| Monday, 24th July 2017, 7:04 pm

പൊലീസ് പ്രതിരോധത്തില്‍; വിനായകന്റെ ശരീരത്തില്‍ ക്രൂരമര്‍ദ്ദനത്തിന്റെ പാടുകളുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: വാടാനപ്പള്ളി സ്വദേശി വിനായകന്റെ ശരീരത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റതിന്റെ പാടുകളുള്ളതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു വിനായകന്‍.

വിനായകന്റെ ശരീരത്തില്‍ ബൂട്ടിട്ട് മര്‍ദ്ദിച്ചതിന്റെ പാടുകളുണ്ടെന്നും ശരീരത്തിന്റെ പല ഭാഗങ്ങളിലും മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിനായകന്റെ മരണത്തിന് പിന്നാലെ പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനെതിരെ വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിനെ ശക്തിപ്പെടുത്തുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

വിനായകന്റെ ആത്മഹത്യ പൊലീസിന്റെ കൊലപാതകമാണെന്ന് ഫെയ്‌സ്ബുക്കില്‍ ക്യാമ്പയിന്‍ ശക്തമാകുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നത്. കാലിലും മാറിടത്തും മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം വിനായകന്റെ മരണത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് സംഘടിപ്പിക്കും. ആഗസ്റ്റ് രണ്ടിന് രാവിലെ 10 മണിക്ക് തൃശൂര്‍ ഐ.ജി ഓഫീസിലേക്കാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.


Also Read:  ‘തനിക്കത് പറഞ്ഞാല്‍ മനസിലാകില്ലെടോ’; ഫൈനലില്‍ പൊരുതി തോറ്റ പെണ്‍പടയെ അഭിനന്ദിച്ച സെവാഗിനെ പിന്നില്‍ നിന്ന് കുത്തി വീണ്ടും മോര്‍ഗണ്‍; വായടപ്പിച്ച് വീരുവിന്റെ മറുപടി


പാവറട്ടി പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പൊലീസുകാര്‍ക്കെതിരെയും കേസ് ചാര്‍ജ് ചെയ്ത് അവരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കുക, പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുള്ള ജാതീയ വിവേചനങ്ങള്‍ അവസാനിപ്പിക്കുക, വിനായകന് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

ജൂലൈ 17നാണ് വിനായകന്‍ എന്ന ദളിത് യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തത്. സുഹൃത്തായ ഒരു പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് വിനായകനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കസ്റ്റഡിയില്‍വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് വിനായകന്‍ ആത്മഹത്യ ചെയ്തത്.

ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചെന്നാണ് വിനായകന്റെ സുഹൃത്തുക്കള്‍ പറയുന്നത്.

നെഞ്ചില്‍ ഇടിച്ച ശേഷം മുലഞെട്ടുകള്‍ രണ്ടും ഞെരടിപ്പൊട്ടിച്ചു. വേദന കൊണ്ട് കരഞ്ഞ വിനായകന്റെ ലിംഗത്തില്‍ മര്‍ദ്ദിച്ചെന്നും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ ഇത്രയും ദിവസമായിട്ടും കേസെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more