തപാല്‍ വകുപ്പിന്റെ ആദ്യ എ.ടി.എം ചെന്നൈയില്‍
India
തപാല്‍ വകുപ്പിന്റെ ആദ്യ എ.ടി.എം ചെന്നൈയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th February 2014, 8:17 am

[share]

[] ചെന്നൈ: രാജ്യത്തെ ആദ്യ പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് എ.ടി.എം ചെന്നൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

തപാല്‍ വകുപ്പിന്റെ ആദ്യ എ.ടി.എം ചെന്നൈ ടി നഗര്‍ ഹെഡ് പോസ്‌റ്റോഫീസില്‍ കേന്ദ്ര  ധനമന്ത്രി പി. ചിദംബരമാണ് ഉദ്ഘാടനം ചെയ്തത്.

പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ആറുമാസം ഹെഡ് പോസ്റ്റ് ഓഫീസിനോട് ചേര്‍ന്നാവും എ.ടി.എം പ്രവര്‍ത്തിക്കുക.

തപാല്‍ വകുപ്പിനെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് എ.ടി.എം സേവനം ആരംഭിച്ചിരിക്കുന്നത്. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുള്ളവര്‍ക്കാണ് എ.ടി.എമ്മിന്റെ പ്രയോജനം ലഭിക്കുക.

തപാല്‍ വകുപ്പിന്റെ ആധുനികവത്കരണത്തിനായി 4900 കോടി രൂപ അനുവദിച്ചിട്ടുള്ളതായി പി. ചിദംബരം പറഞ്ഞു. 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളാണ് ഒരു വര്‍ഷത്തിനുള്ളില്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധുനികവത്കരിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

ചെന്നൈയ്ക്ക് പുറമെ  ദല്‍ഹിയിലും മുംബൈയിലുമായി നാല് എടിഎമ്മുകള്‍ കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഈ വര്‍ഷവാസനത്തോടെ 1000 എ.ടി.എമ്മുകള്‍ സ്ഥാപിക്കാനാണ് തപാല്‍ വകുപ്പിന്റെ ശ്രമം.

2015ഓടെ രാജ്യവ്യാപകമായി തപാല്‍ വകുപ്പിന്റെ 2500 എ.ടി.എമ്മുകള്‍ പ്രവര്‍ത്തനം തുടങ്ങും.

രാജ്യത്തെ പോസ്റ്റ് ഓഫീസുകളെ കോര്‍ ബാങ്കിങ് സംവിധാനത്തിന് കീഴില്‍ കൊണ്ടുവരാനും തപാല്‍വകുപ്പ് തയ്യാറെടുക്കുന്നുണ്ട്.

കോര്‍ ബാങ്കിങ് സൊല്യൂഷന്‍ (സി.ബി.എസ്) സംവിധാനം നടപ്പാക്കുന്നതോടെ തപാല്‍ വകുപ്പിന്റെ ഏത് എടിഎമ്മില്‍ നിന്നും നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കും.