| Friday, 18th November 2022, 9:15 am

വാര്‍ണറേ നിങ്ങളുടെ ജേഴ്‌സി തരുമോ എന്ന് കുഞ്ഞ് ആരാധകന്‍, ഞാന്‍ തരൂല വേണേല്‍ ലബുഷാനോട് ചോദിക്ക് എന്ന് വാര്‍ണര്‍; വൈറലായി പോസ്റ്റര്‍ കോണ്‍വെര്‍സേഷന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ ഏകദിന പരമ്പരക്ക് തുടക്കം കുറിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച് 1-0ന് മുമ്പിലെത്താനും ഓസീസിനായിരുന്നു.

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, വണ്‍ ഡൗണ്‍ ബാറ്റര്‍ സ്റ്റീവ് സ്മിത് എന്നിവര്‍ ആഞ്ഞടിച്ചതോടെയാണ് ഇംഗ്ലണ്ട് ഉയര്‍ത്തിയ വിജയലക്ഷ്യം ഓസീസ് അനായാസം മറികടന്നത്.

വാര്‍ണര്‍ 84 പന്തില്‍ നിന്നും റണ്‍സ് നേടിയപ്പോള്‍ സ്മിത് 78 പന്തില്‍ നിന്നും പുറത്താവാതെ 80 റണ്‍സ് നേടി. 57 പന്തില്‍ നിന്നും 69 റണ്‍സായിരുന്നു ഹെഡിന്റെ സംഭാവന.

മത്സരത്തിനിടെ നടന്ന രസകരമായ ചില സംഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മത്സരത്തിനിടെ ഒരു കുഞ്ഞ് ആരാധകര്‍ ഡേവിഡ് വാര്‍ണറിനോട് ഷര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്.

‘David Warner, Can I have your shirt?’ എന്ന് ഒരു ചെറിയ കടലാസില്‍ എഴുതിയായിരുന്നു കുഞ്ഞ് ആരാധകര്‍ ഗ്രൗണ്ടിലെത്തിയത്. ആരാധകനെയും അവന്റെ കയ്യിലെ കടലാസും കണ്ടതോടെ ക്യാമറകള്‍ അവന്റെ പിന്നാലെയായി.

ആരാധകന്റെ കയ്യിലെ എഴുത്ത് ശ്രദ്ധയില്‍ പെട്ട വാര്‍ണറിന്റെ റിയാക്ഷനും ഏറെ രസകരമായിരുന്നു. ‘Get one off Marnus’ എന്നായിരുന്നു വാര്‍ണറിന്റെ മറുപടി. ആരാധകനെ പോലെ ഒരു ചെറിയ കടലാസിലായിരുന്നു വാര്‍ണറും മറുപടി നല്‍കിയത്.

ഇതോടെ മാര്‍നസ്, താങ്കളുടെ ഷര്‍ട്ട് തരുമോ എന്നെഴുതിയ കടലാസും പ്രത്യക്ഷപ്പെട്ടു. പൊട്ടിച്ചിരിച്ചുകൊണ്ട് തമ്പ്‌സ് അപ് നല്‍കിയാണ് വാര്‍ണര്‍ അതിനെ വരവേറ്റത്.

അതേസമയം, മത്സരത്തില്‍ ഓസീസ് ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഓസീസിന് തുടക്കം പിഴച്ചില്ല. ജേസണ്‍ റോയിയെയും ഫില്‍ സോള്‍ട്ടിനെയും പെട്ടെന്ന് മടക്കിയ കങ്കാരുക്കള്‍ മൂന്നാമനായി ഇറങ്ങിയ ഡേവിഡ് മലന് മുമ്പില്‍ വിറച്ചു.

128 പന്തില്‍ നിന്നും 134 റണ്‍സാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ ഡേവിഡ് മലനെ ഒരറ്റത്ത് നിര്‍ത്തി മറുഭാഗത്തെ വിക്കറ്റുകള്‍ വീഴ്ത്തുക എന്ന ഓസീസ് തന്ത്രം ഫലം കണ്ടതോടെ ഇംഗ്ലണ്ട് വീണ്ടും കുഴങ്ങി.

ഒമ്പതാമനായി ഇറങ്ങിയ ഡേവിഡ് വില്ലി മാത്രമാണ് അല്‍പമെങ്കിലും പൊരുതി നോക്കിയത്. 40 പന്തില്‍ നിന്നും 34 റണ്‍സാണ് താരം നേടിയത്. ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ആറ് വിക്കറ്റും 19 പന്തും ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

നവംബര്‍ 19നാണ് പരമ്പരയിലെ അടുത്ത മത്സരം. സിഡ്‌നിയാണ് വേദി.

Content Highlight: Poster conversation between David Warner and fan

We use cookies to give you the best possible experience. Learn more