ഇന്ന് മുതൽ രാജ്യത്തെ തപാൽ സേവനങ്ങൾ ഭാഗികമായി തടസ്സപ്പെടും. വേതന പ്രശ്നങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ട് തൊഴിലാളികൾ അനിശ്ചിത കാല പണിമുടക്കിൽ പ്രവേശിച്ചതാണ‍് തപാൽ സേവനങ്ങളെ ബാധിക്കുക.
തപാൽ വകുപ്പിലെ തുച്ഛവരുമാനക്കാരായ GDS (Gramin Dak Sevak) ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനുള്ള, കമലേഷ് ചന്ദ്ര കമ്മറ്റി റിപ്പോർട്ടിലെ അനുകൂല ശുപാർശകൾ നടപ്പിലാക്കുക എന്നതാണ‍് പണിമുടക്കിന‍് ആഹ്വാനം ചെയ്ത സംഘടനകളുടെ പ്രാധാനാവശ്യം. NFPE, FNPO എന്നീ സംഘടനകൾ സംയുക്തമായിട്ടാണ‍് പണിമുടക്കിന‍് നേതൃത്വം നല്കുന്നത്. ഇവർ മേഖലയിലെ പ്രമുഖ സംഘടനകൾ ആയതു കൊണ്ട് തന്നെ ഭൂരിഭാഗം തൊഴിലാളികളും പണിമുടക്കുമായി സഹകരിക്കുന്നുണ്ട്.
2016 ജനുവരി ഒന്നുമുതൽ കേന്ദ്ര സർക്കാർ ഏഴാംശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പാക്കിയപ്പോഴും തപാൽ വകുപ്പിലെ രണ്ടര ലക്ഷത്തോളം വരുന്ന ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം നടപ്പായില്ലെന്ന് തൊഴിലാളികൾ പറയുന്നു. ഈ സാഹചര്യത്തിലാണ‍് തപാൽ-ആർ.എം.എസ് ജീവനക്കാർ ഒന്നടങ്കം അനിശ്ചിതകാലം സമരം എന്ന തീരുമാനത്തിലേക്ക് നീങ്ങിയത്.
“രണ്ട് തരം ജീവനക്കാരാണ‍് തപാൽ വകുപ്പിൽ ഉള്ളത്,മുഴുവൻ സമയം ജോലി ചെയുന്ന സാധാ ജീവനക്കാരും, ഗ്രാമീണ മേഖലയിൽ നാലും അഞ്ചും മണിക്കൂർ ജോലി ചെയ്യുന്ന GDS തൊഴിലാളികൾ എന്നിങ്ങനെയാണ് രണ്ട് വിഭാഗം. ബ്രിട്ടീഷുകാരുടെ കാലം മുതലേ ഉള്ളതാണ‍് ‘ഗ്രാമീൺ ദക് സേവക്’ (GDS) എന്ന് വിളിപ്പേരുള്ള ഇത്തരം തൊഴിലാളികളുടെ നിയമനം. ഒന്നേകാൽ ലക്ഷത്തിന‍് മേലെ വരുന്ന ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളുടെ നട്ടെല്ല് എന്ന് പറയുന്നത് ഇത്തരം ജീവനക്കാരാണ‍്. എന്നാൽ സർക്കാർ ഇനിയും ഡിപ്പാർട്ട്മെന്റൽ ജീവനക്കാരായി ഇവരെ അംഗീകരിച്ചിട്ടില്ല. മറ്റ് ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ഇവർക്കില്ല. പതിനായിരം രൂപയിൽ താഴെയാണ‍് പലർക്കും ലഭിക്കുന്ന ശമ്പളം. മറ്റ് ജീവനക്കാർക്ക് ലഭിക്കുന്ന പോലെ അവധികളോ അവകാശങ്ങളോ ഇവർക്കില്ല. സ്വകാര്യ മേഖലയിൽ പോലും പ്രസവാവധി ആറ‍് മാസം നല്കണം എന്ന നിർദ്ദേശം ഉള്ളപ്പോഴും GDS ജീവനക്കാർക്ക് ലഭിക്കുന്നത് ഇപ്പോഴും വെറും മൂന്ന് മാസമാണ‍്”, NFPE കാലിക്കറ്റ് ഡിവിഷൻ സെക്രട്ടറി ആയ ജിനേഷ് പി.കെ ഡൂൾന്യൂസിനോട് പറഞ്ഞു.
