ഭോപാല്‍: ഇ.വി.എം അട്ടിമറി ആരോപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് പിന്നാലെ ഭോപാലിലെ പൊലീസ് കാന്റീനില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാര്‍ക്ക് വേണ്ടി എത്തിച്ച പോസ്റ്റല്‍ ബാലറ്റുകളാണ് കാന്റീനില്‍ നിന്ന് കണ്ടെത്തിയത്.
നവംബര്‍ 18നാണ് ഭോപാലില്‍ പോസ്റ്റല്‍ ബാലറ്റ് വഴിയുള്ള തെരഞ്ഞെടുപ്പ് നടന്നത്. 4000 ത്തോളം പേപ്പര്‍ ബാലറ്റുകള്‍ പൊലീസുകാര്‍ക്കായി ഇവിടേക്ക് എത്തിച്ചിരുന്നു. വോട്ടെണ്ണലിന് മുന്‍പായി ഡിസംബര്‍ പതിനൊന്നിനകം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ എത്തേണ്ടവയാണിത്.
“വിവരം കിട്ടിയത് അനുസരിച്ച് ഹോംഗാര്‍ഡ് കാന്റീനില്‍ എത്തിയപ്പോള്‍ പോസ്റ്റല്‍ ബാലറ്റുകളുടെ മൂന്ന് എന്‍വലപ്പുകള്‍ കാന്റീനില്‍ പുറത്തു കിടക്കുന്നത് കണ്ടു. ഇതുപോലെ 250 ലധികം എന്‍വലപ്പുകള്‍ കൂടി ഉള്ളില്‍ ശ്രദ്ധിക്കാതെ കിടക്കുന്നുണ്ടായിരുന്നു” കോണ്‍ഗ്രസ് നേതാവ് കൃഷ്ണ ഖട്ട്‌ഗെ ന്യൂസ് 18 നോട് പറഞ്ഞു.
കണ്ടെടുത്ത ചില എന്‍വലപ്പുകള്‍ തുറന്നു കിടക്കുകയായിരുന്നുവെന്ന് ഭോപാല്‍ സൗത്ത് വെസ്റ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.സി ശര്‍മ്മ പറഞ്ഞു.
മൂന്നു ദിവസമായി കാന്റീനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പോസ്റ്റല്‍ ബാലറ്റുകളെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ഖട്ട്‌ഗെ പറഞ്ഞു. സംഭവത്തില്‍ ഭോപാല്‍ ജില്ലാ കളക്ടറും ജില്ലാ റിട്ടേണിങ് ഓഫീസര്‍ സുധാമ ഖാദെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
നിലവില്‍ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. പോളിങ് ഓഫീസറെ ഇ.വി.എമ്മുമായി വോട്ടിങ്ങിന്റെ തലേന്ന് ഹോട്ടല്‍ മുറിയില്‍ കണ്ടതാണ് ഇതിലാദ്യത്തേത്. പിന്നീട് വോട്ടെടുപ്പ് ദിവസം നിരവധി ഇ.വി.എമ്മുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. സത്‌നയിലായിരുന്നു ഏറ്റവും കൂടുതല്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സാഗര്‍, ഖണ്ഡ്വാ, ഷഹ്‌ദോള്‍, എന്നിവിടങ്ങളില്‍ ഇ.വി.എം മെഷീനുകള്‍ വോട്ടെടുപ്പ് നടന്ന രണ്ടും മൂന്നും ദിവസം കഴിഞ്ഞ് എത്തിയ സംഭവമുണ്ടായിരുന്നു. ഇതിനിടെ ഭോപാലില്‍ ഇ.വി.എം സൂക്ഷിച്ച സ്‌ട്രോങ് റൂമില്‍ വൈദ്യുതി പോവുകയും വോട്ടിങ് മെഷീനുകളെ ലൈവായി കാണിച്ചുകൊണ്ടിരുന്ന എല്‍.ഈ.ഡി സ്‌ക്രീനുകള്‍ ഓഫാവുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവിലായി ഇന്നലെ സത്‌നയില്‍ സ്‌ട്രോങ്ങ് റൂമില്‍ എസ്.യു.വി വാഹനം വന്നിടിച്ച സംഭവമുണ്ടായിരുന്നു.