ബംഗാളില്‍ ബി.ജെ.പി പിടിച്ചെടുത്ത തൃണമൂല്‍ ഓഫീസ് തിരിച്ചുപിടിച്ചു; കാവി മായ്ച്ച് ചുമരില്‍ പാര്‍ട്ടി ചിഹ്നം വരച്ച് മമത
national news
ബംഗാളില്‍ ബി.ജെ.പി പിടിച്ചെടുത്ത തൃണമൂല്‍ ഓഫീസ് തിരിച്ചുപിടിച്ചു; കാവി മായ്ച്ച് ചുമരില്‍ പാര്‍ട്ടി ചിഹ്നം വരച്ച് മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2019, 11:04 am

കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പിയ്ക്കും തൃണമൂലിനുമിടയില്‍ പാര്‍ട്ടി ഓഫീസുകള്‍ പിടിച്ചെടുക്കുന്നതും തിരിച്ചുപിടിക്കുന്നതും തുടരുന്നു. മെയ് 30ന് 24 പര്‍ഗാനയിലെ നയ്ഹാതിയിലെത്തിയ മമത ബാനര്‍ജി ബി.ജെ.പി കയ്യേറിയ തൃണമൂല്‍ ഓഫീസ് തിരിച്ചുപിടിക്കുന്നതിന് നേതൃത്വം നല്‍കി. കാവിപെയിന്റടിച്ച് പാര്‍ട്ടി ഓഫീസിന്റെ ചുമരില്‍ പെയിന്റ് ഉപയോഗിച്ച് തൃണമൂല്‍ ചിത്രം വരച്ചാണ് മമത മടങ്ങിയത്.

ബാരക്ക്പൂരില്‍ തൃണമൂല്‍ നേതാവായ ദിനേശ് ത്രിവേദിയെ പരാജയപ്പെടുത്തി എം.പിയായ അര്‍ജുന്‍ സിങിന്റെ അനുയായികളാണ് തൃണമൂലിന്റെ ഓഫീസ് കയ്യേറിയത്. ബംഗാളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം നിരവധി തൃണമൂല്‍ ഓഫീസുകള്‍ കാവിപെയിന്റടിച്ച് ബി.ജെ.പി പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെയ് 28ന് ശേഷം മുകുള്‍ റോയിയുടെ മകന്‍ സുഭ്രാംഗ്ഷു റോയ് ഉള്‍പ്പെടെയുള്ള തൃണമൂല്‍ എം.എല്‍.എമാരും 63 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപിടിക്കാന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെ ബംഗാളില്‍ ആര്‍.എസ്.എസിനെ പ്രതിരോധിക്കാന്‍ ‘ബംഗ ജനനി ബാഹിനി’, ‘ജയ്ഹിന്ദ് ബാഹിനി’ എന്നീ സംഘടനകളും തൃണമൂല്‍ രൂപീകരിച്ചിരുന്നു.