മലയാളികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മോഹന്‍ലാല്‍ നായകനാകുന്ന എമ്പുരാന്‍. 2019ല്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനില്‍ നിന്ന് ഖുറേഷി അബ്രാം എന്ന അധോലോകനായകനായുള്ള മോഹന്‍ലാലിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ ആരാധകര്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു.
എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു.ഹോളിവുഡ് ആക്ഷന്‍ ചിത്രങ്ങളില്‍ കാണുന്നതുപോലെ വലിയ ഹെലികോപ്റ്ററുകളുമൊക്കയായി യുദ്ധസമാനമായ അന്തരീക്ഷത്തില്‍ തോക്കും പിടിച്ചു നില്‍ക്കുന്ന ഖുറേഷിയുടെ ബാക്ക് പോസാണ് പോസ്റ്ററിലുള്ളത്. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച പോസ്റ്ററാണെന്ന് പലരും വിമര്‍ശിച്ചിരുന്നു.
എന്നാല്‍ അതെല്ലാം റിയലാണെന്നും താന്‍ കുറച്ച് ടച്ച് അപ്പും, കളര്‍ ഗ്രേഡിങ്ങും മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് പോസ്റ്റര്‍ ഡിസൈനര്‍ ആനന്ദ് രാജേന്ദ്രന്‍ പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ആനന്ദ് ഇക്കാര്യം പറഞ്ഞത്.
‘പോസ്റ്റര്‍ റിലീസാകുന്നതിന് രണ്ടുമൂന്ന് ദിവസം മുന്നേ പൃഥ്വിരാജ് എന്നെ വിളിച്ചിട്ട്, ഒരു സ്റ്റില്‍ അയച്ച് തരാം, അത് വെച്ച് ഒരു പോസ്റ്റര്‍ റെഡിയാക്ക് എന്ന്. ആ സിനിമയിലുള്ള സ്റ്റില്ലാണത്. അതില്‍ കാണുന്ന ഹോലികോപ്റ്ററും, ബാക്കി സാധനങ്ങളുമെല്ലാം റിയലാണ്. അതിന് വേണ്ട കളര്‍ ഗ്രേഡിങ്ങും, പിന്നെ കുറച്ച് ടച്ച് അപ്പും മാത്രമേ ചെയ്തിട്ടുള്ളൂ. എ.ഐ ഒന്നുമല്ല, സിനിമ കാണുമ്പോള്‍ അതിന്റെ ഇംപാക്ട് മനസിലാകും,’ ആനന്ദ് പറഞ്ഞു.
ആശീര്‍വാദ് സിനിമാസും, സൗത്ത് ഇന്ത്യയിലെ വലിയ പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നായ ലൈക്കാ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. യു.കെ, യു.എസ്, അബുദാബി തുടങ്ങിയ വിദേശ രാജ്യങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്. ബോളിവുഡ് താരം വിദ്യുത് ജംവാളും, തമിഴ് താരം അര്‍ജുന്‍ ദാസും ചിത്രത്തിന്റെ ഭാഗമാകുമെന്ന് സൂചനകളുണ്ട്. 2025ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.
Content Highlight: Poster designer Anand Rajendran about Empuraan Poster