ഗ്രാമീൺ ദക് സേവകന്മാരുടെ ശമ്പളം പരിഷ്കരിക്കുന്നതിന‍് വേണ്ടി 2015 നവംബറിൽ ഗവണ്മെന്റ് കമലേഷ് ചന്ദ്ര കമ്മീഷനെ നിയമിച്ചിരുന്നു. 2016 നവംബറിൽ GDS ജീവനക്കാർക്ക് അനുകൂലമായ ഒരുപാട് ശുപാർശകളുള്ള റിപ്പോർട്ട് കമ്മീഷൻ തയ്യറാക്കുകയും ചെയ്തു. തൊഴിലാളികളുടെ ഗ്രാറ്റിവിറ്റി, വേതന വർദ്ധനവ്,മറ്റ് ജീവനക്കാർക്ക് ലഭിക്കുന്നതിന‍് തുല്യമായ അവധി അനുവദിക്കണം എന്നിങ്ങനെയുള്ള ശുപാർശകളാണ‍് കമ്മീഷൻ മുന്നോട്ട് വച്ചത്. ഈ റിപ്പോർട്ട് വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള അനുമതി ലഭിച്ചതിന‍് ശേഷം കഴിഞ്ഞ ഡിസംബറിൽ ക്യാബിനറ്റിൽ വച്ചിരുന്നു. എന്നാൽ റിപ്പോർട്ട് വെച്ച് ഏഴ് കാബിനറ്റ് മീറ്റിങ്ങുകൾ കഴിഞ്ഞിട്ടും,ഈ വിഷയം ഗവണ്മെന്റ് ഇതുവരെ പരിഗണയ്കെടുത്തിട്ടില്ല. കമലേഷ് ചന്ദ്ര റിപ്പോർട്ട് കേന്ദ്ര സർക്കാർ അടിയന്തരമായി പരിഗണിക്കമെന്നാണ‍് അനിശ്ചിതകാല സമരത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.
മറ്റൊരു ആവശ്യമായി സമരാനുകൂലികൾ ഉയർത്തി കാണിക്കുന്നത് ഗ്രാമീൺ ദക് സേവക് ജീവനക്കാരുടെ മെമ്പർഷിപ്പാണ‍്. ഇവർക്ക് നിലവിൽ അംഗീകൃതമായ യൂണിയനുകളൊന്നും രാജ്യത്ത് നിലവിലില്ല. മെമ്പർഷിപ്പ് വെരിഫിക്കേഷൻ നടപടികൾ കൃത്യമായിപൂർത്തിയാക്കിയിലേ മെമ്പർമാരുടെ അംഗത്വം കാണിച്ചുകൊണ്ട് യൂണിയൻ അംഗീകൃതമാക്കാൻ സാധിക്കുകയുള്ളു.ഇതിനുള്ള നടപടികൾ എത്രയുമ്പെട്ടന്ന് കൈക്കൊള്ളുക എന്നതാണ‍് രണ്ടാമത്തെ ആവശ്യം.
ഇതുവരെ രണ്ട് ചർച്ചകളാണ‍് ജീവനക്കാരുമായി അധികൃതർ നടത്തിയത്.കഴിഞ്ഞ പതിനെട്ടാം തീയതിയും ഇന്നലെ രാവിലെ പതിനൊന്ന് മണിക്കും ചർച്ചകൾ നടന്നെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. ഇതിനെ തുടർന്നാണ‍് ജീവനക്കാർ സമരത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചത്. നാളെ നടക്കാനിരിക്കുന്ന കാബിനറ്റിൽ വിഷയം പരിഗണനയ്കെടുക്കും എന്ന പ്രതീക്ഷയിലാണ‍് ജീവനക്കാർ.