ബെംഗളൂരു: “പോസ്റ്റ്കാര്‍ഡ് ന്യൂസി”ന്റെ സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്‌ഡെയെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഘപരിവാറിനും ബി.ജെ.പിയ്ക്കും വേണ്ടി വ്യാജവാര്‍ത്തകള്‍ പടച്ചു വിടുന്നതിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച വാര്‍ത്താ പോര്‍ട്ടലാണ് പോസ്റ്റ്കാര്‍ഡ് ന്യൂസ്.
ഈ മാസം 18-ാം തിയ്യതി പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്തയുടെ പേരിലാണ് അറസ്റ്റ്. നേരത്തേ ശ്രാവണവെലഗോളയിലെ ഉത്സവത്തിനെത്തിയ ഒരു ജൈന സന്യാസി അപകടത്തില്‍ പെട്ടിരുന്നു. ഈ സംഭവത്തെ വളച്ചൊടിച്ച് സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന തരത്തിലാണ് പോസ്റ്റ്കാര്‍ഡ് ന്യൂസ് വാര്‍ത്ത നല്‍കിയത്.
“വളരെ ദു:ഖകരമായ വാര്‍ത്ത. കര്‍ണ്ണാടകയില്‍ ജൈന സന്യാസി മുസ്‌ലിം യുവാക്കളാല്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. സിദ്ധരാമയ്യയുടെ കര്‍ണ്ണാടകയില്‍ ആരും സുരക്ഷിതരല്ല.”
മാര്‍ച്ച് 18-ന് ഫേസ്ബുക്ക് പേജില്‍ അപകടത്തില്‍ പെട്ട് ചികിത്സ തേടിയ ജൈന സന്യാസിയുടെ ചിത്രം ഉള്‍പ്പെടെ പോസ്റ്റ്കാര്‍ഡ് ന്യൂസ് പോസ്റ്റ് ചെയ്തത് ഇങ്ങനെയായിരുന്നു.
അറസ്റ്റ് വാര്‍ത്ത ബെംഗളൂരു പൊലീസ് കമ്മീഷണര്‍ സുരേഷ് കുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു പരാതികളിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഗഫാര്‍ ബൈഗ് ആണ് ഒരു പരീതിക്കാരന്‍.
റാണി ചെന്നമ്മയേയും ഒനാകെ ഒബാവയേയും (Onake Obava) പറ്റി പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്തകളിന്മേല്‍ സഞ്ജയ് നഗര്‍ എന്ന വ്യക്തി നല്‍കിയതാണ് രണ്ടാമത്തെ പരാതി.
“ജൈന സന്യാസിയെ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. അല്ലാതെ ഹെഗ്‌ഡെ അവകാശപ്പെടുന്നതു പോലെ മുസ്‌ലിം യുവാക്കള്‍ ആക്രമിച്ചിട്ടല്ല. ഹെഗ്‌ഡെയെ അറസ്റ്റ് ചെയ്തത് സത്യമാണ്.” -ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി “ദി ന്യൂസ് മിനുറ്റ്” റിപ്പോര്‍ട്ട് ചെയ്യുന്നു.
Don”t Miss: ജൂണ്‍ മാസത്തോടെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 48 കോടിയാകുമെന്ന് പഠനം
കേസില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്കാര്‍ഡ് ന്യൂസിന്റെ ഫേസ്ബുക്ക് പേജിലും ഹെഗ്‌ഡെയുടെ വ്യക്തിഗത ഫേസ്ബുക്ക് അക്കൗണ്ടിലും ജൈന സന്യാസിയെ പറ്റിയുള്ള വ്യാജവാര്‍ത്ത പോസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 (എ), 34, 120 (ബി), ഐ.ടി ആക്ടിലെ 66-ാം വകുപ്പ് എന്നിവ പ്രകാരമാണ് ആദ്യ പരാതിയിലെ കേസ്. രണ്ടാം പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153(എ), 295(എ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.