| Wednesday, 25th August 2021, 11:30 am

മുതിര്‍ന്ന നേതാക്കളെ സതീശന്‍ ഒതുക്കി; എറണാകുളം ഡി.സി.സി ഓഫീസിനുമുന്നില്‍ 'യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തക'രുടെ പോസ്റ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഡി.സി.സി പുനസംഘടനയെചൊല്ലി കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എറണാകുളം ഡി.സി.സി ഓഫീസിനുമുന്നില്‍ പോസ്റ്റര്‍.

മുതിര്‍ന്ന നേതാക്കളെ സതീശന്‍ ഒതുക്കിയെന്നാണ് പോസ്റ്ററില്‍ ആരോപിക്കുന്നത്. സതീശന്‍ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്.

യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് പോസ്റ്റില്‍ പതിച്ചിരിക്കുന്നത്. ജില്ലയില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടപ്പെട്ടാലും വേണ്ടില്ല, തന്റെ ഗ്രൂപ്പുകാരന്‍ തന്നെ ജില്ല കോണ്‍ഗ്രസ് പ്രസിഡന്റ് ആകണമെന്നുള്ള വി.ഡി. സതീശന്റെ പിടിവാശിയും മര്‍ക്കടമുഷ്ടിയും അവസാനിപ്പിക്കുക എന്നും പോസ്റ്ററില്‍ പറയുന്നു.

ഗ്രൂപ്പ് ഇല്ലാ എന്ന് കള്ളം പറഞ്ഞ് ഗ്രൂപ്പ് കളിക്കുന്ന വി.ഡി. സതീശന്റെ കോണ്‍ഗ്രസ് വഞ്ചന തിരിച്ചറിയുക എന്നും പോസ്റ്ററില്‍ പറയുന്നത്.

ഡി.സി.സി ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിന് മുന്‍പായുള്ള നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് ദല്‍ഹിയില്‍ നടക്കും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായും കൂടിക്കാഴ്ച നടത്തും.

നേരത്തെ കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുന്‍പില്‍ പോസ്റ്റര്‍ പതിച്ചിരുന്നു. അനുയായിയെ ഡി.സി.സി പ്രസിഡന്റാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ശശി തരൂരിനെതിരെ പോസ്റ്റര്‍ പതിച്ചത്.

മുന്‍പ് കോട്ടയത്ത് ഉമ്മന്‍ ചാണ്ടിക്കെതിരെയും സമാനമായ ആരോപണങ്ങളുമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോട്ടയം ജില്ലാ കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കഞ്ചാവ് കടത്തുകാരനെയാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള പോസ്റ്ററിലെ ആരോപണം.

ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ എന്നായിരുന്നു കോട്ടയം ജില്ലാ കമ്മറ്റി ഓഫീസിനു മുന്നിലും നഗരത്തിലുമായി പതിപ്പിച്ചിരുന്ന പോസ്റ്ററുകളില്‍ ചോദിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Poster against V.D Satheesan

We use cookies to give you the best possible experience. Learn more