'മോദി കിഴക്ക് ഉയിര്‍ത്തെഴുന്നേറ്റ ഹിറ്റ്ലര്‍'; യു.എസ് സന്ദര്‍ശനത്തിന് പിന്നാലെ വൈറ്റ് ഹൗസിന് മുന്നില്‍ പോസ്റ്റര്‍ പ്രതിഷേധം
World News
'മോദി കിഴക്ക് ഉയിര്‍ത്തെഴുന്നേറ്റ ഹിറ്റ്ലര്‍'; യു.എസ് സന്ദര്‍ശനത്തിന് പിന്നാലെ വൈറ്റ് ഹൗസിന് മുന്നില്‍ പോസ്റ്റര്‍ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th June 2023, 3:48 pm

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനത്തിന് മുന്നോടിയായി വൈറ്റ് ഹൗസിന് മുന്നില്‍ പോസ്റ്റര്‍ പ്രതിഷേധം. മോദി നോട്ട് ടു വെല്‍ക്കം എന്ന മുദ്രാവാക്യമുയര്‍ത്തി മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പീറ്റര്‍ ഫ്രീഡ്രിക്കാണ് വൈറ്റ് ഹൗസിന് മുന്നില്‍ പോസ്റ്റര്‍ ഉയര്‍ത്തി പ്രതിഷേധിച്ചത്.

‘മോദി ദി റൈസണ്‍ ഹിറ്റ്‌ലര്‍ ഇന്‍ ദി ഈസ്റ്റ് (മോദി കിഴക്ക് ഉയിര്‍ത്തെഴുന്നേറ്റ ഹിറ്റ്ലര്‍)’, ‘ബൈഡന്‍ സ്‌റ്റോപ്പ് ഇനബിളിങ് മോദീസ് ഫാസിസം(ബൈഡന്‍ മോദിയുടെ ഫാസിസത്തെ പിന്തുണക്കുന്നത് നിര്‍ത്തുക) എന്നിങ്ങനെ എഴുതിയ രണ്ട് പോസ്റ്ററുകളാണ് പീറ്റര്‍ ഫ്രീഡ്രിക്ക് ഉയര്‍ത്തിക്കാണിക്കുന്നത്. രണ്ട് പോസ്റ്ററിലും #ModiNotWelcome എന്ന ഹാഷ് ടാഗും എഴുതിയിട്ടുണ്ട്. ഈ ചിത്രം പീറ്റര്‍ ഫ്രീഡ്രിക്ക് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

 

അധ്യാപകനും എഴുത്തുകാരനുമായ അശോക് സ്വയ്‌നും ചിത്രം തന്റെ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘മോദി വൈറ്റ് ഹൗസിലെത്തും മുമ്പ് !’ എന്നാണ് അശോക് സ്വയ്ന്‍ ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍.

ജൂണ്‍ 21 നാണ് മോദി യു.എസ് സന്ദര്‍ശിക്കുന്നത്. യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഇതോടെ രണ്ട് തവണ യു.എസ് കോണ്‍ഗ്രസ് യോഗത്തെ അഭിസംബോധ ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനാണ് നരേന്ദ്ര മോദി ലക്ഷ്യം വെക്കുന്നത്.

മോദിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ വിലക്കിയ ബി.ബി.സി ഡോക്യുമെന്ററി വാഷിങ്ടണ്‍ ഡി.സിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് രണ്ട് മനുഷ്യവകാശ സംഘടനകള്‍ അറിയിച്ചിരുന്നു.

ദി മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററിയാണ് ഹ്യൂമന്‍ റൈറ്റ് വാച്ചും ആംനെസ്റ്റി ഇന്റര്‍നാഷണലും പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്. മാധ്യമപ്രവര്‍ത്തകരെയും നയതന്ത്രജ്ഞരെയും സംഘടനകള്‍ പ്രദര്‍ശനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.