ടെഹ്‌റാന്‍: ഹിജാബ് ധരിക്കാതെ യൂട്യൂബില്‍ സംഗീത പരിപാടി അവതരിപ്പിച്ചതിന് ഇറാനിയന്‍ ഗായികയെ അറസ്റ്റ് ചെയ്തു. ഹിജാബ് ധരിക്കാതെ യൂട്യൂബില്‍ ഓണ്‍ലൈന്‍ സംഗീത പരിപാടി അവതരിപ്പിച്ചതിനാണ് ഗായിക പരസ്തൂ അഹമ്മദിയെ ഇറാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
ഡിസംബര്‍ 14 ശനിയാഴ്ച മസന്ദരാന്‍ പ്രവിശ്യയുടെ തലസ്ഥാനമായി സരിയില്‍ വെച്ചാണ് പരസ്തുവിനെ അധികൃതര്‍ അറസ്റ്റ് ചെയ്യുന്നത്. ഡിസംബര്‍ 11 നായിരുന്നു പരസ്തൂ അഹമ്മദി തന്റെ സംഗീത പരിപാടിയുടെ വീഡിയോ പോസ്റ്റ് ചെയ്തത്.
നാല് ഗായകര്‍ക്കൊപ്പം സ്ലീവ് ലെസായ വസ്ത്രം ധരിച്ച് തലമുടി കാണിച്ച് കൊണ്ടുള്ള വീഡിയോയാണ് പ്രചരിച്ചതെന്നാണ് റിപ്പോര്‍ട്ട്. 16 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തനിക്ക് കലാകാരിയെന്ന നിലയില്‍ അവതരണത്തിനുള്ള അവകാശമുണ്ടെന്നും തന്നെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി പാടുമെന്നും ഗായിക പറയുന്നു. താന്‍ ഇഷ്ടപ്പെടുന്ന ദേശത്തിന് വേണ്ടി പാടുന്നുവെന്നും ഗായിക വീഡിയോയുടെ തുടക്കത്തില്‍ പറയുന്നു.
അതേസമയം അധികൃതര്‍ പരസ്തുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അവള്‍ക്കെതിരെ ചുമത്തിയ കുറ്റമെന്താണെന്ന് വ്യക്തമല്ലെന്നുമാണ് അഭിഭാഷകന്‍ പറയുന്നത്.
എവിടെയാണ് കസ്റ്റഡിയില്‍ വെച്ചിട്ടുള്ളതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നുമാണ് പരസ്തൂവിന്റെ അഭിഭാഷകന്‍ മിലാദ് പനാഹിപൂര്‍ മാധ്യമങ്ങളോട് പറഞ്ഞതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം പരസ്തുവിന്റെ ബാന്റിലെ ഗായകരായ സൊഹൈല്‍ ഫഗിഹ് നസിരി, എഹ്‌സാന്‍ ബെയ്രാഗ്ദാള്‍ എന്നിവരെ ടെഹ്‌റാനില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്.
1979ലെ ഇസ്‌ലാമിക വിപ്ലവം മുതല്‍, ജനങ്ങള്‍ക്ക് മുന്നില്‍ ഒറ്റയ്ക്ക് പാടുന്നതിനോ പൊതുസ്ഥലങ്ങളിലോ മീഡിയ പ്ലാറ്റ്ഫോമുകളിലോ ഹിജാബ് ഇല്ലാതെ പ്രത്യക്ഷപ്പെടുന്നതിനോ സ്ത്രീകളെ നിരോധിക്കുന്ന കര്‍ശനമായ നിയന്ത്രണങ്ങള്‍ ഇറാനിലുണ്ട്.
Content Highlight: posted a video on social media without wearing hijab; Singer arrested in Iran