| Friday, 26th July 2019, 10:13 am

'കാനത്തെ മാറ്റൂ സി.പി.ഐയെ രക്ഷിക്കൂ'; കാനം രാജേന്ദ്രനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍. സി.പി.ഐ ആലപ്പുഴാ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘കാനത്തെ മാറ്റൂ സി.പി.ഐയെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

എം.എല്‍.എ എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റത് പ്രതിഷേധത്തിന് പോയത് കൊണ്ടാണെന്ന് കാനം പറഞ്ഞിരുന്നു. ‘എം.എല്‍.എയെ പൊലീസ് വീടുകയറി ആക്രമിച്ചതല്ല. സമരം ചെയ്തിട്ടാണ് അടി കിട്ടിയത്. എനിക്ക് ഇങ്ങനെയേ പ്രതികരിക്കാന്‍ കഴിയൂ’- കാനം പറഞ്ഞിരുന്നു.

അനീതിക്കെതിരെ സമരം ചെയ്യുമ്പോള്‍ ചിലപ്പോള്‍ പൊലീസിനെതിരെയാകും. സംഭവത്തില്‍ കലക്ടറോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സി.പി.ഐ നേതാക്കളെ തിരിച്ചറിയാന്‍ സാധിച്ചില്ലേയെന്നു പൊലീസിനോട് ചോദിക്കണമെന്നും കാനം പറഞ്ഞിരുന്നു.

സമരം നടത്തിയത് കാനത്തിന്റെ അറിവോടെയാണെന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞിരുന്നു. ‘മാര്‍ച്ച് നടക്കുന്ന വിവരം അറിയിച്ചപ്പോള്‍ വേണ്ടെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നില്ല. ഞാറയ്ക്കലിലേക്ക് മാര്‍ച്ച് നടത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് പാര്‍ട്ടി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഡി.ഐ.ജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്’- രാജു പറഞ്ഞിരുന്നു

അതേസമയം, എം.എല്‍.എയ്ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുമായി കാനം കൂടിക്കാഴ്ച നടത്തിയിരുന്നു. എ.കെ.ജി സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നു.

കൊച്ചിയില്‍ സി.പി.ഐ. നടത്തിയ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം.എല്‍.എ അടക്കമുള്ളവര്‍ക്കാണ് പോലീസിന്റെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. കൊച്ചി റേഞ്ച് ഡി.ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിനു നേരെയാണ് പൊലീസ് ലാത്തിവീശിയത്.

We use cookies to give you the best possible experience. Learn more