ബെംഗളൂരു: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റര്‍ പതിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. ജൂലൈ 18ന് നടന്ന പ്രതിപക്ഷ യോഗത്തില്‍ നിതീഷ് പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതികള്‍ ബെംഗളൂരുവില്‍ പോസറ്റര്‍ പതിച്ചത്.
ശ്രീറാം, മോഹന്‍, നന്ദകുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിതീഷ് കുമാറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പതിച്ചുവെന്നതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. മോഹന്‍, ശ്രീറാം എന്നിവര്‍ ബി.ജെ.പി പ്രവര്‍ത്തകരാണ്.
സ്ഥിരതയില്ലാത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് നിതീഷ് കുമാറിനെ വിളിച്ചുകൊണ്ടുള്ള പോസ്റ്ററുകളായിരുന്നു പ്രതികള്‍ ബെംഗളൂരു നഗരത്തില്‍ പതിച്ചത്. പോസ്റ്റര്‍ പ്രസിദ്ധീകരിക്കാന്‍ ശ്രീറാം പണം നല്‍കിയതനുസരിച്ച് നന്ദകുമാറിന്റെ പ്രിന്റിങ് പ്രസ് ആണ് പോസ്റ്ററിന്റെ ഉള്ളടക്കം അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. ബെംഗളൂരുവിലെ ചാലുക്യ സര്‍ക്കിള്‍, വിന്‍ഡ്‌സര്‍ മാനര്‍ ബ്രിഡ്ജ്, ഹെബാല്‍ എയര്‍പോര്‍ട്ട് റോഡ് എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചത്. മോഹന്റെ മിനി ടെമ്പോയില്‍ എത്തിച്ചാണ് പോസ്റ്ററുകള്‍ വിവിധയിടങ്ങളില്‍ പതിപ്പിച്ചത്. അറസ്റ്റിലായ മൂന്ന് പേരും ശെസാദ്രിപുരം സ്വദേശികളാണ്.
ബീഹാറിലെ സുല്‍ത്താന്‍ഗഞ്ച് പാലം തകര്‍ന്നതിന് നിതീഷ് കുമാറിനെ കുറ്റപ്പെടുത്തികൊണ്ടുള്ള പോസ്റ്ററുകളും ബംഗളൂരുവില്‍ പ്രത്യക്ഷപ്പെട്ടു.
‘ബീഹാറിലെ മുഖ്യമന്ത്രിക്ക് സ്വാഗതം. തകര്‍ന്നു കൊണ്ടിരിക്കുന്ന സുല്‍ത്താന്‍ഗഞ്ച് പാലമാണ് ബീഹാറിനുള്ള അദ്ദേഹത്തിന്റെ സമ്മാനം. ബീഹാറിലെ പാലങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഭരണത്തെ താങ്ങാന്‍ കഴിയുന്നില്ല. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ ക്യാംപെയ്ന്‍ നയിക്കുന്നത് അദ്ദേഹമാണ്, ‘ എന്നായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്.
‘ സ്ഥിരതയില്ലാത്ത പ്രധാമന്ത്രി സ്ഥാനാര്‍ത്ഥി. ബംഗളൂരു നിതീഷ് കുമാറിന് ഗംഭീര വരവേല്‍പ്പ് ഒരുക്കുന്നു. സുല്‍ത്താന്‍ഗഞ്ച് പാലം ആദ്യം തകര്‍ന്നത് ഏപ്രില്‍ 2022ലാണ്. രണ്ടാമത് തകര്‍ന്നത് ജൂണ്‍ 2023 നാണ്,’ മറ്റൊരു പോസ്റ്ററില്‍ പറയുന്നു. ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു.
ബെംഗളൂരുവില്‍ വെച്ച് ജൂലൈ 17, 18 തിയതികളിലായിരുന്നു രണ്ടാം പ്രതിപക്ഷ യോഗം നടന്നത്. പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’യെന്ന പേരും യോഗത്തില്‍ നല്‍കിയിരുന്നു.
Content Highlight: Poster against nithish kumar; bjp workers arrested