തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വിയില്‍ പാര്‍ട്ടിക്കകത്ത് പ്രതിഷേധങ്ങള്‍ പുകയുന്നതിനിടെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റര്‍ പ്രതിഷേധം. തിരുവനന്തപുരത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കടിച്ചു തൂങ്ങിയാല്‍ പ്രവര്‍ത്തകര്‍ക്ക് അടിച്ചിറക്കേണ്ടി വരുമെന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്. എം.എല്‍.എ ഹോസ്റ്റലിന് മുന്നിലാണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പോസ്റ്റര്‍ വന്നത്.
‘പാര്‍ട്ടിയെ വെന്റിലേറ്ററിലാക്കി ഇനി ശവദാഹം കൂടി നടത്തിയേ മാറുള്ളു എന്നാ പറയുന്നേ. കടിച്ചു തൂങ്ങിയാല്‍ പ്രവര്‍ത്തകര്‍ക്ക് അടിച്ചിറക്കേണ്ടി വരും. സേവ് കോണ്‍ഗ്രസ്,’ എന്നാണ് പോസ്റ്ററിലുള്ളത്.
‘കെ.പി.സി.സിയിലെ സുഖ ജീവിതം ഉപേക്ഷിക്കുമെന്നോ ശിവ ശിവ ചിന്തിക്കാന്‍ പോലും വയ്യ.
പ്രവര്‍ത്തകരില്‍ നിന്ന് പിരിച്ച കോടികളുടെ ഫണ്ട് പിന്നെ ആര് ചിലവഴിക്കും. കുടുംബത്തിനൊപ്പം ആര്‍ഭാട ജീവിതം ആര് നയിക്കും. ഒരു ജോലിയുമെടുക്കേണ്ട.. ആരോടും മറുപടി പറയേണ്ട. ചോദ്യം ചോദിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പറയാം. തടിതപ്പാം,’ എന്നും പോസ്റ്ററില്‍ പറയുന്നു.
എന്നാല്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഒറ്റയ്ക്ക് ഏറ്റെടുക്കില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയിരുന്നു.
തോല്‍വിയ്ക്ക് പിന്നാലെ മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവശ്യം ഉയര്‍ന്ന് വന്നിരുന്നു.
കോണ്‍ഗ്രസിനകത്ത് പുനഃസംഘടന നടത്തണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെ പാര്‍ട്ടി കഴിഞ്ഞ ദിവസം
പുനഃസംഘടന നടത്താന്‍ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ തീരുമാനമായിരുന്നു.
തെരഞ്ഞെടുപ്പ് തോല്‍വിയെ സംബന്ധിച്ച് എം.എല്‍.എമാര്‍, മണ്ഡലങ്ങളിലെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ ഡി.സി.സി പ്രസിഡന്റുമാര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ലോക്ക്ഡൗണിന് ശേഷം ചേരുന്ന രാഷ്ട്രീയ കാര്യസമിതിക്ക് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം.
99 സീറ്റുകള്‍ നേടിയാണ് എല്‍.ഡി.എഫ് ഇത്തവണ അധികാരത്തിലെത്തിയത്. 41 സീറ്റുകളാണ് യു.ഡി.എഫിന് നേടാനായത്. 92 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 21 സീറ്റുകളിലാണ് വിജയിക്കാനായത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക