| Saturday, 2nd October 2021, 4:07 pm

ഏത് സ്ഥാനത്തിരുന്നാലും രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പമുണ്ടാകും: നവ്‌ജ്യോത് സിംഗ് സിദ്ദു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: പഞ്ചാബില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരവെ നിലപാട് പ്രഖ്യാപിച്ച് മുന്‍ പി.സി.സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. സ്ഥാനമാനങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കുമൊപ്പം നിലകൊള്ളുമെന്ന് സിദ്ദു പറഞ്ഞു.

‘മഹാത്മാ ഗാന്ധിയുടേയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടേയും തത്വങ്ങള്‍ ഉയര്‍ത്തിപിടിക്കും. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം നിലകൊള്ളും,’ സിദ്ദു പറഞ്ഞു.

ചൊവ്വാഴ്ചയാണ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്.

ഏറെ വിവാദങ്ങള്‍ക്കിടയിലാണ് കോണ്‍ഗ്രസ് നേതൃത്വം സിദ്ദുവിനെ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സിദ്ദുവിന്റെ അധ്യക്ഷസ്ഥാനത്തെ എതിര്‍ത്തിരുന്നു.

അതേസമയം അടുത്ത പതിനഞ്ച് ദിവസത്തിനുള്ളില്‍ അമരീന്ദര്‍ സിംഗ് ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അമരീന്ദര്‍ സിംഗുമായി പത്തോളം കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെടുന്നുണ്ടെന്നും പഞ്ചാബിലെ ചില കര്‍ഷക നേതാക്കളെയും അമരീന്ദര്‍ കാണാനിടയുണ്ടെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ തുടരില്ലെന്ന കാര്യം കഴിഞ്ഞ ദിവസം അമരീന്ദര്‍ വെളിപ്പെടുത്തിയിരുന്നു. ഇതുവരെ കോണ്‍ഗ്രസുകാരനാണ് പക്ഷേ കോണ്‍ഗ്രസില്‍ താന്‍ തുടരില്ല എന്നായിരുന്നു അമരീന്ദര്‍ പറഞ്ഞത്.

” ഞാന്‍ 52 കൊല്ലമായി രാഷ്ട്രീയത്തില്‍. രാവിലെ 10.30 ന് കോണ്‍ഗ്രസ് പ്രസിഡന്റ് പറയുന്നു രാജി വെക്കാന്‍. ഞാന്‍ ഒരു ചോദ്യവും ചോദിച്ചില്ല. വൈകീട്ട് 4 മണിക്ക് ഞാന്‍ ഗവര്‍ണറുടെ അടുത്തേക്ക് പോയി രാജി വെച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയായിരുന്നു അമരീന്ദറിനോട് പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇനിയും അപമാനം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞാണ് അമരീന്ദര്‍ രാജിവെച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Post or no post, will stand by Rahul and Priyanka Gandhi, says Navjot Singh Sidhu

We use cookies to give you the best possible experience. Learn more