| Friday, 10th May 2013, 10:33 am

പോസ്റ്റ്മാന്റെ വീട്ടില്‍നിന്ന് എണ്ണായിരത്തോളം തപാല്‍ ഉരുപ്പടികള്‍ പിടിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍ : കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ കൊഴുമ്മല്‍ സബ്‌പോസ്റ്റ് ഓഫീസിലെ ഇ.ഡി. പോസ്റ്റ്മാന്‍ എം.രാമചന്ദ്രന്റെ വീട്ടില്‍നിന്ന് എണ്ണായിരത്തോളം തപാല്‍ ഉരുപ്പടികള്‍ പിടിച്ചെടുത്തു. []

പശുത്തൊഴുത്തിലും വീട്ടിനകത്തുമായി എട്ട് ചാക്കുകളില്‍ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു കത്തുകള്‍. രജിസ്‌ട്രേഡ് കത്തുകളും
ആധാര്‍ കാര്‍ഡുകള്‍, ഇന്റര്‍വ്യു കാര്‍ഡുകള്‍, പരീക്ഷാ ഹാള്‍ടിക്കറ്റ്, ബാങ്ക് അറിയിപ്പുകള്‍, ടെലിഫോണ്‍ ബില്ലുകള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ ഉപേക്ഷിച്ച കൂട്ടത്തിലുണ്ടായിരുന്നു.

പയ്യന്നൂര്‍ പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ കെ.രാഹുല്‍, മെയില്‍ ഓവര്‍സിയര്‍ കെ.ഭാസ്‌കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

ഇത് രണ്ടാംതവണയാണ് രാമചന്ദ്രന്റെ വീട്ടില്‍നിന്ന് തപാല്‍ ഉരുപ്പടികള്‍ പിടിച്ചെടുക്കുന്നത്. ഒന്നരവര്‍ഷം മുമ്പ് ഇതേരീതിയില്‍ മുറിക്കകത്തുനിന്നും പശുത്തൊഴുത്തില്‍നിന്നുമായി നാലായിരത്തോളം തപാല്‍ ഉരുപ്പടികള്‍ പിടിച്ചെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് രാമചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെങ്കിലും ഒരുവര്‍ഷം മുമ്പ് തിരിച്ചെടുത്തു.

രാവിലെ നടന്ന പരിശോധനയില്‍ നൂറോളം ആധാര്‍ കാര്‍ഡുകളാണ് കണ്ടെടുത്തത്. എന്നാല്‍, കൂടുതല്‍ കാര്‍ഡുകളുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞതിനെത്തുടര്‍ന്ന് വൈകുന്നേരത്തോടെ രാമചന്ദ്രന്റെ വീട് വീണ്ടും പരിശോധിച്ച് ഷെല്‍ഫില്‍ നിന്ന് 150 ഓളം ആധാര്‍ കാര്‍ഡുകള്‍ കൂടി കണ്ടെത്തി.

പോസ്‌റ്റോഫീസ് കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പെരളം പൊതുജന വായനശാലയിലേക്കുള്ള കത്തുകള്‍പോലും ഉപേക്ഷിച്ച കൂട്ടത്തിലുണ്ടായിരുന്നു.

പരിശോധനാ ഉദ്യോഗസ്ഥരെയും പോസ്റ്റ്മാനെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. പയ്യന്നൂര്‍ എസ്.ഐ. ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. പോസ്റ്റ് ഓഫീസ് പരിസരത്ത് സംഘര്‍ഷവുമുണ്ടായി.

We use cookies to give you the best possible experience. Learn more