അഗര്‍ത്തല: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ത്രിപുരയില്‍ ബി.ജെ.പി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ അക്രമമഴിച്ചുവിടുകയാണെന്ന് സി.പി.ഐ.എമ്മും കോണ്‍ഗ്രസും. വോട്ടെണ്ണല്‍ ദിവസം പ്രതിപക്ഷ പാര്‍ട്ടികളുടെ കൗണ്ടിങ് ഏജന്റുമാരെ ആക്രമിച്ചുകൊണ്ട് ബി.ജെ.പി തുടക്കമിട്ട അക്രമ പരമ്പരങ്ങള്‍ ഇപ്പോഴും തുടരുകയാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
രണ്ട് വ്യത്യസ്ത വാര്‍ത്താസമ്മേളനങ്ങളിലായി ഇടതു മുന്നണി കണ്‍വീനര്‍ ബിജാന്‍ ധറും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രാഡ്യോട്ട് കിഷോര്‍ ദെബര്‍മ്മയുമാണ് ആരോപണമുന്നയിച്ചത്.
ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അക്രമികള്‍ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും കടകളും പാര്‍ട്ടി ഓഫീസുകളും ലക്ഷ്യമിടുകയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ 30 വീടുകളും ഓഫീസുകളും കത്തിച്ചിട്ടുണ്ട്. 150ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 23 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 64 പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റു ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും അക്രമ പരമ്പരകള്‍ തുടരുകയാണ്.