'മണ്ഡലം കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കും'; എ.കെ ബാലനെതിരെ പാലക്കാട് നഗരത്തില്‍ പോസ്റ്റര്‍
Kerala News
'മണ്ഡലം കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കും'; എ.കെ ബാലനെതിരെ പാലക്കാട് നഗരത്തില്‍ പോസ്റ്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th March 2021, 9:18 am

പാലക്കാട്: മന്ത്രി എ.കെ ബാലന്റെ ഭാര്യ ഡോക്ടര്‍ പി.കെ ജമീലയെ തരൂരില്‍ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനിടെ എ.കെ ബാലനെതിരെ പാലക്കാട് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

മണ്ഡലം കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുമെന്നും അധികാരമില്ലാതെ ജീവിക്കാനാകാത്തവര്‍ തുടര്‍ഭരണം ഇല്ലാതാക്കുമെന്നുമാണ് പോസ്റ്ററില്‍ പറയുന്നത്. തരൂരിനൊപ്പം മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലിയും പാലക്കാട് സി.പി.ഐ.എമ്മില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥി പട്ടികയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉച്ചയ്ക്ക് ജില്ലാ നേതൃയോഗം ചേരും.

എ.കെ ബാലന്റെ ഭാര്യ ഡോക്ടര്‍ പി.കെ ജമീലയെ തരൂരില്‍ സ്ഥാനാര്‍ഥിയാക്കുന്നതാണ് പോസ്റ്ററിന് പിന്നിലെ പ്രകോപനമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബാലന്റെ ഭാര്യയെ മത്സരിപ്പിക്കുന്നതില്‍ ഒരു വിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിര്‍പ്പുണ്ട്.

 

 

2001 മുതല്‍ എ.കെ ബാലന്‍ മത്സരിച്ചു ജയിക്കുന്ന തരൂര്‍ മണ്ഡലത്തില്‍ കുടുംബ പാരമ്പര്യത്തിന്റെ പേരില്‍ മാത്രമാണ് ജമീലയ്ക്ക് സീറ്റ് നല്‍കുന്നതെന്നാണ് ആരോപണം. പട്ടികജാതി ക്ഷേമ സമിതിയുടെ ജില്ലാ ഭാരവാഹിയായ പൊന്നുകുട്ടനെയോ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ കെ. ശാന്തകുമാരിയെയോ പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്.

തരൂറിന് പുറമെ ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട് മണ്ഡലങ്ങളെച്ചൊല്ലിയും നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ട്. ഷൊര്‍ണൂരില്‍ പി.കെ ശശിക്ക് പകരം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രനെ പരിഗണിച്ചെങ്കിലും മാറ്റുകയായിരുന്നു. പി മമ്മിക്കുട്ടിയുടെ പേരാണ് നിലവില്‍ ഉള്ളത്.

ഒറ്റപ്പാലത്ത് പി.ഉണ്ണിയുടെ രണ്ടാമത്തെ മല്‍സരം തടഞ്ഞ് ഡി.വൈ.എഫ്.ഐ നേതാവ് പ്രേംകുമാറിനെ പരിഗണിക്കുന്നതിലും വിയോജിപ്പുണ്ട്. കോങ്ങാട് ഡി.വൈ.എഫ്.ഐ നേതാവ് പി.പി സുമോദിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയും വിമര്‍ശനമുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Poster against A.K Balan