മൊബൈല്‍ ഫോണ്‍ വഴി പണമയയ്ക്കാനുള്ള സംവിധാനവുമായി തപാല്‍വകുപ്പ്
Kerala
മൊബൈല്‍ ഫോണ്‍ വഴി പണമയയ്ക്കാനുള്ള സംവിധാനവുമായി തപാല്‍വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th October 2013, 9:03 am

[]തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് രാജ്യത്തെവിടെയും മിനിട്ടുകള്‍ക്കുള്ളില്‍ പണമയയ്ക്കാനുള്ള നൂതനസംവിധാനവുമായി തപാല്‍വകുപ്പ്.

പണം തപാലോഫീസില്‍ എത്തിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ആവശ്യക്കാരന് അടുത്ത തപാലോഫീസില്‍ നിന്നും തുക കൈപ്പറ്റാം.

തപാലോഫീസില്‍ പണമടച്ച ശേഷം അയയ്ക്കുന്ന ആളിന്റെയും ലഭിക്കേണ്ട ആളിന്റെയും മൊബൈല്‍ഫോണ്‍ നമ്പറും നല്‍കണം. അപ്പോള്‍ തന്നെ പണമയയ്ക്കുന്നയാളിന്റെ നമ്പറിലേയ്ക്ക് ഒരു രഹസ്യനമ്പര്‍ സന്ദേശമായി ലഭിക്കും. അതേസമയം തന്നെ പണം ലഭിക്കേണ്ടയാളിന്റെ മൊബൈല്‍ ഫോണിലും സന്ദേശമെത്തും.

അടുത്തതായി അയയ്ക്കുന്നയാള്‍ തനിക്ക് ലഭിച്ചിരിക്കുന്ന രഹസ്യകോഡ് പണം ലഭിക്കേണ്ടയാളിനെ അറിയിക്കുക. ഈ കോഡ് അടുത്ത തപാലോഫീസില്‍ അറിയിച്ചാലുടന്‍ പണം കൈപ്പറ്റാം.

മണിയോര്‍ഡറിനെക്കാള്‍ സമയം കുറവാണെന്നതും കമ്മീഷന്‍ കുറവാണെന്നതും ഈ പദ്ധതിയെ ശ്രദ്ധേയമാക്കുന്നു.

1000 രൂപ മുതല്‍ 1500 രൂപ വരെ 45 രൂപയും 1501 മുതല്‍ 5000 രൂപ വരെ 79 രൂപയും 5001 മുതല്‍ 10,000 വരെ അയയ്ക്കാന്‍ 112 രൂപയാണ് കമ്മീഷന്‍.

മണിയോര്‍ഡറിന് 1000 രൂപയ്ക്ക് 50 രൂപയാണ്  കമ്മീഷന്‍.

എല്ലാ മുഖ്യതപാലോഫീസുകളിലും തിരഞ്ഞെടുത്ത പ്രധാന തപോലോഫീസുകളിലും അടുത്ത മാസം മുതല്‍ ഈ സംവിധാനം നിലവില്‍ വരും.