധരാണ് പ്രവര്‍ത്തിക്ക് പിന്നിലെന്നായിരുന്നു ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരിയുടെ പ്രതികരിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ജസ്‌ലയുടെ പരാമര്‍ശം.
‘മനുഷ്യനെ മനുഷ്യനായി കാണാന്‍ സാധിക്കാത്ത സാമൂഹിക വിരുദ്ധരാണ് ഈ പ്രവര്‍ത്തികള്‍ക്ക് പിന്നില്‍. ആണും പെണ്ണും എന്ന പ്രിവിലേജിന് പുറത്തേക്ക് മറ്റൊരു മത ന്യൂനപക്ഷങ്ങളേയും അംഗീകരിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ചിലര്‍ ഇവിടെ കാണിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനെ മനുഷ്യനായി കാണാന്‍ എന്നാണ് നിങ്ങള്‍ക്ക് കഴിയുക എന്ന് മാത്രമേ ചോദിക്കാനുള്ളൂ,’ ജസ്ല മാടശ്ശേരി പറഞ്ഞു.
ലൈംഗിക രോഗങ്ങള്‍ കൂടുതലായി പ്രചരിക്കുന്നതും ഏറ്റവും പുതിയ പകര്‍ച്ചവ്യാധിയായ മങ്കിപോക്‌സും പടരുന്നത് സ്വവര്‍ഗാനുരാഗികളിലാണെന്നും തുടങ്ങിയ വാചചകങ്ങള്‍ എഴുതിയാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്.
Content Highlight: Posters against LGBTQI+ community in alappuzha