| Tuesday, 7th May 2019, 6:42 pm

പൊലീസുകാര്‍ ചെയ്ത പോസ്റ്റല്‍ വോട്ടില്‍ വ്യാപകമായ ക്രമക്കേട് നടന്നു; സ്ഥിരീകരിച്ച് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൊലീസുകാര്‍ ചെയ്ത പോസ്റ്റല്‍ വോട്ടില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ അന്വേഷണ റിപ്പോര്‍ട്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഡി.ജി.പിയുടെ കണ്ടെത്തല്‍.

ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നുവെന്നും, കര്‍ശന നടപടികള്‍ക്കായി റിപ്പോര്‍ട്ട് പരിശോധിച്ച് നിര്‍ദ്ദേശം നല്‍കണമെന്ന് ഡി.ജി.പി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

റിപ്പോര്‍ട്ട് പരിശോധിച്ച് കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ടിക്കാറാം മീണയോട് ഡിപിജി ആവശ്യപ്പെട്ടത് . ഇന്റലിജന്‍സ് എഡിജിപി ടി.കെ വിനോദ് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

പൊലീസ് അസോസിയേഷന്‍ കൂട്ടത്തോടെ പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കുന്നതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിഷയം വിവാദത്തിലേക്ക് കൂപ്പുകുത്തുന്നത്. ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള ഒരു സന്ദേശം പ്രചരിച്ചത്. പൊലീസ് സംഘടനാ നേതാവിന്റെ സംഭാഷണമാണ് ശബ്ദരേഖയിലുള്ളത്.

വോട്ടുകള്‍ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് മുന്‍കൂട്ടി നല്‍കണമെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് ശേഖരിച്ച ശേഷം അവയില്‍ തിരിമറി നടത്തിയ ശേഷം പെട്ടിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നാണ് സൂചന. 58,000ഓളം പോലീസുകാരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരുന്നത്.

തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേട് നടന്നതായി റിപ്പോര്‍റ്റുകള്‍ വന്നിരുന്നു. പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികള്‍ വാങ്ങി വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്നായിരുന്നു പരാതി. തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാരെ സമ്മര്‍ദ്ദം ചെലുത്തി അസോസിയേഷന്‍ നിര്‍ദേശിക്കുന്ന വിലാസത്തിലേക്ക് പോസ്റ്റല്‍ ബാലറ്റ് അയക്കാന്‍ ആവശ്യപ്പെടുകയും സംശയം തോന്നാതിരിക്കാന്‍ പല വിലാസങ്ങളിലേക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ അയപ്പിക്കുകയാണ് ചെയ്യുക എന്നാണ് ആരോപണം

We use cookies to give you the best possible experience. Learn more